ചില മിടുക്കന് (മിടുക്കിയും) പൂച്ചകളുണ്ട്. ടിയാന്മാര് എലിയെ പിടിച്ചുകഴിഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും കൊല്ലില്ല. അതിന്റെ ജീവന് സ്വയം പോകുന്നതുവരെ തട്ടിക്കളിച്ചുകൊണ്ടിരിക്കും. ഇരയുടെ പിടച്ചിലിന്റെ സുഖാലസ്യത്തില്‍ മതിമറന്നിരിക്കുന്ന പൂച്ചയെ ശ്രദ്ധിച്ചിട്ടുണ്ടോ? ലോകത്തെ ഏറ്റവും സുഖസുന്ദരമായ അവസ്ഥ ആസ്വദിച്ചിരിക്കുന്ന മൂഡ് നമുക്ക് കാണാം. ഒടുവില്‍ ചത്ത് മലച്ച് കിടക്കുന്ന എലിയെ പതിയെ തട്ടി മാര്ജാരകേസരി സ്ഥലംവിടും. ഈ മാര്ജാരമാര്ഗത്തിന്റെ മനുഷ്യമാര്ഗവും ഏതാണ്ടൊരേതരത്തിലാണെന്ന് തോന്നുന്നു പ്രതിപക്ഷ നേതാവിന്റെ സ്ഥിതികാണുമ്പോള്‍. വിശ്വസ്തരെന്ന് തനിക്കുതോന്നിയ മൂന്ന് പേരുടെ കരുതിവെപ്പില്‍ നിന്ന് ടിയാനെ പാര്‍ട്ടി നേരത്തെ തന്നെ ഒഴിവാക്കിത്തുടങ്ങിയിരുന്നു. പൊന്നിന് സൂചിയാണെങ്കിലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞുപോകു മെന്നാണല്ലോ. ഏത് മാനവികതയും ഏത് മനുഷ്യത്വവും പാര്‍ട്ടിയുടെ പരിധിക്കുള്ളില്‍ നിന്ന് പുറത്തുകടക്കുന്നു എന്നു തോന്നിത്തുടങ്ങുന്ന നിമിഷം നേരത്തെ സൂചിപ്പിച്ച മാര്ജാരമാര്ഗത്തിലേക്ക് നേതൃത്വം തിരിയും. നേതൃത്വം എന്നാല്‍ ഔദ്യോഗിക നേതൃത്വം. ഔദ്യോഗിക നേതൃത്വം എന്നാല്‍ പാര്ട്ടിച്ചിട്ടകളുടെ കടുക്മണി വ്യത്യാസമില്ലാത്തപാത.
അച്യുതാനന്ദന് എന്ന കരളുറപ്പിന്റെ കമ്യൂണിസ്റ്റെന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന നേതാവ് ഔദ്യോഗിക നേതൃത്വത്തിന്റെ പിന്നാമ്പുറത്ത് ഗതികിട്ടാതെ കിടക്കുമോ, അതോ ഔദ്യോഗിക നേതൃത്വത്തെ അടിച്ച് നിലം പരിശാക്കുമോ എന്നതൊക്കെ കണ്ടറിയാനിരിക്കുന്നതേയുള്ളൂ. തന്റെ വിശ്വസ്തരെയൊക്കെ എന്നും നടുക്കടലില്‍ ഉപേക്ഷിച്ച് സ്വന്തം പാതയിലൂടെ നടക്കാന്‍ താല്പര്യപ്പെടുന്ന വിഎസ്സിന് ഒന്നും ഒരു പ്രശ്നമല്ല. മൊകേരിസ്കൂളിലെ ക്ലാസ് മുറിയില്‍ വെട്ടേറ്റ് ജയകൃഷ്ണന് മരിച്ചപ്പോഴും പമ്പാനദിയില്‍ മൂന്ന് എബിവിപി വിദ്യാര്‍ഥികളെ സഖാക്കള്‍ മുക്കിക്കൊന്നപ്പോഴും മനുഷ്യസ്നേഹത്തിന്റെ മഹാമേരുവായി വാഴ്ത്തപ്പെടുന്ന വിഎസ് ചിരിച്ചിട്ടേയുള്ളൂ. ജീന്‍സിന്റെ പോക്കറ്റില്‍ വെള്ളംനിറഞ്ഞതു മൂലമാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതെന്ന് വ്യാഖ്യാനിക്കാനും മുതിര്‍ന്നു നമ്മുടെ പ്രതിപക്ഷനേതാവ്. ഇപ്പോള്‍ ചിറകുകള് ഒന്നൊന്നായി വെട്ടിയരിഞ്ഞ് പാര്‍ട്ടിയുടെ അടുക്കളപ്പുറത്തേക്ക് പുറം കാല്കൊണ്ട് തട്ടിത്തെറിപ്പിക്കപ്പെട്ട് കിടക്കുമ്പോള്‍ ഇതൊക്കെ ചിലര്‍ ഓര്‍ത്തുപോകും. പ്രകൃതിയുടെ സ്വമേധയായുള്ള ചില ഇടപെടലുകള്‍ അങ്ങനെയാണ്. ആര്‍ക്കും അത് തടയാനാവില്ല. ഇതു കൊണ്ടുതന്നെയല്ലേ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്ന് ആചാര്യന് പറഞ്ഞുവെച്ചത്. ഭാരതീയ ആചാര്യന് മറ്റൊന്നു കൂടി പറഞ്ഞു: താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താന് അനുഭവിക്കെന്നതേ വരൂ. ആയതിനാല്‍ കേരള കൗമുദിയില്‍ (മെയ് 13) സുജിത്തിന്റെ കാര്‍ട്ടൂണ്‍ കൂടുതല്‍ ഹൃദ്യമായി തോന്നുന്നു.
വധശിക്ഷ വേണ്ടെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം.അത് നീചമാണത്രെ. മനുഷ്യരോട് ഇത്രയും കാരുണ്യം വെച്ചുപുലര്‍ത്തുന്ന മറ്റേതെങ്കിലും പാര്‍ട്ടിയുണ്ടോ എന്ന് സംശയം. ഔദ്യോഗിക തലത്തില്‍ ശിക്ഷയായി വധശിക്ഷനല്കരുത് എന്നാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. മേപ്പടി സംഗതി പാര്‍ട്ടി തന്നെ അനൗദ്യോഗിക തലത്തില്‍ ഭംഗിയായി നടപ്പാക്കുമ്പോള്‍ പിന്നെന്തിന് ഔദ്യോഗിക വധശിക്ഷ? വധശിക്ഷ ഒഴിവാക്കി ജീവിതാവസാനം വരെ തടവറയിലിടുകയാണ് വേണ്ടതെന്ന് പാര്‍ട്ടി പറയുന്നു. ഒരു തരത്തില്‍ അച്യുതാനന്ദന്റെ കാര്യത്തില്‍ അത്തരമൊരു പാര്‍ട്ടി തടവറയും അവര്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ഒരു ജനകീയ പാര്ട്ടിക്കുമാത്രമല്ലേ ഇങ്ങനെയുള്ള കാര്യങ്ങള്‍ കാലവിളംബം കൂടാതെ നടപ്പാക്കാനാവൂ. അതുകൊണ്ട് വിളിക്കിന് ഉച്ചത്തില്‍ ഇങ്ക്വിലാബ്സിന്ദാബാദ്!
അറിയുന്നപണി കുശുമ്പും കുന്നായ്മയുമായാല് പിന്നെ എന്തു ചെയ്യും? നേരെ ചൊവ്വെ വായിക്കുന്ന പ്രസിദ്ധീകരണങ്ങളിലൊന്നും സ്വന്തം പേരില്‍ കൃതികള്‍ അച്ചടിമഷിപുരളുന്നില്ല. പിന്നത്തെ പണിയെന്താ? കുനിഷ്ഠും കുന്നായ്മയും നിറഞ്ഞ പ്രസിദ്ധീകരണത്തെ കൂട്ടുപിടിച്ച് മനസ്സിലെ വിഷം മുഴുവന്‍ ഒഴുക്കിവിടുക. അത്തരം വിഷം മാത്രം പകര്‍ന്നു നല്കുന്ന പ്രസിദ്ധീകരണത്തിന് ചാകരയടിഞ്ഞസന്തോഷം. ഉരുളികുന്നത്തെ മഹാശയന് മോദിക്കും അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും നേരെ കാളകൂടം ഛര്‍ദിച്ചിരിക്കുന്നു. പശുചത്താലും മോരിലെ പുളിപോകില്ലെ ന്ന് പഴമൊഴി. മോദി കേരളം സന്ദര്‍ശിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ചിലരുടെ കാലുഷ്യം തീരില്ലെന്ന പുതുമൊഴിക്ക് സാക്ഷ്യം ഈ ഉരുളികുന്നത്തുകാരന്. ചെറുകഥയുടെ ഉറവ വറ്റി വരണ്ടതോടെ മറ്റ് പണിതേടിയാണ് മോദിയില്‍ കയറി പിടിച്ചത്. രോഗിഇച്ഛിച്ചതും വൈദ്യന് കല്പ്പിച്ചതും ഒന്നുതന്നെ എന്നതു പോലെ, മാധ്യമം ആഴ്ചപ്പതിപ്പ് (മെയ് 20) ആ കാളകൂടം അങ്ങനെ തന്നെ സമൂഹത്തിലേക്ക് ഒഴുക്കിവിടുന്നു. തൃശ്ശൂലം ,കാവി, സംഘപരിവാര്‍ എന്നിങ്ങനെയുള്ളവയൊക്കെ ഉരുളികുന്നത്തുകാരന് പരമ അലര്‍ജിയാണ്.
കൊന്ത,കുരിശ്, ആമേന്‍ ഇത്യാദി മഹാപഥ്യവും. അതെന്തോ ആകട്ടെ. ടിയാന്റെ ലേഖനത്തിന്റെ (അങ്ങനെ പറയാന്പറ്റില്ല എങ്കിലും കാലികവട്ടത്തിന്റെ വായനക്കാരെ ഓര്‍ത്ത് പറയേണ്ടത് കടമ )പേര് മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും എന്നാണ്. രായ്ക്കുരാമാനം പെട്ടിയും പ്രമാണവുമായി വലിഞ്ഞുകേറിവന്നയാളായിരുന്നില്ല നരേന്ദ്രമോദി എന്നു മനസ്സിലാക്കാന്‍ പോലുമുള്ള വിവരമില്ലാത്ത ഉരുളികുന്നത്തുകാരന് ഒന്നു മനസ്സിലാക്കിയാല്കൊള്ളാം. ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും ഇന്ത്യയ്ക്കകത്ത് മറ്റാര്‍ക്കും ശല്യമില്ലാതെ സസുഖം സഞ്ചരിക്കാം. അഭിപ്രായസാതന്ത്ര്യവും സംസ്കാര സമ്പന്നവുമായ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പുഴുക്കുത്തായി നില്ക്കുന്ന ഉരുളികുന്നത്തുകാരനെപോലുള്ളവരെ സാധാരണക്കാര്‍ അപഹസിച്ചു തള്ളുകയേയുള്ളൂ. കാടുംമേടും വെട്ടിപ്പിടിച്ച് സ്വന്തമാക്കുന്ന പ്രവണത ആരാണ് ഇവിടെ തുടങ്ങിവെച്ചതെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി കവടി വെച്ചു നോക്കേണ്ടതില്ലെന്ന് ഉരുളികുന്നത്തുകാരന് മനസ്സിലാക്കിയാല്‍ അതിയാന് കൊള്ളാം. മനസ്സില്‍ വിദ്വേഷത്തിന്റെ വിത്തിട്ട് വളര്‍ത്തി അതില്‍ മാധ്യമമേമ്പൊടി ചേര്‍ത്ത് വിളമ്പുന്ന ഇമ്മാതിരി ഞരമ്പുരോഗികളെ ചികിത്സിക്കാന്‍ അത്യാധുനിക ചികിത്സാലയങ്ങള്‍ പോലും മതിയാവില്ല. എം.കെ. സാനു, വി.ആര്.കൃഷ്ണയ്യര്‍,അക്കിത്തം തുടങ്ങിയ മഹാപ്രതിഭകളുടെ നേര്‍ക്കുപോലും ഒരുളുപ്പുമില്ലാതെ വിസര്‍ജ്യം വാരിയെറിഞ്ഞ് നിര്‍വൃതി തേടുന്നു ഉരുളികുന്നത്തുകാരന്. മാധ്യമം ആഴ്ചപ്പതിപ്പിന്റെ അണിയറക്കാരുടെ മനോഗതിയും അതേപോലെ ആയതിനാല്‍ കണ്ണുപൊത്തുന്നുമഹാകാലമേ എന്ന കവിവചനത്തില്‍ ആശ്വസിക്കാം. അഞ്ചരപ്പേജിലെ അക്ഷരങ്ങളില്‍ ഈ വിഷപ്പുക ചുറ്റിക്കറങ്ങി വായനക്കാര്‍ക്ക് അപസ്മാരബാധയേല്ക്കുന്നു.
കവിത കവികള്‍ക്കുള്ള വരദാനമാണ് എന്ന് പറയുന്നു. നേരാവാം, എന്നാല്‍ ഇന്നത്തെ കാലത്ത് അങ്ങനെയല്ല. അത് മനസ്സില്‍ കനിവുള്ള ആര്‍ക്കുമാകാം. പാരമ്പര്യച്ചിട്ടകളുടെ കഠിനവഴികള്‍ കണ്ട് പകയ്ക്കുന്നവര്ക്ക് അനായാസേന പോകാന്‍ വഴികള്‍ എത്രയെത്ര. അതുകൊണ്ടാണ് ബി.സന്ധ്യയും ഒരു വഴിതെരഞ്ഞെടുത്തത്. അതിലെ പോകപ്പോകെ ആര്ക്കൊക്കെയോവിറളിപിടിച്ചു. അതിന്റെ സ്ഫുരണങ്ങള്‍ സമൂഹത്തിലേക്ക് തെറിച്ചു വീണുകൊണ്ടിരിക്കുന്നു. ഈയാഴ്ചത്തെ (മെയ് 19) കലാകൗമുദി യില്‍ സന്ധ്യയ്ക്ക് കൈത്താങ്ങായി വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍നായര്‍, ചെമ്മനം ചാക്കോ, വിജയലക്ഷ്മി, പി.ജെ. കുര്യന് എന്നിവര്‍ അവരവരുടെ രീതിയില്‍ എഴുതിയിരിക്കുന്നു. മേമ്പൊടിയായി സന്ധ്യയുടെ മറ്റൊരു കവിതയും
ആലാഗായകന് പാടുന്നു പണ്ടത്തെ
പാട്ടുകള്‍ ഹൃദയത്തിന്താളത്തില്
കേള്പ്പതില്ലേയുണരുവിന്, പണിയുവിന്‍
നഷ്ടവസന്തങ്ങള്തിരികെപ്പിടിക്കുവിന്
എന്നാണ് സന്ധ്യ ആഹ്വാനം ചെയ്യുന്നത്. അത്തരം തിരികെപ്പിടിക്കലുകള്ക്കായി കാത്തുനില്ക്കുമ്പോള് എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ എന്ന് പറയാമോ? സന്ധ്യയ്ക്കതില് പന്തികേട് തോന്നുന്നില്ലെങ്കില്‍ നമുക്കെന്ത്?
ഇനി മാതൃഭൂമി യില്‍(മെയ് 16) ആക്ഷേപങ്ങളും അഭിപ്രായങ്ങളും കോളത്തില്‍ കെ. രഘുനാഥന്,തൃശൂര്‍ (കഥാകൃത്താണോ എന്ന് സംശയം) എഴുതിയ അത് കവിതയല്ല സന്ധ്യേ! എന്ന കുറിപ്പിലേക്ക്: പ്രസ്താവനയും കവിതയും തമ്മിലുള്ള അന്തരം രാവിനും പകലിനുമിടയ്ക്കുള്ള സന്ധ്യയുടെ നിശ്ശബ്ദസാന്നിധ്യം പോലെ ലോലമാണ്. I Want to do with you what the wind does to the mulberry trees എന്നും വരുമോ കുങ്കുമം തൊട്ട സന്ധ്യ കണക്കവള്‍ എന്നും എഴുതിയാല്കവിത. എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ എന്നെഴുതിയാല്‍ പ്രസ്താവന. കാലികവട്ടത്തിന് സന്ധ്യാഅനുകൂലികളോടും പ്രതികൂലികളോടും പക്ഷമില്ല, കവിത പോലെ.
വാര്‍ത്തകളുടെ മര്‍മമറിഞ്ഞ് അത് പ്രേക്ഷകര്‍ക്കായി നല്കുന്നതില് വിദഗ്ധനായിരുന്നു എടപ്പാളിലെ സിജീഷ്. ഒരപകടത്തില്‍ എന്നെന്നേക്കുമായി ആ മുപ്പതുകാരന് യാത്രയായി. മകന് നഷ്ടമായ വേദനക്കിടയിലും അവന്റെ ആന്തരികാവയങ്ങള്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് തുണയാവുമെന്ന് കരുതി ബന്ധുക്കള്‍ അതിന് തയാറായി. എന്നാല്‍ പൊലീസിന്റെ കടുംപിടിത്തവും നൂലാമാലകളും മൂലം അത് നടന്നില്ല. ഉപകാരം ചെയ്യാനായില്ലെങ്കിലും ഉപദ്രവിക്കാന്‍ പോലീസും അധികൃതരും എത്ര മിടുക്കര്‍. ഇതുകൊണ്ടാവാം എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ എന്ന് എ.ഡി.ജി.പി സന്ധ്യ എഴുതിയത്. തലവരമാറ്റാന്‍ ആര്‍ക്കുകഴിയും? സിജീഷിന്റെ വേര്‍പാടിന്റെ പൊള്ളുന്ന ചൂടും വികാരവും ഏറ്റെടുക്കുകയത്രെ ആ കുടുംബത്തിനുള്ള ആശ്വാസം.
തൊട്ടുകൂട്ടാന്‍
പ്രിയനേ, ഫോര്ക്കിലതിവിദഗ്ധം
കോര്ത്തെടുത്തിനി
വിശപ്പടക്കാം
കാല്‍ച്ചുവട്ടിലെ
വഷളന്‍ പൂച്ചയ്ക്കായ്
മുള്ളുകള്‍ സമര്‍പ്പിക്കുക.
എം.അഷിത
കവിത: മാര്ജാരഭോജനം
മലയാളം വരിക (മെയ് 17)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: