കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസിലെ അഞ്ച് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ പിന്‍വലിച്ചു. ജയില്‍ സൂപ്രണ്ട് ബാബുരാജാണ് വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷയില്‍ ബുധനാഴ്ച വാദം കേള്‍ക്കാനിരിക്കേയാണ് അപേക്ഷ പിന്‍വലിക്കുന്ന കാര്യ സൂപ്രണ്ട് കോടതിയെ അറിയിച്ചത്. ടിപി വധക്കേസിലെ പ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികളെ ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു സൂപ്രണ്ടിന്റെ അപേക്ഷ. ജയിലില്‍ സഹതടവുകാരോട് വഴക്കുണ്ടാക്കി ജയിലിനുള്ളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൂപ്രണ്ട് അപേക്ഷ നല്‍കിയിരുന്നത്.
പ്രതികള്‍ ജയിലിനുള്ളില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു എന്ന് ജയില്‍ ജീവനക്കാര്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറാന്‍ പ്രതികള്‍ നടത്തിയ നാടകമായിരുന്നു ഇതെന്ന് ജയില്‍ ഡിജിപി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് പ്രതികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ പിന്‍വലിക്കാന്‍ സൂപ്രണ്ട് തീരുമാനിച്ചത്.
കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു ജയിലിലെ കലഹമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് റിമാന്‍ഡില്‍ കഴിയുന്ന ഷാജഹാന് എന്ന തടവുകാരനെ കൊടി സുനിയും സംഘവും മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച രണ്ട് ഹെഡ് വാര്‍ഡര്‍മാരെയും ഒരു അസിസ്റ്റന്റ് ജയിലറെയും പ്രതികള്‍ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: