പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളേയും മറ്റു അനുബന്ധ സങ്കേതങ്ങളേയും കാവുകളേയും മലകളേയും പ്രതികൂലമായി ബാധിക്കുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രോപദേശകസമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആറന്മുള ക്ഷേത്രത്തിന്റെ കാവല്‍ മലകളായ ഇടപ്പാറമല, കനകകുന്ന്മല, പുലിക്കുന്ന് മല, കടപ്രമല എന്നിവയുടെയുള്ളില്‍ വരുന്ന വിസ്തൃതമായ ഭൂപ്രദേശം ക്ഷേത്തിന്റെ ഭാഗമായിതന്നെയാണ് കണക്കാക്കുന്നത്. ആറന്മുള ക്ഷേത്രത്തിന്റെ ദൈനംദിന ആചാരവുമായി ബന്ധമുള്ള കണ്ണങ്ങാട്ട് മഠം പദ്ധതി പ്രദേശത്തിനുള്ളിലാണ്. തിരുവാറന്മുളയപ്പന് അന്തിയുറങ്ങുന്നത് കണ്ണങ്ങാട്ട് മഠത്തിലാണെന്നാണ് വിശ്വാസം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ സൂചനയുള്ള കണ്ണങ്ങാട്ട് മഠത്തിലാണ് ക്ഷേത്രത്തിലെ ചോതി അളവ് നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും മലയരയന്മാരുടേയും ഉടമസ്ഥതയിലുള്ള രണ്ട് കാവുകളും കണ്ണങ്ങാട്ട് മഠത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണ്ണങ്ങാട്ട് മഠം നിലനിര്‍ത്തി ഒരു വിമാനത്താവളം അസാദ്ധ്യമാണ്. അതിനാല്‍ മഠത്തിന്റെ സംരക്ഷണം ഭക്തജനങ്ങളുടെ ധര്‍മ്മമാണ്. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാഞ്ഞിരവേലി ധര്‍മ്മശാസ്താ ക്ഷേത്രം, അരിങ്ങോട്ട് കാവ്, തെച്ചിക്കാവ് , പള്ളിമുക്കം ദേവീ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും പദ്ധതി പ്രദേശത്തിനുള്ളിലാണ്. ആറന്മുള ക്ഷേത്രത്തിന്റെ ഭൂമിയായി ആധാരമുള്ളതും, ആചാരവുമായി ബന്ധമുള്ളതുമായ തെച്ചിക്കാവ് പദ്ധതിയുടെ റണ്‍വേയിലാണ് സ്ഥിതി ചെയ്യുന്നത്. ആരാധനാലയങ്ങള്‍ ഒന്നുംതന്നെ നശിപ്പിക്കില്ല എന്നു പറയുന്ന കെജിഎസ് മേല്‍പ്പറഞ്ഞ ആരാധനാലയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് വിമാനത്താവളം പണിയാന്‍ പോകുന്നത് എന്ന് വ്യക്തമാക്കണം. ആറന്മുള ക്ഷേത്രത്തിന്റെ കൊടിമരം വിമാനങ്ങളുടെ പറക്കലിന് തടസ്സമാകും എന്നതിനാല്‍ റണ്‍വേയുടെ ദിശമാറ്റിയതായി കെജിഎസ് ഗ്രുപ്പ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റണ്‍വേയുടെ ദിശ ഏതുഭാഗത്തേക്കാണ് മാറ്റിയതെന്ന് ഭക്തജനങ്ങളെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ല.
പമ്പാനദിയുടെ പ്രധാന കൈവഴിയായ കോഴിത്തോട് മണ്ണിട്ട് മൂടിയതിനാല്‍ ഇപ്പോള്‍തന്നെ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന്റേയും, വേനല്‍ക്കാലത്ത് വരള്‍ച്ചയുടേയും ഭീഷണി നിലനില്‍ക്കുന്നുണ്ട്. തോടുകളും, നീര്‍ത്തടങ്ങളും നികത്തി വിമാനത്താവളം നിര്‍മ്മിച്ചാല്‍ വള്ളംകളിയും ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മറ്റും വിസ്മൃതിയിലാവുന്ന അവസ്ഥയുണ്ടാവും. വിമാനത്താവളം വരുന്നത് മൂലം തെക്കേമുറി, തെക്കേമുറി കിഴക്ക് എന്നീ കരകള്‍ പൂര്‍ണ്ണമായും ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക് , മല്ലപ്പുഴശ്ശേരി, എന്നീ കരകള്‍ ഭാഗീകമായും നഷ്ടപ്പെടും. വിമാനത്താവളം ആറന്മുള വള്ളംകളിയെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമുള്ളതിനാലാണ് ക്ഷേത്രോപദേശകസമിതി പദ്ധതിയെ എതിര്‍ക്കുന്നത്. ക്ഷേത്രത്തിലേക്ക് നിത്യം നെല്ല് എത്തിച്ചു കൊടുക്കുന്ന പുരാതന കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായ പുത്തരിക്കണ്ടം പദ്ധതി വരുന്നതോടെ പൂര്‍ണ്ണമായും ഇല്ലാതാവും. നെല്‍വയലുകളും നീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും ക്ഷേത്ര സങ്കേതങ്ങളായ കാവുകളും കുളങ്ങളും മലകളും നശിപ്പിച്ചുകൊണ്ടും ഭക്തജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടും ആറന്മുളയില് തന്നെ വിമാനത്താവളം പണിയണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് കെജിഎസും സര്‍ക്കാരും വ്യക്തമാക്കണമെന്നും ക്ഷേത്രോപദേശകസമിതി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ശശിധരന്‍നായര്‍, വിജയമ്മ എസ്.പിള്ള, റ്റി.എന്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: