കോഴിക്കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയും ഹൈക്കമാന്‍ഡും പറഞ്ഞാല്‍ അനുസരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കുന്ന, പാര്‍ട്ടിയോട് വിധേയത്വമുള്ള ഒരു പ്രവര്ത്തകന് മാത്രമാണ് താന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനം മാറി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പറയുകയാണെങ്കില്‍ അത് അനുസരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി തീരുമാനിക്കേണ്ടതും തീരുമാനം അറിയിക്കേണ്ടതും മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ പ്രസംഗത്തില്‍ രാഷ്ട്രീയമായി ഒന്നും തന്നെയില്ല. വ്യക്തിപരമായി തനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്രത്തോളം പ്രകോപിതനായി സംസാരിക്കാന്‍ പാടില്ല. പാര്‍ട്ടിയുടെ അണികളുടെ മനോവീര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ പാര്‍ട്ടിയുടെ നിലാപാടുകളില്‍ അമര്ഷമുള്ളവരായി മാറിക്കൊണ്ടിരിക്കുകയാണ്. അവരുടെ മനോവീര്യം വീണ്ടെടുക്കുന്നതിനുള്ള വിഫലശ്രമമാണിത്. ആക്രോശങ്ങള്‍ കൊണ്ട് സത്യത്തെ മൂടിവയ്ക്കാന്‍ സാധിക്കുകയില്ല.
അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിടാനുള്ള ആര്‍ജ്ജവമാണ് പിണറായി വിജയന് കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: