കൊച്ചി: പ്രതിരോധ രംഗത്ത് കൂടുതല്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ഡയറക്ടര്‍ ജനറല്‍ ഡോ. വി.കെ. സാരസ്വത്. നിലവില്‍ 26 ശതമാനം വിദേശനിക്ഷേപം അനവദിച്ചിട്ടുണ്ട്. ഇത് 45 വരെയാകാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നത് പ്രതിരോധ മേഖലയുടെ നിയന്ത്രണം നമ്മുടെ കയ്യില്‍ നിന്ന് നഷ്ടപ്പെടുന്നതിന് വഴിയൊരുക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ് കൂടിയായ സാരസ്വത് പറഞ്ഞു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഡിആര്‍ഡിഒയുമായി സഹകരിച്ച് നടത്തുന്ന ദേശീയ പ്രതിരോധ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം സുരക്ഷ-2013നോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന്റെ (എഎംസിഎ) രൂപകല്പന ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. വിമാനത്തിന്റെ നിര്‍മാണത്തെ സംബന്ധിച്ച് ഒരു ദിവസത്തെ വിശദമായ ചര്‍ച്ചയും നടത്തി. നിരവധി സാങ്കേതിക വിദ്യകള്‍ ഇതിനായി കോര്‍ത്തിണക്കേണ്ടതുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഉടന്‍ സമര്‍പ്പിക്കും. ഒരു വര്‍ഷത്തിനകം ഇതിന്റെ നിര്‍മാണം ആരംഭിക്കും. ഡിആര്‍ഡിഒയും പ്രതിരോധമന്ത്രാലയവും അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായുസേനയ്ക്ക് വേണ്ടിയുള്ള നാലാം തലമുറയില്‍ പെടുന്ന ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) വിഭാഗത്തിലുള്ള ഒന്‍പത് യുദ്ധവിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ കഴിഞ്ഞു. നാവിക സേനയ്ക്ക് വേണ്ടിയുള്ള എല്‍സിഎയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഇത് ഈ വര്‍ഷം അവസാനത്തോടെ ഗോവയില്‍ പൂ ര്ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ-2013ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ അദ്ദേഹം നിര്‍വ്വഹിച്ചു. സുരക്ഷയും വികസനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടി ഇത്രയും പണം മുടക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് അര്‍ഥമില്ല. രണ്ടും പരസ്പര ബന്ധിതമാണ്.
അടുത്ത 10 വര്‍ഷത്തിനകം 80,000 കോടി രൂപയുടെ പദ്ധതികളാണ് ഡിആര്‍ഡിഒ ഏറ്റെടുക്കാന്‍ പോകുന്നത്. ഇതിനായി നൂറു കണക്കിന് എഞ്ചിനീയര്‍മാരുടെ പ്രയത്നം ആവശ്യമായുണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്യക്ഷമതയുള്ള എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എന്‍പിഒഎല്‍) ഡയറക്ടര്‍ എസ് അനന്തനാരായണന്‍ അധ്യക്ഷനായി. ഹൈബി ഈഡന് എംഎല്‍എ, വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ ജയകുമാര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം പ്രസിഡന്റ് ഡോ. വി പി എന്‍ നമ്പൂതിരി, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന് തെക്കേടത്ത്് , രജിസ്ട്രാര്‍ എ രാമചന്ദ്രന്, റിയര്‍ അഡ്മിറല്‍ എസ് മധുസൂദനന്, കമഡോര്‍ എസ് കെ മൂര്‍ത്തി, സുരക്ഷ-2013 സെക്രട്ടറി ജനറല്‍ ഡോ. ഇ വി രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: