രണ്ട് മഹാദേവന്‍മാരുണ്ട് തൃശൂരില്‍. ഒന്ന് വിശ്വം കാക്കുന്ന സാക്ഷാല്‍ വടക്കുന്നാഥനായ മഹാദേവന്. രണ്ടാമത്തെ മഹാദേവന് വിശ്വത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജി.മഹാദേവനും. അഭയവും ആശ്വാസവും തേടിയെത്തുന്നവര്‍ക്കെല്ലാം ആശ്വാസത്തിന്റെ തണല്‍ നല്കുന്ന മഹാവൃക്ഷങ്ങളെപ്പോലെ പൂരനഗരിക്ക് അഴകായ്, അഭിമാനമായി, ആദരവായ് രണ്ട് മഹാദേവന്മാര്. ഇതില്‍ ജി.മഹാദേവന് ശതാഭിഷിക്തനാകുന്ന വേളയില്‍ നാടാകെ ആശീര്‍വാദം ചൊരിയാനെത്തുമ്പോഴും ജി എന്നറിയപ്പെടുന്ന ജി.മഹാദേവന് വിനയത്തോടെ ശിരസ്സ് നമിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിച്ച സൂര്യതേജസ്സ് എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും ജി യുടെ മഹത്വവും പേരും പെരുമയും അതിനെല്ലാം മീതെ ജ്വലിച്ചു നില്ക്കുന്നു. ജി എന്നാല്‍ തൃശൂരിന് ജി.മഹാദേവനാണ്. പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, പാര്‍ട്ടിയോ പ്രസ്ഥാനമോ പ്രത്യയശാസ്ത്രമോ നോക്കാതെ ഏവരേയും ഒന്നായി കാണുന്ന സമഭാവം. അതാണ് ജി യുടെ മനസ്സ്. തന്റെ മുന്നിലെത്തുന്നവര്‍ തന്നേക്കാള്‍ ചെറുതാണെങ്കില്‍ പോലും അവരെ മനസ്സുകൊണ്ട് ആദരിച്ച് അവരുടെ ഹൃദയത്തിലേക്ക് കടന്നുചെന്ന് അവരെ കേള്‍ക്കാനും അറിയാനും മനസ്സിലാക്കാനും വേണ്ടി വന്നാല്‍ ഉപദേശിക്കാനും ശാസിക്കാനും തിരുത്താനും സമയം കണ്ടെത്തുന്ന ജി പുതിയ തലമുറയ്ക്ക് വഴികാട്ടിയും ഗുരുവുമാണ്. നാട്ടില്‍ എല്ലാവരും രാഷ്ട്രസേവനത്തിന്റെ പാതയിലേക്ക് എത്തണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണ് ശതാഭിഷേകത്തിന്റെ നിറവിലും ജി യുടെ മനസ്സിലുള്ളത്. സ്വന്തം ജീവിതം അതിനുള്ള പാഠപുസ്തകമായി അദ്ദേഹം ലോകത്തിന് മുന്നില്‍ തുറന്നുവെച്ചിട്ടുണ്ട്.
ജീവിതരേഖ
1931 മെയ് 24ന് പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലാണ് ജനനമെങ്കിലും പിന്നീടദ്ദേഹം തൃശൂര്‍ക്കാരനായി മാറി. എ.ഗോപാലന്വൈദ്യരുടേയും എച്ച്.സുബ്ബലക്ഷ്മി എന്ന ചെല്ലമ്മാളുടെയും മകനായി ജനിച്ച അദ്ദേഹം 1947ല്‍ പത്താംതരം പാസ്സായി. ഒരു കൊല്ലത്തോളം തൃശ്ശിവപേരൂര്‍ ബ്രാഹ്മണ സമാജത്തില്‍ അറ്റന്ററായി ജോലി ചെയ്തു. 48 മുതല്‍ 64 വരെ ലക്ഷ്മി പ്രസാദ് ബാങ്കില്‍ ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചു. ഈ സമയത്തുതന്നെയാണ് അദ്ദേഹം ഡികോമും സി.എ സെക്കന്റ് ബിയും പാസ്സായത്. 1964ല്‍ ലക്ഷ്മിപ്രസാദ് ബാങ്ക് ധനലക്ഷ്മി ബാങ്കില്‍ ലയിച്ചപ്പോള്‍ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ റിട്ടയര്‍ ചെയ്യുന്നതുവരെ നിസ്വാര്‍ത്ഥമായ സേവനം അദ്ദേഹം അനുഷ്ഠിച്ചു. 1966ല്‍ അക്കൗണ്ടന്റായി പ്രമോഷന് ലഭിച്ചു. തുടര്‍ന്ന് പേഴ്സണല്‍ മാനേജരായും അസിസ്റ്റന്റ് മാനേജരായും. ഒടുവില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ജനറല്‍ മാനേജരായിരുന്നു.
ഇതിനിടയില്‍ 1990 മുതല്‍ സെപ്തംബര്‍ വരെ ബാങ്കിന്റെ ആക്ടിങ്ങ് ചെയര്മാന് എന്ന ഉയര്‍ന്ന പദവിയും അദ്ദേഹത്തിന് വഹിക്കാന്‍ സാധിച്ചു. 1990 ഡിസംബര്‍ 31നാണ് അദ്ദേഹം ബാങ്കില്‍ നിന്നും വിരമിച്ചത്. പിന്നീട് അദ്ദേഹം മുഴുവന്‍ സമയ സംഘപ്രവര്ത്തകന് എന്ന രീതിയിലേക്ക് മാറി. 1991 മുതല്‍ മൂന്നുവര്‍ഷക്കാലം ‘ജന്മഭൂമി’ ദിനപത്രത്തിന്റെ ജനറല്‍മാനേജരായി പ്രവര്‍ത്തിച്ചു. ബാങ്കില്‍ ജോലി ചെയ്യുമ്പോഴും രാഷ്ട്രീയ സ്വയംസേവക സംഘമെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ തൃശൂരിലെ എല്ലാമായ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. 1946 സെപ്തംബറില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശാഖ പൂങ്കുന്നത്ത് തുടങ്ങിയതു മുതലാണ് അദ്ദേഹം സംഘപ്രവര്ത്തകനായത്. പല ഉത്തരവാദിത്വങ്ങളും സംഘം ഏല്‍പ്പിച്ചപ്പോള്‍ തന്റെ കഴിവിനനുസരിച്ച് ഭംഗിയായും ചിട്ടയോടും അതോടൊപ്പം പുതുതലമുറക്ക് മാര്‍ഗദര്‍ശനവുമായി അദ്ദേഹം ചെയ്തുതീര്‍ത്തു. തൃശിവപേരൂര് ജില്ലയുടെ ആദ്യത്തെ ജില്ലാകാര്യവാഹായിരുന്നു ജി.മഹാദേവന്. ആദ്യത്തെ ജില്ലാസംഘചാലകായിരുന്ന പുത്തേഴത്ത് രാമന്മേനോന് ശേഷം തൃശൂര്‍ ജില്ലാസംഘചാലകായി. ഇപ്പോള്‍ മഹാനഗറിന്റെ സംഘചാലകായി പ്രവര്‍ത്തിക്കുന്നു. 1997-98 കാലഘട്ടത്തില്‍ പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് എന്ന ഉത്തരവാദിത്വവും അദ്ദേഹം വഹിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചിട്ടുണ്ട്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മിസ്സ പ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 20 മാസവും 19 ദിവസവും ജയില്‍ വാസം അനുഷ്ഠിക്കേണ്ടിവന്നു.
ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കണ്ടറി സ്കൂളിന്റെ മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഒല്ലൂര്‍ വൈദ്യരത്നം കോളേജിന്റെ ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. 1958ല്‍ പാലക്കാട് ഗോവിന്ദരാജപുരം അമൃതഘടേശ്വര അയ്യരുടേയും മീനാക്ഷിയുടേയും മകളായ തൈലംബാളിനെ വിവാഹം ചെയ്തു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയിലെ അമൃതഘടേശ്വരന്‍, നാഷണല്‍ യുവ കോപ്പറേറ്റീവ് തൃശൂര്‍ സെക്രട്ടറി അനന്തകൃഷ്ണന്, ജയഗണേഷ്, ശ്രീവിദ്യ എന്നിവരാണ് മക്കള്‍.
കര്‍മ്മപഥത്തില്‍ പ്രസ്ഥാനത്തെ നയിച്ച്
എട്ടുപതിറ്റാണ്ടിലേറെയായി കര്‍മ്മരംഗത്ത് തുടരുന്ന സാംസ്കാരിക തലസ്ഥാനത്തിന്റെ ജി ശതാഭിഷിക്തനാകുമ്പോള്‍ എല്ലാവര്ക്കും അത്ഭുതമാണ്. ചെറുപ്പക്കാരേക്കാള്‍ ചുറുചുറുക്കോടെ, അവരേക്കാള്‍ ദീര്‍ഘവീക്ഷണത്തോടെ, വ്യക്തതയോടെ, നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങളെ കാണാനും വിലയിരുത്താനുമുളള ജി യുടെ കഴിവും മികവും അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാകൂ. പ്രഖ്യാപനങ്ങളിലോ വാഗ്ദാനങ്ങളിലോ അല്ല പ്രവൃത്തിയിലാണ് ജി വിശ്വസിക്കുന്നത്. പ്രവര്‍ത്തിക്കാന്‍ കഴിയുന്നതേ പറയാവൂ എന്നും പറയുന്നത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പുതുതലമുറയെ ഉപദേശിക്കുന്നു. രാഷ്ട്രസേവാരംഗത്ത് ജി കാലങ്ങളായി സജീവ സാന്നിദ്ധ്യമാണ്. തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഏറെ ത്യാഗം അനുഭവിച്ച വ്യക്തിയാണ് ജി.മഹാദേവന്. രാഷ്ട്രസേവനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വിലങ്ങുതടിയായിവന്ന എല്ലാറ്റിനേയും അദ്ദേഹം സ്നേഹത്തിന്റെ ഭാഷയില്‍ തള്ളിമാറ്റി. താനിഷ്ടപ്പെടുന്ന പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചു. തൃശൂരിന്റെ സാംസ്കാരിക രംഗത്ത് ജി. ഒഴിച്ചുള്ള ഒരു ചടങ്ങുമില്ലെന്നുതന്നെ പറയാം. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ തൃശൂരിലെ മുഖമുദ്രയായി പലരും കാണുന്നത് ഈ അതുല്യവ്യക്തിത്വത്തെയാണ്.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അഭിപ്രായങ്ങളും തേടി അദ്ദേഹത്തെ കാണാന്‍ എല്ലാ പ്രസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ എത്താറുണ്ട്. നിര്‍ദ്ദനരായ യുവതികളുടെ വിവാഹങ്ങള്‍ക്ക് ഊരകത്തെ സഞ്ജീവനി സമിതി, ചൂലിശ്ശേരി പാര്‍വ്വതീനിലയം, തണല്‍ എന്നിവിടങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്ന അദ്ദേഹം സേവാരംഗത്തും ഏറെ ശ്രദ്ധ പതിപ്പിക്കുന്നു.
ശതാഭിഷേക നിറവില്‍
ശതാഭിഷേകം ആഘോഷിക്കുന്ന മെയ് 21ന് സാംസ്കാരിക നഗരി അദ്ദേഹത്തെ ആദരിക്കുകയാണ്. മഹാദേവന്റെ തട്ടകത്ത് മഹാദേവന്റെ ശതാഭിഷേകം. വിശ്രമം ജീവിത നിഘണ്ടുവിലില്ലാത്ത മഹാദേവന് എപ്പോഴും കര്‍മ്മനിരതനാണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ തിരിച്ചെത്തുക ഉച്ചയാകുമ്പോള്‍. വീട്ടിലിരുന്ന് മൊബെയില്‍ ഫോണിലൂടെ സാമൂഹ്യസേവനം നടത്തുന്നവര്‍ക്ക് ജി വിസ്മയമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയേണ്ടതും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ജി. ക്ഷേത്രദര്‍ശനവും സുഹൃത്തുക്കളെ സന്ദര്‍ശിക്കലും വായനയും എല്ലാം ജി യുടെ നിത്യജീവിതത്തിന്റെ ശീലങ്ങള്‍.
തൃശൂരിന്റെ നടവഴികളില്‍ ജി യെ കാണാതെ ഒരു ദിവസം പോലും കടന്നുപോകില്ല. പരിചയമുളളവരോടെല്ലാം കുശലം ചോദിച്ച് പരിചയമില്ലാത്തവര്‍ക്ക് ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് നടന്നുനീങ്ങുന്ന ജി. മഹാദേവന് സാംസ്ക്കാരിക തലസ്ഥാനത്തിന്റെ നിത്യകാഴ്ചയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: