തിരുവല്ല : സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി വി.എസ് വീണ്ടും രംഗത്ത്. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ ജയിച്ചത് താന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണെന്നും ദേവികുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം എന്നെയാണ് ചുമതലപ്പെടുത്തിയതെന്നുമുള്ള വി.എസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് തന്നെ നിസ്സാരക്കാരനായി കാണാന്‍ കഴിയില്ലെന്ന താക്കീതാണ് . ആദ്യ പ്രോടൈം സ്പീക്കറായിരുന്ന റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനത്തില് കുന്നന്താനം പാമലയിലെ വീട്ടിലെത്തി യ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിന്റെ ഈ പ്രസ്താവന ഔദ്യോഗിക പക്ഷത്തിന് നേരേയുള്ള വെല്ലുവിളികൂടിയാണ്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന അജയകുമാര്ഘോഷിന്റെ നിര്‍ദ്ദേശ പ്രകാരം ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ റോസമ്മ പുന്നൂസിനൊപ്പം നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തി. ഇതിന്റെ ഫലമായി റോസമ്മ പുന്നൂസ് വന്‍ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
ഇത് റോസമ്മ പുന്നൂസടക്കം മറ്റ് പ്രമുഖ നേതാക്കള്ക്കറിവുള്ളതാണെന്നും വിഎസ് വ്യക്തമാക്കി. വി.എസിന്റെ സന്തത സഹചാരികളായ മൂവര്‍ സംഘത്തെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിവീഴ്ത്തിയതിലുള്ള രോഷവും പിണറായിക്കെതിരെയുള്ള വ്യക്തമായ താക്കീതുമാണിത്. കവയത്രി സുഗതകുമാരി, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സി.കെ.ചന്ദ്രാനന്ദന്‍, കാനം രാജേന്ദ്രന്, എംഎല്‍എ മാത്യു ടി തോമസ് എന്നിവരും വി.എസിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: