കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ രണ്ട് എസ്പിമാരും നാല് ഡിവൈഎസ്പിമാരും ഉള്‍പ്പെടെ 12 പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നടപടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.
എസ്.പിമാരായ ഭുവനചന്ദ്രന്, ജമാലുദീന്, ഡിവൈഎസ്പിമാരായ ഇക്ബാല്‍, മഹേഷ് കുമാര്‍ തുടങ്ങിയവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. എഡിജിപി വിന്‍സണ്‍ എം പോളിനാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ പങ്കുള്ള രണ്ട് പോലീസുകാര്‍ക്ക് പെണ്‍വാണിഭത്തിലും പങ്കുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍വാണിഭത്തിന് സ്ത്രീകളെ എത്തിച്ചുകൊടുത്തതിന് അറസ്റ്റിലായ ലിസി സോജനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പോലീസുകാരുടെ പങ്ക് വ്യക്തമാകുന്നത്. എസ്ഐ രാജു മാത്യു സിവില്‍ പോലീസ് പ്രശാന്ത് എന്നിവര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്നതില്‍ സഹായിച്ചു. രാജു മാത്യു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
മനുഷ്യക്കടത്ത് സംഭവത്തില്‍ ഉന്നതരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസന്വേഷണം സിബിഐക്ക് വിടാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസന്വേഷണം എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടേണ്ടി വരുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: