തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ഐ.സി.യുവില്‍ നിന്നു കാണാതായ നവജാതശിശുവിനെ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡില്‍ നിന്നാണു കുഞ്ഞിനെ കണ്ടെത്തിയത്. ചാലക്കുടി പരിയാരം നായരങ്ങാടി സ്വദേശി സന്തോഷിന്റെ ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണു കാണാതായത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പുറത്തു പോയി വന്നപ്പോഴാണു കുഞ്ഞിനെ കാണാതായ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രി അധികൃതരും പോലീസും തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഏഴുദിവസം പ്രായമായ കുഞ്ഞിന് പ്രസവശേഷം മഞ്ഞനിറം കണ്ടതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രാവിലെ 5.15ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനകഴിഞ്ഞു പുറത്തിറങ്ങി 15 മിനിട്ടിനുള്ളിലാണ് കുഞ്ഞിനെ കാണാതായെന്ന വിവരം അറിയുന്നത്. പാലുകൊടുക്കാനായി അമ്മ ഐസിയുവിലെത്തിയപ്പോള് കുഞ്ഞിനെ കണ്ടില്ല. മണിക്കൂറുകള്‍നീണ്ട തെരച്ചിലിനൊടുവില്‍ ഒന്നാം വാര്‍ഡിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടികളുടെ ഐസിയുവിനു മുമ്പില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരുടെയും കണ്ണുവെട്ടിച്ചാണ് കുഞ്ഞിനെ മാറ്റിയത്. കാണാതായ കുട്ടിയടക്കം പത്തു കുഞ്ഞുങ്ങളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. കുട്ടികളുടെ കൂട്ടത്തില്‍ രണ്ടാഴ്ചമുമ്പ് നാടോടിസ്ത്രീ പ്രസവശേഷം ഉപേക്ഷിച്ചുപോയ കുഞ്ഞും ഉണ്ടായിരുന്നു. ഈ കുഞ്ഞിനെ തെരഞ്ഞ് കഴിഞ്ഞ ദിവസം അജ്ഞാത സ്ത്രീ ആശുപത്രി പരിസരത്ത് കറങ്ങിനടന്നിരുന്നു. തുടര്‍ന്ന് സ്ത്രീയെ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് സ്ത്രീയെ പരിസരത്ത് കണ്ടിരുന്നില്ല.
പത്തു ദിവസം മുമ്പാണ് വിദ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാനായി ഒരു ദിവസംകൂടി ഐസിയുവില്‍ കിടത്തി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: