ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തെക്കേ വാഴക്കുളത്തെ പഴയ സ്വയംസേവകന് വിശ്വനാഥന് വിളിച്ചിരുന്നു. മാസങ്ങള്‍ക്കുമുമ്പ് നടന്ന ഒരു ഹൃദയശസ്ത്രക്രിയ അനുഭവിപ്പിച്ച പ്രയാസങ്ങള്‍ വിവരിക്കുകയുണ്ടായി. വിശ്വനാഥനുമായി ഏതാണ്ട് 40 വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. അദ്ദേഹം പയ്യനായിരുന്നപ്പോള്‍ എറണാകുളത്തെ ഭാരതീയ ജനസംഘം സംസ്ഥാന കാര്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. താമസിച്ചിരുന്നത് ടിഡി റോഡിലുണ്ടായിരുന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ (അതോ ബാങ്ക് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്റെയോ) കാര്യാലയത്തിലായിരുന്നുവെന്നാണോര്മ. അക്കാലത്ത് എറണാകുളത്തുനിന്ന് രാഷ്ട്രവാര്‍ത്ത എന്ന സായാഹ്ന ദിനപത്രം പുറത്തിറങ്ങിയിരുന്നു. അതിനെ വേണമെങ്കില്‍ ജന്മഭൂമിയുടെ പൂര്വജന്മമെന്ന് വിളിക്കാം. എറണാകുളത്തെ ഏറ്റവും മുതിര്‍ന്ന സ്വയംസേവകരില്‍ ഒരാളും മര്‍ച്ചന്റ്സ് യൂണിയന്റെ സ്ഥാപക സംഘാടകനും ജനസംഘത്തിന്റെ പ്രാന്തീയകോശാധ്യക്ഷനുമൊക്കെ ആയിരുന്ന ഗുണഭട്ട എന്ന കെ.ജി.വാധ്യാരായിരുന്നു രാഷ്ട്രവാര്‍ത്തയുടെ ആത്മാവ്. അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ പഴയ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വിട്ടപ് പ്രഭുവിന്റെ പേരിലുണ്ടായിരുന്ന രാഷ്ട്രവാര്ത്തയെന്ന ടൈറ്റില്‍ വാങ്ങി, ദീപ്തി പ്രിന്റേഴ്സ് എന്ന പ്രസ് സ്ഥാപിച്ച് അവിടെനിന്നും പരേതനായ ടി.എം.വി.ഷേണായി പ്രിന്ററും പബ്ലിഷറുമായാണ് രാഷ്ട്രവാര്‍ത്ത ആരംഭിച്ചത്. അക്കാലത്ത് എറണാകുളം ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം പഠിക്കാന്‍ എത്തിയ കുമ്മനം രാജശേഖരന് പത്രത്തിന്റെ ആധിപത്യം അനൗപചാരികമായെങ്കിലും നിര്‍വഹിച്ചു. പിന്നീട് മാതൃകാപ്രചരണാലയം രൂപീകൃതമായപ്പോള്‍ രാഷ്ട്രവാര്‍ത്ത അതിന്റെ ഉടമസ്ഥതയിലേക്ക് മാറുകയായിരുന്നു.
രാഷ്ട്രവാര്‍ത്തയുടെ എറണാകുളത്തെ സോള്‍ ഡിസ്ട്രിബ്യൂട്ടറായിരുന്നു തുടക്കത്തില്‍ പരാമര്‍ശിതനായ വിശ്വനാഥന്. അതിനാല്‍ രാഷ്ട്രവാര്‍ത്ത വിശ്വന് എന്നാണ് ഇഷ്ടന് സംഘപ്രവര്‍ത്തനങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മറ്റുപലരും മുട്ടുശാന്തി സഹായങ്ങള്‍ നല്കി ഉച്ചതിരിഞ്ഞു മൂന്ന് മണിയാവുമ്പോഴേക്കും രാഷ്ട്രവാര്‍ത്ത പുറത്തിറങ്ങിക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം 1975 ജൂലൈ ഒന്നാം തീയതിവരെ രാഷ്ട്രവാര്ത്തയിറങ്ങി അന്ന് രാത്രിയില്‍ പോലീസ് അതിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് പത്രത്തിന്റെ പ്രസിദ്ധീകരണം അസാധ്യമാക്കിത്തീര്‍ത്തു. കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയ ജന്മഭൂമി സായാഹ്ന പത്രത്തിന്റെയും അവസ്ഥ അതായിരുന്നു.
അതിനിടെ വിശ്വനാഥന് വിജയബാങ്കില്‍ ജോലി കിട്ടി. ആലപ്പുഴ ശാഖയില്‍ ജോലി നോക്കവേ, ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന എനിക്ക് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. ഏതാനും മാസങ്ങള്ക്കുശേഷമുണ്ടായ ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. പിന്നീട് വളരെ നാളുകള്‍ ബന്ധമുണ്ടായില്ല. അതിനിടെ അദ്ദേഹം സേവന വിമുക്തനായിക്കഴിഞ്ഞു. കാണാനും പഴയ കാര്യങ്ങള്‍ അയവിറക്കാനും അവസരമുണ്ടായി. രണ്ടുവര്‍ഷം മുമ്പ് വാഴക്കുളത്തെ ആദ്യ സ്വയംസേവകന് അപ്പുച്ചേട്ടന്റെ (ജി.നാരായണപിള്ളയുടെ) അനുസ്മരണത്തിന് പോയപ്പോള്‍ കൂടുതല്‍ അടുക്കാനും കഴിഞ്ഞു.
വിശ്വനാഥന് ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങളുടെ ഗൗരവമാണ് ഇത്രയും എഴുതാന്‍ ഇടയാക്കിയത്. അദ്ദേഹത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹൃദയശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നാല് ബ്ലോക്കുകളുണ്ട് എന്ന് ആന്‍ജിയോഗ്രാമിലൂടെ മനസ്സിലായി എന്നും, ആന്‍ജിയോ പ്ലാസ്റ്റികൊണ്ട് അത് പരിഹരിക്കാനാവില്ലെന്നുമുള്ള വിദഗ്ദ്ധാഭിപ്രായം പരിഗണിച്ച് എറണാകുളത്തെ ഒരു പ്രശസ്ത ആസ്പത്രിയില്‍ ബൈപ്പാസ് ചെയ്തു. ഓപ്പറേഷനുശേഷം യഥാകാലം വീട്ടിലേക്ക് പോയി എങ്കിലും ശസ്ത്രക്രിയയിലൂടെ തുറന്ന സ്ഥലത്തെ മുറിവുണങ്ങാത്തത്തിനാല് ഇടയ്ക്കിടെ ആസ്പത്രിയില്‍ പോകേണ്ടിവന്നുവത്രേ. പക്ഷേ തുന്നിക്കെട്ടിയ ഭാഗം ഉണങ്ങാതെയും മുറികൂടാതെയും കഷ്ടപ്പെടേണ്ടിവന്നു. അദ്ദേഹത്തിന്റെ പരിചയസമ്പന്നയായ പത്നി തന്നെയാണ് മുറിവ് ദിവസവും ഡ്രസ് ചെയ്തുവന്നത്. പലതവണ ആസ്പത്രിയില്‍ ചെന്ന് സര്‍ജറി നടത്തിയ ഡോക്ടറുമായി ബന്ധപ്പെടുകയും മറ്റും ചെയ്തു ഒരുവിധം മുറിവുണങ്ങുകയായിരുന്നു. ചികിത്സയിലും ശസ്ത്രക്രിയയിലും പരിചരണത്തിലും മറ്റും വന്ന എന്തു പ്രശ്നമാണ് അദ്ദേഹത്തിന് ഈ യാതന അനുഭവിക്കാന്‍ കാരണമായതെന്ന് ബോധ്യപ്പെടുത്താന്‍ ആസ്പത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്.
സമാനമായ മറ്റൊരുനുഭവവുമുണ്ട്. തൊടുപുഴയിലെ വിശ്വഹിന്ദു പരിഷത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ആളുടെ പത്നിക്ക് ഹൃദയശസ്ത്രക്രിയ വേണ്ടി വന്നു. പ്രശ്സതമായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയില്‍ തന്നെ അത് ചെയ്തു. സാധാരണ നിലയ്ക്ക് പത്ത് ദിവസംകൊണ്ട് ഡിസ്ചാര്‍ജ് വാങ്ങി വീട്ടില്‍ താമസിച്ചുകൊണ്ട് തന്നെ ശസ്ത്രക്രിയാനന്തര പരിചരണങ്ങളും മരുന്നുകളും കഴിച്ചു പത്ഥ്യമാചരിച്ചാല് സുഖമാകേണ്ടതാണ്. എന്നാല്‍ അവര്‍ക്ക് മുറിവിലെ പഴുപ്പുമാറാതിരുന്നു. ആസ്പത്രിയില്‍ തന്നെ മാസങ്ങള്‍ കഴിയേണ്ടി വന്നു. പിന്നീട് വീട്ടിലെത്തിയിട്ടും മുറിവുണങ്ങാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു. അവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന മനോവേദന ദയനീയവും പണച്ചെലവ് അതിഭീമവുമായിരുന്നു. ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന് കണ്ടെത്തുന്നതിന് ആസ്പത്രിയിലെ വിദഗ്ദ്ധര്‍ക്ക് കഴിഞ്ഞില്ല.
ഏതാനും മാസങ്ങളായി ഒരു രോഹിണി അനുഭവിക്കേണ്ടി വന്ന യാതനകള്‍ക്ക് ദൃക്സാക്ഷിയാകേണ്ടി അനുഭവമുണ്ടായി. ലേഖകന്റെ അടുത്തബന്ധുവും വിഎസ്എഡിയിലെ ശാസ്ത്രജ്ഞന്റെ അമ്മയും ഫാക്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി വിരമിച്ച ആളുടെ പത്നിയുമായിരുന്ന 65 കാരിയുടെ കഥയാണത്. വളരെ വര്‍ഷങ്ങളായി അവര്‍ക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നു. തിരുവനന്തപുരത്തെയും എറണാകുളത്തെയും വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ കഴിഞ്ഞുവരികയായിരുന്നു. എറണാകുളത്തെ വളരെ പ്രശസ്തമായൊരു ആസ്പത്രിയിലെ ഡോക്ടറെയാണ് അവര്‍ ചികിത്സിക്കായി സമീപിച്ചത്. ആസ്പത്രിയില്‍ അവര്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുളള പരിശോധന, പലതും അനാവശ്യമായിരുന്നുവെന്ന് അതിന്റെ ഫലം കണ്ടപ്പോള്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. ഓരോ പരീക്ഷണവും എന്തുദ്ദേശ്യത്തിനുവേണ്ടിയാണ് നടത്തുന്നതെന്ന് രോഗിയേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ല. ഓരോന്നിന് മുന്‍കൂര്‍ പണമടപ്പിക്കുന്നതായിരുന്നു അവര്‍ക്കുത്സാഹം. കിഡ്നി ഏതാണ്ട് പ്രവര്‍ത്തനരഹിതമാകുന്നതുവരെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. പിന്നീട് ഡയാലിസിസ് ചെയ്യാനായി നിര്‍ദ്ദേശം. ആഴ്ചയില്‍ രണ്ട് തവണ വേണം. അതിനായി കഴുത്തിലെ രക്തക്കുഴലാണ് ആദ്യം ഉപയോഗിച്ചത്. പിന്നീട് കൈത്തണ്ടയില്‍ അതിന് വേണ്ട സംവിധാനം ചെയ്തു.
അങ്ങനെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കിഡ്നി മറ്റീവ്ക്കല്‍ ശ്രമിക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അതിനായി പത്രപരസ്യം വഴി ഡോണര്‍മാരെ കണ്ടെത്തല്‍, രക്തപരിശോധന വഴി മാച്ച് ചെയ്യല്‍ മുതലായ നടപടികള്‍ക്ക് മാത്രം ലക്ഷം രൂപയോളമാവുമത്രേ. ഡോണര്‍ക്ക് കൊടുക്കേണ്ട തുക എത്രയുമാകാം. അത് ഒരു തീര്‍ച്ചയായ പ്രതിവിധിയല്ലതാനും. അതിന് തയ്യാറാകാത്തതിനാല്‍ രോഗിയുടെ പരിചരണത്തില്‍ ആസ്പത്രിക്കാര് വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും രോഗിണിക്കും ബന്ധുക്കള്‍ക്കും അനുഭവമുണ്ടായി. ഡയാലിസിസിന്റെ സമയത്ത് പതിവില്ലാത്ത ഒരു മരുന്നു കുത്തിവെച്ചപ്പോള്‍ അവര്‍ക്ക് രക്തസ്രാവവും ബോധക്ഷയവും വരികയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡയാലിസിസിന് വീണ്ടും കഴുത്തിലെ ഞരമ്പു തന്നെ മുറിച്ചു. എംആര്‍ഐ സ്കാനിംഗ് വെന്റിലേറ്റര്‍ മുതലായ പ്രയോഗങ്ങളും നടത്തി. ഇതിന് ബന്ധുക്കളെ നിര്‍ബന്ധിക്കുകയായിരുന്നു. ശാന്തമായ ഒരു അന്ത്യം നിഷേധിക്കപ്പെട്ട ആ സ്ത്രീ അനുഭവിക്കേണ്ടി വന്ന വേദന വിവരിക്കാനാകാത്തതായിരുന്നു.
നമ്മുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ രംഗം ആതുര ശുശ്രൂഷയിലെ മഹനീയ സേവനമെന്നതിനെക്കാള് കഴുത്തറുപ്പന്‍ കച്ചവടമായിത്തീരുന്നതിന്റെ ഉദാഹരണങ്ങളാണിവിടെ ചൂണ്ടിക്കാട്ടിയത്. മക്കള്‍ക്ക് അവിഹിത മാര്‍ഗത്തിലൂടെ ഉപരിപഠന പ്രവേശനം സമ്പാദിച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ നടത്തുന്ന ആസ്പ്രതിയും പ്രശസ്തമാണല്ലോ. മൂന്നു ദിവസം മുമ്പ് തന്നെ അന്ത്യം സംഭവിച്ച രോഗിയെ വെന്റിലേറ്ററില്‍ കിടത്തിയ ആസ്പത്രിയുടെ വാര്‍ത്തയും നാം വായിച്ചറിഞ്ഞിട്ടുണ്ട്.
രോഗികള്‍ ബില്ലുകൊടുത്തുതീര്ക്കുക എന്നതൊഴികെ ഒരവകാശവുമില്ല, അവര്‍ക്ക് ലഭിക്കുന്ന ചികിത്സ ആവശ്യമാണോ എന്നും മറ്റുമുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശം ഇന്ന് നിയമപുസ്തകത്തില്‍ വിശ്രമിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആതുര ശുശ്രൂഷ ജീവിതവ്രതമാണെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തിക്കുന്ന മിഷനുകളും അവരുടെ കര്‍ത്തവ്യം പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്.
തീര്‍ച്ചയായും ഈ കാര്യത്തില്‍ പ്രബുദ്ധരായ ജനങ്ങളുടെ ഇടപെടല്‍ ആവശ്യമാണ്.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: