കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി നിര്‍വ്വാഹക സമിതി അംഗം ഗംഗാധരന് നായര്‍ക്കെതിരെ കോണ്‍ഗ്രസിലും പോര് മുറുകുന്നു. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ വെച്ച് പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളില്ലെന്നും ഡോക്ടര്‍മാരെയും ദുരിതബാധിതരേയും അധിക്ഷേപിച്ച് ഗംഗാധരന് നായര്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. ഈ വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഗംഗാധരന് നായര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചത്. പാര്‍ട്ടിയുടെ പരിപാടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഡിസിസി പ്രസിഡണ്ട് സി.കെ.ശ്രീധരന്, ഗംഗാധരന് നായര്‍ നടത്തിയ പരാമര്‍ശം അനുചിതമാണെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ഗംഗാധരന് നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. നേതൃത്വം നിലപാടെടുക്കാതെ സംസ്ഥാന നേതൃത്വത്തിന് കൈമാറുകയാണുണ്ടായത്. ഗംഗാധരന് നായര്‍ വീണ്ടും വിവാദമാവുകയാണെങ്കില്‍ നടപടി എടുക്കേണ്ടി വരുമെന്നും സി.കെ.ശ്രീധരന് പറഞ്ഞു. എന്നാല്‍ ഡിസിസി പ്രസിഡണ്ട് പത്രസമ്മേളനത്തില്‍ വിശദീകരിച്ചുകഴിഞ്ഞപ്പോഴും തണ്റ്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗംഗാധരന് നായര്‍ അറിയിച്ചു. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്നും കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുത്ത് ആനുകൂല്യം പറ്റുന്നവരാണ് ഉള്ളത്. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നിലനില്ക്കുന്നതുകൊണ്ടാണ് അവിടെ കേന്ദ്ര സര്‍വ്വകലാശാല വന്നതെന്നും ഗംഗാധരന് പറഞ്ഞു. പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടെന്ന് വരുത്തി തീര്‍ത്ത് അവിടെ കേന്ദ്ര സര്‍വ്വകലാശാല വരുന്നത് തടയുന്നതിനുവേണ്ടി പി.കരുണാകരന് എംപിയും സ്ഥലം എംഎല്‍എയും ശ്രമിച്ചിരുന്നുവെന്നും ഗംഗാധരന് ആരോപിച്ചു. തണ്റ്റെ വിമര്‍ശിച്ച പാര്‍ട്ടിക്കെതിരെയും ഡിസിസി പ്രസിഡണ്ടിനെതിരേയും രൂക്ഷ പരാമര്‍ശമാണ് ഗംഗാധരന് നായര്‍ നടത്തിയത്. ഡിസിസി പ്രസിഡണ്ടിന് എന്ത് വേണമെങ്കിലും പറയാം. പാര്‍ട്ടിയോട് ചോദിച്ചല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഇനിയും ഇതേ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും. കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്താലും പ്രശ്നമില്ല. എന്‍ഡോസള്‍ഫാന്‍ പെരിയയില്‍ ഉണ്ടെന്ന് തീരുമാനിക്കേണ്ടത് ഡിസിസി പ്രസിഡണ്ടല്ല, ഡോക്ടര്‍മാരാണ്. എന്‍ഡോസള്‍ഫാന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. അവര്‍ ഇതിനു മറുപടി പറയുമെന്ന് ഗംഗാധരന് നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രതിനിധിയായി എന്ഡോസള്ഫാന്സെല്ലില് ഉള്‍പ്പെടുത്തിയ ഗംഗാധരന് നായരെ നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. ശക്തമായ ജനവികാരം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കുശേഷം മുഖം മിനുക്കാന്‍ ഡിസിസി നേതൃത്വം വിശദീകരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: