കുട്ടിക്കാല ലോകത്തില്‍ കാലം വളരെ നീണ്ടതാണ്. പക്ഷേ നിനച്ചിരിക്കാതെ മിനിട്ടുകള്‍ പോലെ അത് കബളിപ്പിച്ച് കടന്നു പോകും. അവധിക്കാലവും അങ്ങനെയാണ്. തുടങ്ങുമ്പോള്‍ വളരെ നീണ്ട ഒരു കാലം. എന്നാല്‍ കണ്ണടച്ചുതുറക്കും മുമ്പ് അത് അവസാനിക്കും. ദാ ഒരവധിക്കാലം കൂടി കടന്നു പോകുന്നു. ഈ അവധിക്കാലത്ത് കുട്ടികള്‍ മരങ്ങളുടെ തണലില്‍ ഓടിക്കളിച്ചിരുന്നോ, മഴയേയും നിലാവിനെയും അവര്‍ സ്നേഹിക്കുന്നുണ്ടോ..അറിയില്ല. ശുദ്ധഭാവന നിറഞ്ഞ } പ്രകൃതി മനോഹാരിത ആസ്വദിക്കുന്ന അവധിക്കാലം അവര്‍ അറിഞ്ഞിരിക്കില്ല. രാത്രിയിലെ കുറ്റാകൂരിരിട്ടും പാല്‍നിലാവും ആരെങ്കിലും കണ്ടിരുന്നോ..വൈദ്യുതിവെളിച്ചത്തിന്റെ കൃത്രിമവെളിച്ചത്തില്‍ ചിതറിപ്പോകുന്ന നിലാവായിരുന്നില്ല പണ്ട്. മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന വഴിവിളക്കുകള്‍ അണയുമ്പോള്‍ പരന്നൊഴുകുന്ന നിലാവിനെ എങ്ങനെ വിശേഷിപ്പിക്കണം…ആ പാല്‍വെളിച്ചവും കറുത്തിരുണ്ട രാത്രിയും നോക്കിയിരിക്കുമ്പോള്‍ ജീവിതത്തില്‍ ഇനിയൊന്നും വേണ്ടെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ കുട്ടികളെ പേടിപ്പിക്കാന്‍ ഇപ്പോള്‍ കുറ്റാക്കൂരിരുട്ടില്ല, സന്തോഷിപ്പിക്കാന്‍ നിലാവും..
ഒരു മിനിട്ടുപോലും പാഴാക്കരുതെന്ന മനോഭാവത്തോടെ കുറിച്ചുവച്ച സമയക്രമവുമായാണ് നഗരങ്ങളില്‍ കുട്ടികള്‍ അവധിക്കാലത്തേക്ക് കടന്നതുതന്നെ. വെക്കേഷന് ക്ലാസുകളില്‍ നിന്ന് നേരെ കമ്പ്യൂട്ടറിന്റെയും ടിവിയുടെയും മുന്നില്‍. നാട്ടിന് പുറങ്ങളെയും നഗരം വിഴുങ്ങുകയാണ്. കുറച്ചു കൂടി കഴിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി. പുതിയ ജീവിത പശ്ചാത്തലത്തില്‍ പുതിയ തലമുറയോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോ. എവിടെയും കടുത്ത മത്സരമാണ്. എന്തെല്ലാം പഠിക്കണം, എത്ര പരീക്ഷ എഴുതിയാല്‍ ഒരു ജോലി കിട്ടും..ആശങ്കയാണ് എല്ലാവര്ക്കും. കുട്ടികളെ അവധിക്കാലത്ത് യഥേഷ്ടം തുറന്നു വിടൂ എന്ന് മാതാപിതാക്കളോട് ഒരിക്കലും പറയാന്‍ സാധിക്കില്ല. പഠനവും മത്സരവുമാണ് മുന്നില്‍. തോറ്റു പോകുന്നവന് തിരസ്കൃതനാകുമെന്ന പേടിയും.
ഒരു അവധിക്കാലം കൂടി കഴിയുമ്പോള്‍
ഒറ്റക്കൊരു കുട്ടിയുടെ ബാല്യം ഓര്‍ത്തുപോകുന്നു. പാലക്കാട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ വക്കില്‍ ഇരുഭാഗത്തും പാടങ്ങളും മുന്നില്‍ മണ്പാതയുമായൊരു വീട്. അയല്പക്കം നന്നേ കുറവ്. വിശാലമായ പുരയിടം. ശരിക്കും ഗ്രാമത്തിന് പുറത്തെ വീട്. കളിക്കാന്‍ സമപ്രായക്കാരില്ലാതെ അവധിക്കാലം ചെലവഴിക്കുന്ന ഏകാന്ത ബാല്യമായിരുന്നു എന്റേത്. കല്ലിനെയും പുല്ലിനെയും കൂട്ടുപിടിക്കണം കളിക്കാന്‍. കൊത്തംകല്ല് കളിക്കാന്‍ കൂടുമോ എന്ന് ചോദിച്ച് പതിനാറ് വയസിന് മൂത്ത ചേച്ചിയുടെ പിന്നാലെ ആറ് വയസുകാരി.
പനയോല കൊണ്ട് കാറ്റാടി നിര്‍മ്മിച്ച് അതുമായി ഓടിയും തൊടിയിലും പറമ്പിലും കറങ്ങിയുമാണ് അവധിക്കാലം ചെലവഴിച്ചിരുന്നത്.
ഒമ്പത് വയസുവരെ സ്കൂളിലേക്ക് പോയിട്ടേയില്ല. അടുത്തെങ്ങും സ്കൂളില്ല. ഏറെ ദൂരെയള്ള സ്കൂളില്‍ കൊണ്ടാക്കാനും തിരികെ കൂട്ടിക്കൊണ്ടുകൊണ്ടുവരാനും ആരുമില്ല. ഏട്ടന്റെ കൂടെ കുറച്ചുനാള്‍ മധുരയില്‍ താമസിച്ചിരുന്നു. പനംപട്ട കൊണ്ട് മറച്ച സ്കൂളില്‍ ജോസഫ് മാഷ് വരഞ്ഞുതന്ന തമിഴ് അക്ഷരങ്ങളാണ് ആദ്യം പഠിച്ചത്. അവിടെയും ഇവിടെയുമായി പഠിച്ച ആ ആദ്യാക്ഷരങ്ങള്‍ തമിഴ് വായനയെ ഇന്നും സഹായിക്കുന്നു. അന്ന് പഠനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ തമിഴ് എത്ര നന്നായി വഴങ്ങിയേനേ. പിന്നീട് ഒമ്പത് വയസുവരെ സ്കൂളിന്റെ പടി കണ്ടില്ല. അതുകൊണ്ടുതന്നെ ആ പ്രായം വരെ എനിക്കെന്നും അവധിക്കാലമായിരുന്നു. എന്നിട്ടും അക്ഷരങ്ങളൊക്കെ പഠിച്ച് നുള്ളിപ്പെറുക്കി വായന തുടങ്ങിയിരുന്നു. നാലാം ക്ലാസിന്റെ അവസാന ടേമിലായിരുന്നു ആദ്യമായി സ്കൂളിലെത്തിയത്.
എഴുത്തിനിരുത്തുന്നതിന് മുമ്പ് അത്യാവശ്യം നന്നായി തന്നെ വായന തുടങ്ങിക്കഴഞ്ഞു. ഒപ്പം കളിക്കാന്‍ കൂടുന്ന അമ്മ ഈര്‍ക്കില്‍ കൊണ്ട് അക്ഷരങ്ങളുണ്ടാക്കി. അങ്ങനെ കണ്ടും കേട്ടും ചോദിച്ചുമാണ് അക്ഷരങ്ങള്‍ പഠിച്ചത്.
അസൗകര്യങ്ങള്‍ കാരണം സ്കൂളിലെത്താന്‍ വൈകിയത് ഒരുവിധത്തില്‍ സൗഭാഗ്യമായി. വിശാലമായ പറമ്പില്‍ പാമ്പിനെയും പക്ഷിയേയും പഴുതാരയേയും നോക്കിനിന്ന് സമയം പോകുന്നതറിയില്ല. അതൊരു പ്രകൃതി നിരീക്ഷണമായിരുന്നു, ചെറിയ കുട്ടികള്‍ കൂട്ടില്ലാത്തതിനാല്‍ ഇടയ്ക്ക് ട്യൂഷനെടുക്കാന്‍ വന്ന ടീച്ചറുമായി കളി തുടങ്ങി. ആറ് വയസുകാരിയും പതിനഞ്ചുകാരി പാറുക്കുട്ടി ടീച്ചറും അങ്ങനെ കൂട്ടുകൂടി പറമ്പില്‍ അലക്ഷ്യമായി ചുറ്റിക്കറങ്ങി. ബാലൃകാല സുഹൃത്തുക്കളും അവരൊത്തുള്ള കളികളും വഴക്കും ബഹളവുമില്ലാഞ്ഞതിനാല് അതിജീവനത്തിന്റെ പാഠങ്ങള്‍ ഒട്ടും പഠിച്ചിട്ടില്ല. അതിന്നും തുടരുന്നു.
എന്തായാലും സ്കൂളില്‍ ചേര്‍ന്നതിന് ശേഷമാണ് അവധിക്കാലത്തിന്റെ വില ശരിക്കും മനസ്സിലാക്കിയത്. വിഷുവിന്റെ ഓര്‍മ്മയായിരുന്നു ഏപ്രില്‍. മെയ് മഴയുടെയും. ഇടിയും മഴയുമായി മഴതകര്‍ത്തു തുടങ്ങുമ്പോള്‍ അവധിക്കാലം അവസാനിക്കും. ഏകാന്തവും ഒപ്പം സമ്പുഷ്ടവുമായിരുന്നു ആ അവധിക്കാലങ്ങള്‍.
പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു ഏട്ടനുമായി. കുഞ്ഞുപെങ്ങളെ ഏറെ വാത്സല്യത്തോടെയായിരുന്നു ഏട്ടന് എന്നും കണ്ടിരുന്നത്. ഒരുപാട് കഥകള്‍ പറഞ്ഞുതന്നു. എനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിത്തന്നിരുന്ന ഏകവ്യക്തി ഏട്ടന് മാത്രമായിരുന്നു. പക്ഷേ ഏട്ടന് വീട്ടില്‍ അധികം ഉണ്ടായിരുന്നില്ല. ഏട്ടന് സമ്മാനിച്ച തിരിക്കുമ്പോള്‍ കണ്ണുരുട്ടുന്ന പെന്‍സില്‍ കട്ടറും പ്ലാസ്റ്റിക് അക്ഷരമാലയും ഇപ്പോഴും ഓര്‍മ്മിക്കുന്നു, എങ്ങനെയോ അവയൊക്ക നഷ്ടപ്പെട്ടതില്‍ ദുഃഖിക്കുന്നു.
പണ്ട് പരീക്ഷ കഴിഞ്ഞാല്‍ വഴികള്‍ പലതായിരുന്നു. വീണ്ടും കാണാമെന്ന് പറഞ്ഞ് പോയവരെല്ലാം അടുത്ത ക്ലാസില്‍ എത്തിയെന്ന് വരില്ല. കൃഷിക്കാരനും കല്‍പ്പണിക്കാരനും, തട്ടാനും ആശാരിയും ഒക്കെയായി പല വിഭാഗം. ഇന്നത് പറ്റില്ല, എല്ലാവര്ക്കും ജോലി വേണം. പരമ്പരാഗത തൊഴില്‍ മേഖല ആര്‍ക്കും വേണ്ട. ഈ തൊഴില്‍ മേഖലകള്‍ പലതും വംശനാശത്തിന്റെ വക്കിലാണ്. അവശേഷിക്കുന്നവര്‍ക്ക് ജോലിയോടുള്ള മനോഭാവം മാറി. സമര്‍പ്പണമല്ല ജോലി.
നല്ല ആശാരിയുടെയും തട്ടാന്റെയും റോള്‍ യന്ത്രങ്ങളേറ്റെടുത്തുകഴിഞ്ഞു. പാരമ്പര്യതൊഴിലാളികള് ഇത്ര ഇല്ലാതാകുന്ന ഒരു പ്രദേശം കേരളം പോലെ വേറൊരിടത്തുമുണ്ടാകില്ല. എല്ലാവരുടെയും മുന്നില്‍ വലിയ വലിയ ലക്ഷ്യങ്ങളാണ്. അങ്ങനെയാകാന്‍ പാടില്ലെന്ന് പറയാനും കഴിയില്ല. തലമുറകളായി തങ്ങള്‍ ചെയ്യുന്ന പണി വിട്ട് മക്കളെങ്കിലും നല്ല നിലയിലെത്തണമെന്ന അച്ഛനമ്മമാരുടെ ആഗ്രഹത്തെ ചെറുക്കാന്‍ ആര്‍ക്കാണ് അവകാശം.
ഇന്നത്തെ കുട്ടികള്‍ വളരെ മുന്നിലാണ്. ആരോടും ഒന്നും ചോദിക്കാതെ അന്വേഷണ ബുദ്ധിയില്ലാതെ എല്ലാം അന്തരീക്ഷത്തില്‍ നിന്ന് അവര്‍ പഠിക്കുകയാണ്. പോക്കുവരവുകളുടെ എണ്ണം ഒരുപാട് കൂടി. എല്ലാം വിരല്‍തുമ്പത്ത്. ആര്‍ക്കും ആരില്‍ നിന്നും അറിവ് ഒളിച്ചുവയ്ക്കാനാകില്ല. ഇന്‍ഫര്‍മേറ്റീവാണ് സമൂഹം മുഴുവന്‍. പഴയ തലമുറയെക്കാള്‍ നന്നായി അവര്‍ ലോകഗതി മനസ്സിലാക്കുന്നു, അതനുസരിച്ച് നീങ്ങാന്‍ ഉത്സാഹപ്പെടുന്നു. എവിടെ ഏത് ദുരത്ത് നടക്കുന്നതും അപ്പപ്പോള്‍ കാണുകയും കേള്‍ക്കുകയുമാണ്. ബാഹ്യജ്ഞാനമാണ് എവിടെയും. ആര്‍ക്കും ആന്തരികജ്ഞാനമില്ല. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന കുട്ടിക്കാലാനുഭവങ്ങളില്ല, ലോകം സ്വതന്ത്രമാണ്, ആ സ്വാതന്ത്ര്യത്തില്‍ അവനവന് ഇഷ്ടമായ രീതിയില്‍ ജീവിതം മുന്നോട്ടു പോകുന്നു. ചുരുക്കത്തില്‍ കളിക്കാലമായിരുന്നില്ല അവധിക്കാലം, അച്ചീവ്മെന്റിനായിരുന്നു പ്രാധാന്യം. അത് നല്ലതുതന്നെ. ആയുസ് വളരെ ചെറുതാണല്ലോ..
പുസ്തകങ്ങളുടെയും മത്സരങ്ങളുടെയും ലോകത്തേക്ക് വീണ്ടും തള്ളിവിടപ്പെടുകയാണ് നമ്മുടെ കുഞ്ഞുങ്ങള്‍. പഠിക്കട്ടെ അവര്‍, ആരും മത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ല. പക്ഷേ ജീവിതവും ഒരു പഠനമാണ്. പഠിക്കാനാണ് നാം ഈ ലോകത്തേക്ക് വരുന്നത്. സുഖം, ദുഃഖം, കര്‍മ്മം, ധര്‍മ്മം, വികാരം, വിചാരം ഇവയെല്ലാം വേര്‍തിരിച്ചറിയുന്ന ആന്തരികജ്ഞാനം ബലപ്പെടണം. ബാഹ്യജിവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള ഓട്ടത്തില്‍ ആന്തരികജീവിതത്തെ കുറിച്ചും ധാരണയുണ്ടാകണം, വ്യക്തിത്വത്തിന്റെ പരിപൂര്‍ണമായ വികാസത്തിനും കുട്ടികള്‍ ശ്രമിക്കണം. അങ്ങനെ അവര്‍ കാണുന്ന സ്വപ്നങ്ങളില്‍ ചിലതെങ്കിലും നിസ്വാര്‍ത്ഥമാകട്ടെ…
(തയ്യാറാക്കിയത്: രതി.എ.കുറുപ്പ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: