തിരുവനന്തപുരം: സന്തത സഹചാരിയായ സുരേഷിന്റെ കൈത്താങ്ങില്ലാതെ പ്രതിപക്ഷ നേതവ് വി. എസ്. അച്യുതാനന്ദന് ഇന്നലെ എ.കെജി സെന്ററിന്റെ പടി ചവിട്ടി. പാര്‍ട്ടി നടപടിക്ക് വിധേയനായ സുരേഷിനെ ഒഴിവാക്കിയാണ് മൂന്നു മാസങ്ങള്‍ക്കു ശേഷം വി.എസ് ഇന്നലെ പാര്‍ട്ടി സെക്രട്ടറിയേറ്റിന് എത്തിയത്. പാര്‍ട്ടി നടപടികള്‍ അംഗീകരിച്ച്, പൂര്‍ണ്ണമായും പാര്‍ട്ടിക്കു വിധേയനായാണ് വിഎസ് ഇന്നലെ കാണപ്പെട്ടത്. കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് വി. എസ് പുറപ്പെടുമ്പോള്‍ ഒപ്പം കയറാതെ സുരേഷ് മാറിനിന്നു. പകരം അഡീഷണല്‍ പെഴ്സണല്‍ അസിസ്റ്റന്റ് പി.വി.വിനോദ് വി. എസിന്റെ കൈപിടിച്ചു.
വിഎസിന്റെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ മൂന്നു പേരെ പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചെങ്കിലും കന്റോണ്‍മെന്റ് ഹൗസിലെ ഓഫീസില്‍ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്, പെഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവര്‍ പതിവുപോലെ ഹാജരായിരുന്നു. ബാലകൃഷ്ണനും ശശിധരനും മടങ്ങുന്നതിന് മുമ്പ് ബാക്കിയുള്ള ചുമതലകള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലായിരുന്നു.
എ.കെ.ജി സെന്ററിനെ ശത്രുപക്ഷത്തു നിര്‍ത്തി പോരാട്ടം നടത്തിവന്ന വി.എസ് നിരായുധനായാണ് ഇന്നലത്തെ ദിവസം ആരംഭിച്ചത്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കുറിക്കുകൊള്ളുന്ന മറുപടികള്‍ തയാറാക്കിയും രാഷട്രീയ നിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ ഇടപെട്ടും വി.എസിന്റെ ആശയപോരാട്ടങ്ങളില്‍ പ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണന് വഹിച്ച പങ്ക് ചെറുതല്ല. വി.കെ ശശിധരനാകട്ടെ, പതിറ്റാണ്ടുകളായി വി.എസ് നടത്തുന്ന നിയമപോരാട്ടങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രമാണെന്ന് സി.പി.എം നേതൃത്വത്തിനും നന്നായറിയാം. ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ ശശിധരന് വിഎസിന്റെ കോടതി വിജയങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചയാളാണ്.
ഇതിലെല്ലാം ഉപരിയാണ് വി.എസിന് സുരേഷ്. വി.എസിന്റെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്ന വിശ്വസ്തന്. രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയപ്പോഴും പൊതുവേദിയില്‍ ആയിരങ്ങളുടെ മുന്നില്‍വെച്ച് ആക്ഷേപിച്ചപ്പോഴും സുരേഷിന്റെ കൈപിടിച്ചാണ് പുതിയ രാഷ്ട്രീയ തന്ത്രങ്ങളുടെ പണിപ്പുരയിലേക്ക് വി.എസ് നടന്നുപോയത്. ഇത്തരത്തില്‍ വി.എസിന് വൈകാരിക ബന്ധമുള്ളവര്‍ ഒപ്പമില്ലാത്ത ആദ്യദിനമായ ഇന്നലെ വി.എസ്സിനെ സംബന്ധിച്ചിടത്തോളം തളര്‍ച്ചയുടെ ദിനമായിരുന്നു.
സുരേഷും ശശിധരനും ഇന്നലെ പാര്‍ട്ടി നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് നടപടിക്ക് വിധേയരായവര്‍ രംഗത്തു വന്നത് ശ്രദ്ധേയമായി. തനിക്കെതിരെ എന്തിനാണ് പാര്‍ട്ടി നടപടിയെടുത്തതെന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോഴും അദ്ദേഹം. വി.എസിന്റെ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ശശിധരന്, അദ്ദേഹം ആവശ്യപ്പെട്ടാല്‍ ഇനിയും സഹകരണം നല്കാന് തയാറാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളുടെ സേവനം സ്വീകരിക്കുന്നത് സി.പി.എം അനുവദിച്ചേക്കില്ല. വി.എസ് പ്രതിപക്ഷ നേതാവായി തുടരുന്നിടത്തോളമെങ്കിലും ശശിധരന്റെ സഹായം സ്വീകരിക്കുന്നത് പാര്‍ട്ടി തടഞ്ഞേക്കും.
പാര്‍ട്ടിക്കെതിരെ ഒരു കാലത്തു പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശിധരന് പറഞ്ഞു. സിപിഎമ്മിലെ ഉന്നതയോഗങ്ങളുടെ വാര്‍ത്തകള്‍ താന്‍ വഴി ചോര്‍ന്നു മാധ്യമങ്ങളിലെത്തിയെന്നാണ് പറയുന്നത്. അപ്പോള്‍ താനല്ലല്ലോ കുറ്റക്കാരന്‍ എന്ന് ശശിധരന് ചോദിച്ചു. എന്നാല്‍ നടപടിക്കെതിരെ കണ്ട്രോള് കമ്മീഷന് പരാതി നല്‍കില്ല. കണ്ട്രോള് കമ്മീഷന് പരാതി നല്‍കിയിട്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. കമ്മീഷന്റെ തീരുമാനം പാര്‍ട്ടിക്ക് വിധേയമായതിനാല്‍ മറിച്ചൊരു തീരുമാനം ഉണ്ടാകുമെന്ന് ശശിധരന് പ്രതീക്ഷിക്കുന്നില്ല. മറ്റു രണ്ടുപേരും അക്കാരണത്താല്‍ തന്നെ കണ്ട്രോള് കമ്മീഷനെ സമീപിക്കുന്നില്ല.
തന്റെ ജോലികളില്‍ മുഴുകിയ ബാലകൃഷ്ണന് മാധ്യമങ്ങളോട് ഇനിയൊന്നും പറയാനില്ലെന്ന തരത്തില്‍ തന്റെ ഇരിപ്പിടത്തില്‍ തന്നെ ഒതുങ്ങിക്കൂടി.
രാവിലെ തന്നെ കന്റോണ്‍മെന്റ് ഹൗസിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഏറെ വിഷാദവാനായി കാണപ്പെട്ടത് സുരേഷിനെയാണ്. പ്രതികരണം ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന് വാക്കുകള്‍ മുഴുവിപ്പിക്കാനായില്ല. ആകെ സങ്കടപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. ഏതു നടപടിയിലും വി.എസ് തന്റെ പോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് സുരേഷ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ നിന്ന് വിട്ടുമാറുന്നതില് വലിയ ദുഃഖമുണ്ടെന്നും സുരേഷ് പറഞ്ഞു. അച്യുതാനന്ദന് എന്ന ചുവന്ന സൂര്യനെ പാഴ്മുറംകൊണ്ട് മറയ്ക്കാന്‍ കഴിയില്ല. മൂന്നു പേരെ പുറത്താക്കി വിഎസിനെ പോരാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണെന്നും സുരേഷ് പറഞ്ഞു.
ഇതിനിടെ പെഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് മൂവരും വി.എസിനോട് ആവശ്യപ്പെട്ടു. വി.എസ് പൊതുഭരണ വകുപ്പിന് ഇതു സംബന്ധിച്ച കത്ത് കൈമാറുമ്പോള്‍ മൂന്നുപേരും കന്റോണ്‍മെന്റ് ഹൗസിന്റെ പടിയിറങ്ങും.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: