തൃശൂര്‍: പരമ്പരാഗത തൊഴിലാളികളായ വിശ്വകര്‍മജരെ ഇഎസ്ഐ സ്കീമില്‍ ഉള്‍പ്പെടുത്തി ചികിത്സാചെലവുകള്‍ തിരികെ നല്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇതിനായി ഇഎസ്ഐ സ്കീമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള വിശ്വകര്‍മ്മസഭയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനം നല്കാന് ഉദ്ദേശിച്ച് ആരംഭിക്കുന്ന സംജ്ഞ കരിയര്‍ ഗൈഡന്‍സിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മ്മജര്‍ക്ക് അനുവദിച്ച വാര്‍ധക്യകാല പെന്ഷന് ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ മൂവായിരം രൂപയാക്കി ഉയര്‍ത്തണമെന്ന കേരള വിശ്വകര്‍മ്മസഭയുടെ ആവശ്യം ന്യായമാണെന്നും ഇത് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള വിശ്വകര്‍മ്മസഭ ആവിഷ്കരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കാന് ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പുതിയ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംജ്ഞ കരിയര്‍ ഗൈഡന്‍സിന് വേണ്ടി തയ്യാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനകര്‍മ്മം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. കേരള വിശ്വകര്‍മ്മസഭ പ്രസിഡന്റ് അഡ്വ. പി.ആര്.ദേവദാസ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ തൊഴില്‍ദിനമായ സെപ്തംബര്‍ 17 ദേശീയ അവധിയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പിഎസ്സി അംഗം കെ.വി. അരുണന്, സഭ ജനറല്‍ സെക്രട്ടറി പി.പി. കൃഷ്ണന്, ട്രഷറര്‍ വി. രാജപ്പന്, പി. വാമദേവന്, ജി. ജനാര്ദ്ദനന്, പി. വേലായുധന്, കെ. മുരളീധരന്, വി.എസ്. ഗോപാലകൃഷ്ണന്, കാവില്‍ ചിദംബരനാഥ്, പുരുഷോത്തമന് വി.എ, അപ്സലന്‍, ചിത്ര സോമന്, എ.വി. കൃഷ്ണന്, ചെല്ലപ്പന് ആചാരി, ശ്രീധരന് ആചാരി, കെ.പി. അപ്പുക്കുട്ടി, വത്സലന്‍, വത്സാ അപ്പുക്കുട്ടന്, ശാരദാ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: