വെയിലു കൊണ്ടാല്‍ ലഭിക്കുന്ന ഒരു വിറ്റമിന്‍ നമുക്കുണ്ട്-വിറ്റമിന്‍ ഡി. പക്ഷെ വെയിലില്‍ കുളിച്ചുനില്ക്കുന്ന ഇന്ത്യാ മഹാരാജ്യത്തിലെ പ്രജകളുടെ ശരീരത്തില്‍ വിറ്റമിന്‍ ഡി തീരെയില്ല. സൂര്യഭഗവാന്റെ പ്രസാദത്തില്‍ എരിപിരി കൊള്ളുമ്പോഴും വിറ്റമിന്‍ ഡി ഇല്ലാത്തതിന്റെ രോഗങ്ങള്‍ അവരെ വേട്ടയാടുകയാണ്. അതിന്റെ അഭാവം മൂലം രോഗബാധിതരായി ക്ലേശിക്കുന്നവരുടെ എണ്ണം കോടികള്‍ വരും. അതില്‍ ഗ്രാമീണരെന്നോ നഗരവാസികളെന്നോ ഭേദമില്ല.
വിറ്റമിനുകളുടെ ലോകത്തിലെ അത്ഭുതപ്രവര്‍ത്തകനാണ് സാക്ഷാല്‍ ‘ഡി’. മറ്റ് വിറ്റാമിനുകള്‍ മരുന്നായും മന്ത്രമായും ആഹാരമായും അകത്തെത്തുമ്പോള്‍ ‘ഡി’ വിറ്റമിനെ നമ്മുടെ ശരീരം തന്നെയാണ് നിര്‍മിച്ചെടുക്കുന്നത്. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ സഹായത്തോടെ തികച്ചും ഫ്രീയായി നമുക്ക് കിട്ടുന്ന ഒരേ ഒരു വിറ്റമിന്‍ ആണ് ഇതെന്നു കൂടി അറിയുക. പക്ഷെ ഈ വിറ്റമിന്റെ പേര് പറഞ്ഞ് മരുന്നു കമ്പനികള്‍ സമ്പാദിക്കുന്നത് കോടാനുകോടി ബില്യണ്‍ ഡോളറുകള്‍. കരുത്തുറ്റ പല്ലുകള്‍ക്കും ഉശിരുള്ള പേശികള്‍ക്കും വിറ്റമിന്‍ ഡി കൂടിയേ തീരൂ. പ്രതിരോധ ശക്തിയുടെ താക്കേലും ഇവന്റെ കയ്യില്‍ തന്നെ. എല്ലുകളുടെ ബലത്തിന് കാല്‍സ്യവും ഫോസ്ഫറസും യഥേഷ്ടം വേണമെന്ന കാര്യം നമുക്കറിയാം. പക്ഷെ ഇവയെ വലിച്ചെടുക്കാന്‍ വിറ്റമിന്‍-ഡി കൂടിയേ തീരൂ. ത്വക്കില്‍ നിര്‍മിക്കപ്പെടുന്ന ഈ വിറ്റമിന്‍ കാല്സിയോള് അഥവാ ആക്റ്റിവേറ്റഡ് വിറ്റാമിന്‍-ഡി എന്നറിയപ്പെടുന്നു. ഹോര്‍മോണ്‍ രൂപത്തില്‍ ഇത് കരളിലാണ് സഞ്ചയിക്കപ്പെടുന്നത്. അവിടെ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തപ്പെടുന്നു. എല്ലിനും പേശിക്കും പുറമേ ഹൃദയത്തിന്റെ ആരോഗ്യം, രക്തചംക്രമണം തുടങ്ങി ഒരുപിടി കാര്യങ്ങളില്‍ ‘ഡി’ നമ്മെ സഹായിക്കുന്നുണ്ട്.
അര്‍ബുദത്തെ പ്രതിരോധിക്കാനും അതിന് കഴിവുണ്ടത്രെ. ഇക്കാരണങ്ങളാല്‍ വിറ്റമിന്‍ ‘ഡി’ യുടെ അളവിനെ സംബന്ധിച്ച് നാം ജാഗ്രത പാലിക്കണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. ശരീരത്തില്‍ അളവ് തീരെ കുറഞ്ഞാല്‍ മഹാപിശകാണിവന്. ശരീരത്തിലെ അസ്ഥികള്‍ ദുര്‍ബലമായി ഒടിഞ്ഞ് നുറുങ്ങുന്ന രോഗം ഉറപ്പ്- കുട്ടികളില്‍ ‘റിക്കറ്റ്സ്’ രോഗവും മുതിര്‍ന്നവരില്‍ ‘ഓസ്റ്റിയോ മലാസിയ’ രോഗവും. മാംസപേശികളുടെ വലിവ്, അതിസമ്മര്‍ദം, മള്‍ട്ടിപ്പള്‍ സ്ലിറോസിസ്, പ്രതിരോധ ശക്തിയുടെ തകര്‍ച്ച, പ്രമേഹം കാന്‍സര്‍ എന്നിവക്കും വിറ്റമിന്‍-ഡിയുടെ അഭാവം വഴിവയ്ക്കും.
ഈ വിറ്റമിന്‍ കൂടിയാലുമുണ്ട് പ്രശ്നം. ദീര്‍ഘകാലം അമിതമായി കഴിച്ചാല്‍ ഡി-വിറ്റമിന്‍ ശരീരത്തിന്റെ കൊഴുപ്പില്‍ ലയിക്കും. ശരീരത്തില്‍ നിന്ന് പുറത്ത് പോകാതെ അടിഞ്ഞു കൂടുന്ന അത് രക്തത്തിലെ കാല്‍സ്യം അളവ് വല്ലാതെ വര്‍ധിപ്പിക്കും. ‘ഹൈപ്പര്‍ കാല്‍സീമിയ’ എന്ന അവസ്ഥ. കൊടിയ ക്ഷീണം, അസ്വസ്ഥത, അമിതദാഹം, രുചിക്കുറവ്, പേശീവേദന, അമിത മൂത്രശങ്ക എന്നിവ അതിന്റെ ലക്ഷണം. പൊണ്ണത്തടി കൂടാനും കൊഴുപ്പില്‍ വലയം പ്രാപിക്കുന്ന വിറ്റമിന്‍ ഡി വഴിവയ്ക്കുമത്രെ.
മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിറ്റമിന്‍ ഡിയുടെ സാന്നിദ്ധ്യം ഒരു പ്രശ്നമേ അല്ല. സൂര്യപ്രകാശവും ശരീരവും ചേര്‍ന്ന് അവര്‍ക്ക് അത് നിര്‍മിച്ചുകൊടുക്കുന്നു. പക്ഷെ ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് എന്ത് കുഴപ്പം സംഭവിച്ചു എന്നതാണ് സംശയം. പ്രതിവര്‍ഷം മുന്നൂറോളം ദിവസങ്ങളില്‍ പൂര്‍ണ സൂര്യനെ അനുഭവിക്കുമ്പോള്‍ ഭാഗ്യം ചെയ്തവരാണ് ഇന്ത്യക്കാര്‍. പക്ഷെ ജനസംഖ്യയില്‍ മുക്കാല്‍ പങ്കിനും ആവശ്യത്തിന് വിറ്റമിന്‍-ഡി ഇല്ല. ജീവിതചര്യയിലെ മാറ്റം, ഭക്ഷണശീലങ്ങളിലെ ആധുനികവത്കരണം, അന്തരീക്ഷ മലിനീകരണം എന്നിവ മുതല്‍ മത സംബന്ധമായ മൂടിക്കെട്ടിയുള്ള വസ്ത്രധാരണം വരെ ഇതിന് കാരണമായി പറയാറുണ്ട്. ഇതിനൊക്കെ പുറമെയാണ് സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാനുള്ള ആധുനിക ലേപനങ്ങളുടെ സാര്‍വത്രികമായ ഉപയോഗം മൂലമുള്ള കുഴപ്പങ്ങള്‍.
ഈ വിറ്റമിന്‍ പ്രശ്നം ഗുരുതരമാണെങ്കിലും അതിനെ കുറിച്ച് ഗൗരവതരമായ പഠനങ്ങള്‍ ഇനിയും നടക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഓരോ രാജ്യത്തെയും ജനങ്ങള്‍ക്ക് എത്രത്തോളം വൈറ്റമിന്‍ ആവശ്യമുണ്ടെന്നും എത്ര വരെ കുറഞ്ഞാല്‍ അപകടം ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇനിയും വ്യക്തമായി അറിയേണ്ടതുണ്ട്. അന്തരീക്ഷ മലിനീകരണവും കാലാവസ്ഥാ മാറ്റവും സൂര്യപ്രകാശത്തിന്റെ വരവിനെയും ഘടനയേയും എപ്രകാരം ബാധിക്കുന്നുവെന്നും മനസ്സിലാക്കാനിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഏതാണ്ട് മുക്കാല്‍ ഭാഗം ജനങ്ങള്‍ വിറ്റമിന്‍ ഡി കുറവുമൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. അവരില്‍ ഭൂരിപക്ഷവും ഈ രോഗത്തെ കുറിച്ച് അജ്ഞരാണ്. നടുവെട്ടിയാലും വശംതെറ്റിയാലും പേശി പിടിച്ചാലുമൊന്നും നാം ‘വിറ്റമിന്‍’ അളവ് പരിശോധിക്കാറില്ലല്ലോ. ഇനി പരിശോധിപ്പിക്കണമെങ്കില് തീപിടിച്ച ചെലവുണ്ട്. ആയിരം രൂപക്ക് മേല്‍ ആണ് പല ആശുപത്രികളിലും ‘ഡി’ പരിശോധനയ്ക്ക് ഈടാക്കുന്നത്. പരിഹാരമായുള്ള മരുന്നിനാകട്ടെ പിടിപ്പത് വിലയും. ഇല്ലാത്ത മുന്നറിയിപ്പുകളും പേടിപ്പിക്കുന്ന പ്രചാരണങ്ങളും നടത്തി ചില മരുന്ന് കമ്പനികള്‍ വിറ്റമിന്‍ ഡി വന്‍തോതില്‍ വിറ്റഴിക്കുന്നതായും ആരോപണമുണ്ട്. പല പരസ്യങ്ങളും കഴമ്പില്ലാത്തതെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. വിറ്റമിന്‍ ഡി യും കാല്‍സ്യവും ചേര്‍ന്ന കൂട്ടുകെട്ട് സ്തനാര്‍ബുദം തടയുമെന്നാണ് ഒരു അവകാശവാദം. പക്ഷെ അതില്‍ തരിമ്പും കഴമ്പില്ലെന്ന് ഒരു കൂട്ടം ഗവേഷകര്‍.
ഭക്ഷണത്തിലൂടെ വളരെ ചെറിയൊരംശം വിറ്റമിന്‍ ഡി ശരീരത്തിലെത്തും. പാലിലും മുട്ടയുടെ ഉണ്ണിയിലും കോഡ് ലിവര്‍ ഓയില്‍ എന്ന മീനെണ്ണയിലുമൊക്കെ ഈ വിറ്റമിനുണ്ട്. പക്ഷെ എത്രപേര്‍ക്ക് ദിവസവും പാല് കുടിക്കാന്‍ സാധിക്കും. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് (2009-10) പ്രകാരം ഒരാള്‍ക്ക് ഒരുമാസം കേവലം നാല് ലിറ്റര്‍ പാലാണ് ആഹരിക്കാന്‍ കഴിയുന്നത്. നഗരപ്രദേശങ്ങളിലാണെങ്കില്‍ 5.3 ലിറ്ററും. മുട്ടയും മീനെണ്ണയുമൊക്കെ ബഹുഭൂരിപക്ഷം വരുന്ന സസ്യഭുക്കുകള്‍ക്ക് വര്‍ജ്യവുമാണ്.
അയഡിന്‍ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ പരിഹാരത്തിന് കറിയുപ്പില്‍ അയഡിന്‍ ചേര്‍ത്ത് നല്കുന്ന സമ്പ്രദായം നമുക്ക് അപരിചിതമല്ലല്ലോ? അതേപോലെ പാലില്‍ നിശ്ചിത അളവ് വിറ്റമിന്‍ ഡി കലര്‍ത്തി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി പല വിദേശ രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. പക്ഷെ നാനാത്വം നിറഞ്ഞ നമ്മുടെ രാജ്യത്ത് ഓരോ ഭാഗത്തേയും ജനങ്ങളുടെ വിറ്റമിന്‍ കുറവും ആവശ്യകതയും വിശദമായി പഠിക്കാതെ അത്തരമൊരു ശ്രമം സാധ്യമല്ല. ഇക്കാര്യത്തിന് ഏറെ ചെലവ് വരുകയും ചെയ്യും. സത്യം ഇങ്ങനെയാണെങ്കില്‍ കൂടി വിലയേറിയ ഭക്ഷ്യ-പാനീയങ്ങളിലും കുട്ടികള്‍ക്കായുള്ള പോഷക സപ്ലിമെന്റുകളിലും ചെറിയ തോതില്‍ വിറ്റമിന്‍ ഡി ചേര്‍ക്കുന്ന ഏര്‍പ്പാട് നമ്മുടെ നാട്ടിലും ആരംഭിച്ചു കഴിഞ്ഞു.
പക്ഷെ വിറ്റമിന്‍ ഡി നിസ്സാരനല്ല. അവന്റെ ശക്തിക്ക് മുന്പില് നാം കീഴടങ്ങുക തന്നെ വേണം. എങ്കിലും അതിന്റെ പേരില്‍ ആശുപത്രികള്‍ക്കും മരുന്നു കമ്പനികള്‍ക്കും കീഴടങ്ങേണ്ടതുണ്ടോയെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യം-അതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍ പറഞ്ഞു തരുന്ന ബദല്‍ തന്നെ നമുക്കാദ്യം പരീക്ഷിക്കാം. ദിവസവും പത്ത് മിനിട്ടെങ്കിലും വെയില് കൊള്ളുക.
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: