കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. പത്രവിതരണത്തിനെത്തിയ 13കാരനായ ഫിറോസാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ കൊടുവള്ളി മദ്രസാ അങ്ങാടിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മറിഞ്ഞ ലോറിയില്‍ നിന്ന് പാചകവാതകം നേരിയ തോതില്‍ ചോര്‍ന്നത് ആശങ്കയുണ്ടാക്കി. ഫയര്‍ഫോഴ്സും പോലീസസും സ്ഥലത്തെത്തി സമീപത്ത് നിന്ന് ജനങ്ങളെ മാറ്റി. ടാങ്കര്‍ ലോറി മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രൂക്ഷമായ ഗന്ധത്തോടെ ഗ്യാസ് ചോരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
മംഗലാപുരത്ത് നിന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഗ്യാസുമായി കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് സൈക്കിളില്‍ പോകുകയായിരുന്ന ഫിറോസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്തുള്ള കടയിലേക്ക് പാഞ്ഞുകയറിയ ശേഷമാണ് ടാങ്കര്‍ മറിഞ്ഞത്.
കൊടുവള്ളി പോലീസും കോഴിക്കോട് നിന്നും താമരശേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: