ആലുവ: ശിവരാത്രി മണപ്പുറത്തെ ഹരിതവനം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെരിയാറിന്റെ തീരം സംരക്ഷിക്കുന്നതിന് രണ്ടരപതിറ്റാണ്ട് മുമ്പ് അന്നത്തെ കളക്ടറായിരുന്ന കെ.ആര്.രാജര് അനുവദിച്ച 50,000 രൂപ ഉപയോഗിച്ചാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ.എസ് സീതാരാമന്, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്. ഇന്ന് വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്ന് വനത്തിന്റെ സാദൃശ്യവും സ്വഭാവവും പേറുന്ന കുട്ടിവനമാണിത്. വനത്തിന്റെ സ്വഭാവം കുട്ടികളെ നേരിട്ട് കാണിച്ചുകൊടുക്കുന്നതിന് ആലുവായിലെ പല സ്ക്കൂളുകളിലേയും കുട്ടികളെ ഹരിതവനത്തിലേക്ക് കൊണ്ടുവരാറുണ്ട്.
ശുദ്ധവായു ശ്വസിക്കാനായി പലരും എത്താറുള്ളത് ഇവിടെയാണ്. എന്നാല്‍ നാടിന്റെ സ്വത്തായ ഇത് ജനങ്ങള്‍ക്ക് അന്യമാകുന്ന സാഹചര്യമാണ്. ഇപ്പോള്‍ തുച്ഛമായ വാടക ഈടാക്കി സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കാനാണ് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. പൊതുസ്ഥലത്തെ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പൗരാവകാശങ്ങളുടെ നിഷേധമാണ്. വനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതിന് അനുമതി നല്‍കിയതായാണ് അറിയുന്നത്. തീരദേശ സംരക്ഷണ നിയമങ്ങളുടെ ലംഘനമായിരിക്കും ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. വനത്തില്‍ ഒത്തുചേരുന്ന കൊക്കുകളേയും കാക്കകളേയും വിവിധ ഇനം പക്ഷികളെയും സ്വകാര്യ വ്യക്തിയുടെ ആജ്ഞാനുവര്‍ത്തികള്‍ ഇപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച് വിരട്ടിവിടുന്നുണ്ട്.
ഹരിതവനം സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുക്കാനുള്ള കരാര്‍ ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം നഗരസഭ ചെയര്‍മാനും സെക്രട്ടറിയും തഹസില്‍ദാറും പങ്കെടുത്ത കളക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ്. എന്നാല്‍ വനം പാട്ടത്തിന് നല്‍കുന്നതിന് നഗരസഭ എതിരാണെന്ന പ്രചരണം ജനങ്ങളെ കബളിപ്പിക്കലാണ്. കോടികള്‍ വിലമതിക്കുന്ന പൊതുസ്വത്ത് സ്വകാര്യവ്യക്തികളുടെ മേച്ചില്‍പ്പുറമാക്കാന്‍ അനുവദിക്കുന്നത് ആലുവായില്‍ ആദ്യത്തെ അനുഭവമല്ല. പട്ടണത്തിന്റെ ഹൃദയഭാഗത്ത് കോടികള്‍ വിലമതിക്കുന്ന പി.ഡബ്ല്യുഡി റസ്റ്റ് ഹൗസ് ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. പൊതുജനം കുളിക്കടവായും വിനോദത്തിനായും ഉപയോഗിച്ചിരുന്ന സ്ഥലത്ത് നിര്‍മ്മിച്ച കെട്ടിടം(മഴവില്‍ റസ്റ്റോറന്റ്) ഇപ്പോള്‍ സ്വകാര്യ വ്യക്തി ഹോട്ടല്‍ നടത്തുകയാണ്.
പൊതു മുതല്‍ അന്യാധീനപ്പെടുന്ന ഇത്തരം നടപടികള്‍ക്കെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സമിതിയും വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ഹരിതവനം കൈമാറുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: