തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ അവസാനഘട്ടത്തിലാണ്. ജി. കാര്‍ത്തികേയനെ കെപിസിസി അധ്യക്ഷനാക്കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ച. ഇതുസംബന്ധിച്ച് ചെന്നിത്തലയും കാര്‍ത്തികേയനും ഇന്നലെ ചര്‍ച്ച നടത്തി.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കാര്‍ത്തികേയനെ പരിഗണിക്കുന്ന കാര്യം ചെന്നിത്തല സ്ഥിരീകരിക്കുകയും ചെയ്തു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രി സ്ഥാനത്തേക്കില്ലെന്നും അതിനേക്കാള്‍ വലിയപദവിയാണ് കെപിസിസി അധ്യക്ഷസ്ഥാനമെന്നുമായിരുന്നു ഇതേവരെ ചെന്നിത്തല പറഞ്ഞിരുന്നത്. കെ ബി. ഗണേഷ്കുമാര് രാജിവെച്ച ഒഴിവില്‍ തല്‍ക്കാലത്തേക്ക് പകരം മന്ത്രി വേണ്ടെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.
തിരുവനന്തപുരത്ത് എത്തുന്ന എ.കെ. ആന്റണി സംസ്ഥാന നേതാക്കളുമായി മന്ത്രിസഭാ പുനസംഘടന ചര്‍ച്ച ചെയ്യും. ഹൈക്കമാന്റിന്റെ നിലപാടും ആന്റണി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. അതിനുശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ദല്‍ഹിക്ക് പോകും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്ന കാര്യം ഉറപ്പായെങ്കിലും എന്ത് വകുപ്പ് നല്‍കുമെന്നതിലാണ് ആശയക്കുഴപ്പം.ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പുമാണ് ചെന്നിത്തലയുടെ ആവശ്യം. ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂ വകുപ്പും നല്‍കാമെന്നതാണ് എ ഗ്രുപ്പിന്റെ നിലപാട്. റവന്യൂ വകുപ്പ് നല്‍കികൊണ്ടുള്ള പുനഃസംഘടന ഐ ഗ്രൂപ്പിന് താല്‍പ്പര്യവുമില്ല. ഉപമുഖ്യമന്ത്രി സ്ഥാനമില്ലെങ്കിലും പ്രധാന വകുപ്പായ ആഭ്യന്തര വകുപ്പിന്റെ കാര്യത്തില്‍ ചെന്നിത്തല വിട്ടുവീഴ്ചക്കില്ല. അങ്ങനെ വന്നാല്‍ വിജിലന്‍സ് മുഖ്യമന്ത്രി കൈവശം വെച്ച് ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്‍കും.
മന്ത്രിയാവാനില്ലെന്ന് കാര്ത്തികേയന് നേരത്തെ വ്യക്തമാക്കിയിരുന്നു. കടുത്ത ഐ ഗ്രൂപ്പ് നേതാക്കളില്‍ ആരെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പിനും താല്‍പ്പര്യം കാര്‍ത്തികേയനെ തന്നെയാണ്. എ.കെ. ആന്റണിക്കും കാര്ത്തികേയന് പ്രസിഡന്റ് ആകുന്നതിനോടാണ് താല്‍പ്പര്യം. ഏറെക്കുറെ സര്‍വസമ്മതന്‍ എന്നനിലയിലാണ് കാര്ത്തികേയന് കെപിസിസി അധ്യക്ഷനാവുക.
കാര്ത്തികേയന് കെപിസിസി അധ്യക്ഷനാവുകയും ചെന്നിത്തല മന്ത്രിസഭയിലേക്കു വരുകയും ചെയ്യുമ്പോള്‍ മന്ത്രിസഭയില്‍ നിന്നൊരാള്‍ സ്പീക്കര്‍ ആകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടൂര്‍ പ്രകാശിനുമാണ് സാധ്യത. ചെന്നിത്തലയുടെ വകുപ്പുമായി ബന്ധപ്പെട്ടാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. കെ.സി. ജോസഫിന്റെ പേരും സ്പീക്കറായി പരിഗണിക്കുന്നുണ്ട്.
ഗണേഷ്കുമാര് വഹിച്ചിരുന്ന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെകുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.ഗണേഷിന് പകരം തല്ക്കാലം ആരെയും മന്ത്രിയാക്കേണ്ടെന്ന നിലപാടാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായത്.ഗണേശിനെ തന്നെ വീണ്ടും മന്ത്രിയാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.തല്ക്കാലം ആരെയും മന്ത്രിയാക്കേണ്ടെന്ന നിലപാടിനോട് യുഡിഎഫ് യോഗത്തില്‍ ആര്. ബാലകൃഷ്ണപിള്ളയും യോജിക്കുകയായിരുന്നു. പകരം മന്ത്രി സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ബിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തും. അതേസമയം, എന്‍എസ്എസിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായില്ലെങ്കില്‍ ചെന്നിത്തലക്കൊപ്പം ഗണേശും കുടി സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതുസംബന്ധിച്ച് മന്ത്രി കെ.എം. മാണി എന്‍എസ്എസ് ആസ്ഥാനത്തെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സമവാക്യങ്ങള്‍ പിഴച്ചാല്‍ രമേശ് ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനുളള സാധ്യതയുമുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ രമേശിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. എന്‍എസ്എസുമായി കൊമ്പുകോര്‍ത്ത സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് തല്ക്കാലം നല്ലതെന്ന ചിന്ത ചെന്നിത്തലക്കും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: