ആലപ്പുഴ: സുവര്‍ണനാരായ കയറിന് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാര്‍ കുറയുന്നു. എന്നാല്‍ പാഴ്വസ്തുവായി നമ്മള് ഉപേക്ഷിക്കുന്ന ചകിരിച്ചോറിന്റെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചു. കയര്‍മേഖലയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോഴും കയറ്റുമതിയില്‍ കയറിന് തിരിച്ചടി നേരിടുകയാണ്. ആഭ്യന്തരവിപണി ശക്തിപ്പെടുത്തിയില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും കയര്‍മേഖല വരുംനാളുകളില്‍ നേരിടുക.
ചകിരിച്ചോര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 48.52 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. ചകിരി കയറ്റുമതിയിലും വര്‍ധനവുണ്ടായി. 18 ശതമാനം വര്‍ധനവാണ് ചകിരി കയറ്റുമതിയിലുണ്ടായത്. എന്നാല്‍ കയര്‍ യാണ് കയറ്റുമതിയില്‍ 24 ശതമാനത്തിന്റെ കുറവാണുണ്ടായത്. കയറ്റുപായ, തടുക്ക് എന്നിവയിലൊക്കെത്തന്നെ വന്‍ ഇടിവുണ്ടായി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 429500.92 മെട്രിക് ടണ്‍ കയറ്റുമതിയാണ് കയര്‍ രംഗത്തുണ്ടായത്. 1116.02 കോടിയാണ് വരുമാനം. 2011-12 കാലയളവില്‍ 1052.54 കോടിയുടെ കയറ്റുമതിയാണ് നടന്നത്. ആറ് ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഇതില്‍ ഗണ്യമായ നേട്ടമുണ്ടാക്കിയത് ചകിരിയും ചകിരിച്ചോറിന്റെയും കയറ്റുമതിയാണ്.
കയര്‍ ഭൂവസ്ത്ര മേഖലയും വന്‍ തിരിച്ചടി നേരിട്ടു. കയറ്റുമതിയില്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. 3680.91 മെട്രിക് ടണ്ണിന്റെ കയറ്റുമതിയാണ് 2011-12 കാലയളവില്‍ നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3597.30 മെട്രിക് ടണ്ണിന്റെ കയറ്റുമതി മാത്രമാണുണ്ടായത്. ടഫ്റ്റഡ് കയറ്റുപായയുടെ കയറ്റുമതിയും വര്‍ധിച്ചു. എന്നാല്‍ കാര്‍പ്പറ്റ്, കയറ്റുപായ, കയര്‍ റോപ്പ് എന്നിവയുടെ കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി. ടഫ്റ്റഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 8.68 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തരമേഖലയില് ഏറെ പ്രിയങ്കരമായിരുന്ന പരമ്പരാഗത കയറുത്പന്നങ്ങള്‍ക്ക് പഴയ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 112 രാജ്യങ്ങളിലേക്കാണ് കയര്‍, കയറുത്പന്നങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നത്. അമേരിക്കയും ചൈനയുമാണ് പ്രധാന ഉപഭോക്താക്കള്‍.
എന്നാല്‍ ലണ്ടന്‍, ആസ്ട്രേലിയ, നെതര്‍ലാന്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി. ചകിരിച്ചോര്‍ എഴുപതിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ആഭ്യന്തരവിപണി കൂടുതല്‍ സജീവമാക്കിയില്ലെങ്കില്‍ പരമ്പരാഗത കയറുത്പന്നമേഖല വന്‍തിരിച്ചടിയാകും നേരിടുകയെന്ന് കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: