കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പരിഹസിച്ച് സി.പി.എം സംസ്ഥാന സമിതി അംഗവും ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയുമായ എം.എം മണി രംഗത്തെത്തി. ആനയും ആനപിണ്ടവും തമ്മിലുള്ള വ്യത്യാസമാണ് വി.എസും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ളതെന്ന് മണി പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും എ.ബി ബര്‍ദാനും സി.പി.എമ്മിന് വേണ്ടി വര്‍ത്തമാനം പറയേണ്ടെന്നും മണി പറഞ്ഞു. തക്ക കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയത്. പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള ഇവരെ ജോലി ഏല്‍പ്പിച്ചത് പാര്‍ട്ടി തന്നെയാണ്. അങ്ങനെയുള്ളവര്‍ പോളീറ്റ് ബ്യൂറോ ആകാന്‍ ശ്രമിക്കരുത്. ഇവരുടെ പ്രസ്താവനകള്‍ കേട്ടാല്‍ വി.എസിനെക്കാള്‍ ഉന്നതരാണെന്ന് തോന്നും. ബ്രാഞ്ച് ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരാണ് ഇവരെന്നും മണി പറഞ്ഞു.
പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചതിനാണ് ഇവരെ പുറത്താക്കിയത്. പുറത്താക്കിയതില്‍ പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി കണ്ട്രോള് കമ്മീഷനെ സമീപിക്കട്ടെ. വി.എസിന്റെ കൂടെ നിന്ന് നെയ്യും മസിലും കൂടിയതിന്റെ അഹങ്കാരമാണ് പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്ക്കെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: