ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നവാസ് ഷെരീഫിന് മൂന്നാമൂഴം. പൊതുതെരഞ്ഞെടുപ്പില്‍ 125-ലധികം സീറ്റുകള്‍ നേടിയ നവാസിന്റെ പാക്കിസ്ഥാന് മുസ്ലീംലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയായിമാറി. 34 സീറ്റുകള്‍ നേടിക്കൊണ്ട് ഇമ്രാന്‍ഖാന്റെ തെഹ്രിക്-ഇ- ഇന്‍സാഫ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ഭരണകക്ഷിയായ പിപിപി 32 സീറ്റുമായി മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഫലം പൂര്‍ണമായും പുറത്തുവരുന്നതോടെ നവാസ് ഷെറീഫിന്റെ പാര്‍ട്ടി കൂടുതല്‍ മെച്ചപ്പെട്ട നിലയിലാകുമെന്നാണ് സൂചന. അതിനിടെ, വ്യാപകമായി അരങ്ങേറിയ ആക്രമണങ്ങളെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ പാക് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. കറാച്ചിയില്‍ മാത്രം മുപ്പത്തിലധികം പോളിംഗ് സ്റ്റേഷനുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം അഭിപ്രായ സര്‍വേ ഫലങ്ങളെ സാധൂകരിക്കുന്നതായിരുന്നു. തൂക്കുപാര്‍ലമെന്റ് ഉണ്ടാകുമെന്ന് പ്രവചിച്ച അഭിപ്രായ സര്‍വേയില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രാമുഖ്യം ലഭിക്കാതിരുന്ന ഇമ്രാന്‍ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ് അടുത്തതോടുകൂടി നിര്‍ണായക ശക്തിയായി മാറി. ഖാന്റെ പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തുമെന്നാണ് അഭിപ്രായസര്‍വേ സൂചിപ്പിച്ചത്. അതും യാഥാര്‍ത്ഥ്യമായി.
രാജ്യത്തിന്റെ 66 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന ജനങ്ങളുടെ തിരിച്ചറിവ് വ്യാപക അക്രമങ്ങള്‍ക്കിടയിലും പോളിംഗ് ബൂത്തിലേക്കെത്താന്‍ അവര്‍ക്ക് പ്രേരണ നല്കി. ഭീകരരുടെ നിരോധനാജ്ഞകള്‍ പലതും നിലവിലുണ്ടായിരുന്നിട്ടും വോട്ടിംഗ് ശതമാനം 60 ന് അടുത്തെത്തിയത് പാക്കിസ്ഥാനിലെ ജനാധിപത്യത്തിന് ഉണര്‍വേകുകയാണ്.
അധികാരത്തിലെത്തുന്നതിനായി മറ്റ് പാര്‍ട്ടികളുടെ സഹായം നവാസ് തേടേണ്ടിവരും. കേവല ഭൂരിപക്ഷത്തിന് വേണ്ട 172 സീറ്റുകള്‍ ഉറപ്പാക്കാനാകുമെന്ന് പിഎംഎല്‍ (എന്‍) കണക്കുകൂട്ടുന്നു. അതിനിടെ 12 സീറ്റുകള്‍ നേടിയ എംക്യുഎം നവാസ് ഷെരീഫിന് പിന്തുണ നല്‍കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 11 സീറ്റുകള്‍ നേടിയ ജമയത്ത് ഉലേമ-ഇ-ഇസ്ലാം ഷെരീഫിനെ പിന്തുണക്കുമെന്ന് കരുതപ്പെടുന്നു. ഇതുകൂടാതെ നിരവധി സ്വതന്ത്രരും പുതിയ സര്‍ക്കാരിനൊപ്പമുണ്ടാകും.
നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് നവാസ്ഷെരീഫ് അധികാരത്തിലേക്കെത്തുന്നത്. തീവ്രവാദത്തിന്റെ വളര്‍ച്ചയും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ താലിബാന്റെ ശക്തമായ സാന്നിധ്യവും വര്‍ധിച്ചുവരുന്ന അഴിമതിയും അമേരിക്കയുമായുള്ള സുഖകരമല്ലാത്ത ബന്ധവും പാക്കിസ്ഥാനെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയും തകര്‍ച്ചയുടെ പാതയിലാണ്.
പാക്കിസ്ഥാന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് ഷെറീഫ് വ്യക്തമാക്കിക്കഴിഞ്ഞു. വിജയാഘോഷത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചാബിലെ സര്‍ഗോദ മണ്ഡലത്തില്‍നിന്നാണ് ഷെറീഫ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാമതും പ്രധാനമന്ത്രിയാകുന്ന പാക്കിസ്ഥാനിലെ ആദ്യ വ്യക്തികൂടിയാണ് നവാസ് ഷെരീഫ്.
ശനിയാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുകയായിരുന്നു. അതിനാല്‍ ഇന്നലെ രാവിലെതന്നെ വ്യക്തമായ ലീഡ് നില അറിയാന്‍ സാധിച്ചിരുന്നു. വ്യാപക അക്രമങ്ങളെത്തുടര്ന്ന് ഇറാന്, അഫ്ഗാന് രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ച ശേഷമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് നേടിയ വിജയത്തെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യ സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ വരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: