തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനത്തിനു മുമ്പ് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ജൂണ്‍ പത്തിന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ബജറ്റ് പൂര്‍ണ്ണമായി പാസ്സാക്കിയെടുക്കേണ്ട സമ്മേളനമായതിനാല്‍ ജൂലായ് 18വരെ സമ്മേളനം നീളും.
കെ.ബി.ഗണേശ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നോക്കുന്നത്. നിയമസഭാ സമ്മേളനത്തിനു മുമ്പ് ആ വകുപ്പുകളുടെ ചുമതല ഒഴിഞ്ഞാല്‍ കൊള്ളാമെന്ന ആഗ്രഹം മുഖ്യമന്ത്രിക്കുണ്ട്. അതദ്ദേഹം ഇന്നലത്തെ മന്ത്രിസഭായോഗത്തിനു ശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഗണേശ് തന്നെ മന്ത്രിയാകുമോ എന്ന ചോദ്യത്തോട് ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദേശീയ ഗയിംസ് കൂടി അടുത്തു വരുന്ന സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ടുപോയ ഗണേശിനെ തന്നെ മന്ത്രിയാക്കണമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. കൂടാതെ സിനിമാ മേഖലയില്‍ ഗണേശ് നടത്തിയ പ്രവര്‍ത്തനങ്ങളോടും മുഖ്യമന്ത്രിക്കും പൊതുവെ മറ്റ് മന്ത്രിമാര്‍ക്കും നല്ല അഭിപ്രായമാണുള്ളത്. കേസുകളുടെ നൂലാമാലകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ഗണേശിന് മന്ത്രിയാകുന്നതിന് തടസ്സവുമില്ല.
ഗണേശിനെ മന്ത്രിയാക്കുന്നതില്‍ ബാലകൃഷ്ണപിള്ളയ്ക്ക് എതിര്‍പ്പാണെങ്കിലും എന്‍.എസ്.എസ് അനുകൂലമാണ്. ഗണേശിനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തന്നെ ആവശ്യപ്പെടുകയും ചെയ്തു. എന്‍.എസ്.എസ് അനുകൂലമായ സ്ഥിതിക്ക് ബാലകൃഷ്ണപിള്ളയുടെ എതിര്‍പ്പ് അത്രകാര്യമാക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ ഇതു സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാക്കേണ്ടി വരും.
വനം, കായിക, സിനിമ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിയെക്കൊണ്ടുവരുന്നതിനൊപ്പം മന്ത്രിസഭാ പുനഃസംഘടന മുഖ്യമന്ത്രിയുടെ മനസ്സിലുണ്ട്. കേരളയാത്രനടത്തി തിരുവനന്തപുരത്തെത്തിയ രമേശ് ചെന്നിത്തല മന്ത്രിമോഹമില്ലെന്ന് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും രമേശിനെകൂടി മന്ത്രിസഭയിലെടുത്ത് തന്റെ ഇരിപ്പിടം ഭദ്രമാക്കാനുള്ള ആഗ്രഹവും മുഖ്യമന്ത്രിക്കുണ്ട്. രമേശിന് ഏതു സമയത്തും മന്ത്രിസഭയിലേക്ക് വരാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തതാണ്. രമേശിനെ മന്ത്രിസഭയിലെടുത്താല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരും. സമുദായ സമവാക്യം പലിക്കാനായി ചില ഇളക്കി പ്രതിഷ്ഠകളുമുണ്ടായേക്കും. നാളെ തിരുവനന്തപുരത്തു ചേരുന്ന യുഡിഎഫ് യോഗത്തില്‍ പുനഃസംഘടന അജണ്ടയിലില്ലെങ്കിലും ഇതു സംബന്ധിച്ച് പ്രാഥമിക ചര്ച്ചകളുണ്ടാകാനാണ് സാധ്യത.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: