കടലിനെ കൈക്കുടന്നയിലാക്കി ഉടയതമ്പുരാന് ഒരു ചിമിഴിലടച്ചു. കടലേഴുമടങ്ങിയ ആ ചിമിഴ് ദൈവം സൂക്ഷിക്കാനേല്‍പ്പിച്ചതായിരുന്നു മലയാളിയെ.
അവനാണല്ലോ അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരന്. ഈശ്വരന്റെ കൈതൊട്ടപ്പോള്‍ ഉപ്പുകടല്‍ അമൃതസരസായി.
ആ കടലിന് കാവലായി ഇരുപത് കുന്നുകളെ അവന് സൃഷ്ടിച്ചു. ഇരുപത് കിലോമീറ്റര്‍ തീരനീളത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക് കുളിക്കാനും കുടിപ്പാനും ആണ്ടോടാണ്ട് തനിക്കൊന്ന് ആറാടാനും ആരും തൊട്ടശുദ്ധമാക്കാതെ ചിമിഴ് നിറയെ കണ്ണീരുപോലെ തെളിനീര്. കടുത്ത വേനലില്‍ തൊണ്ടവരളുന്ന നാടിന് അമൃതായി അങ്ങനെ കൊല്ലത്തുകാരുടെ കോട്ടേക്കായല്‍ നീണ്ടുനിവര്‍ന്നു കിടന്നു, എത്രയോനാള്‍…..
ലോകത്തെവിടെയും കിട്ടാത്തത്ര പരിശുദ്ധമായ ഈ തെളിനീരിലായിരുന്നു ഇക്കാലമത്രയും നാട്ടുകാരുടെ നീരാട്ട്. എല്ലാവര്‍ഷവും കായലില്‍ ആറാടാന്‍ ഉടയതമ്പുരാനും എത്തി. ശാസ്താംകോട്ട ധര്‍മ്മശാസ്താവിന്റെ ആറാട്ടുകടവായിരുന്നു അത്. ദൈവത്തിന്റെ സൃഷ്ടികളില്‍ പണിക്കുറ്റം തീര്‍ത്തെടുത്ത ഒന്നേയൊന്ന് കോട്ടയിലെ കുന്നുകളും അതിന് നടുവിലെ ഈ നീലത്തടാകവുമാണെന്ന് പഴമക്കാര്‍ കഥ പറയും. കായലിന് കാവലായി ധര്‍മ്മശാസ്താവും ശാസ്താവിന് കൂട്ടുകാരായി ശ്രീരാമസേനയിലെ വിഖ്യാതനായ നളനും പിന്മുറക്കാരും. എങ്ങും പച്ചപ്പായിരുന്നു, എന്നും തണുത്ത കാറ്റ് വീശിയിരുന്നു. ഈ കായലോരത്തിരുന്ന് ചിരിച്ചും കളിച്ചും കഥ പറഞ്ഞും എത്രയോ കൗമാരങ്ങള്‍ യൗവനം കടന്നു നരബാധിച്ച് കാലത്തോട് ചേര്‍ന്നു. മരണമില്ലാത്ത തടാകത്തിന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളില്‍ ജീവിച്ചുമരിച്ചു എത്രയോ ഗ്രാമീണര്‍, തൊഴിലാളികള്‍, കവികള്‍, പണ്ഡിതന്മാര്….
ആകാശം ഇടിഞ്ഞു വീണാലും ശാസ്താംകോട്ട കായല്‍ വറ്റില്ല എന്നായിരുന്നു പ്രമാണം. പായലില്ലാത്ത കായല്‍. നിറഞ്ഞു പരന്ന വിശാലമായ തടാകപ്പരപ്പ്. സ്വയം ശുദ്ധീകരിക്കാന്‍ കഴിവുളള പ്രകൃതിയുടെ വരദാനം. അതിശയപ്പിറവിയുടെ ആഴവും ഉറവയും ചരിത്രവും തേടി ശാസ്ത്രലോകം പതിറ്റാണ്ടുകള്‍ ഗവേഷണം നടത്തി. കായലിന്റെ അടിത്തട്ടു നിറയെ ഐസുകട്ടകള്‍ മൂടിക്കിടക്കുകയാണെന്ന് ചില പണ്ഡിതന്മാര് പഠനത്തിലൂടെ കണ്ടെത്തി. മാലിന്യങ്ങളെ ശുദ്ധീകരിച്ച് ലയിപ്പിക്കുന്ന കാര്‍ബോ ബോറസ് ലാര്‍വ ഇതിനെ ശുദ്ധജലതടാകമാക്കുന്നുവെന്ന് കണ്ടെത്തലുകളുണ്ടായിരുന്നു. ഉല്‍ക്ക പതിച്ചപ്പോള്‍ ഭൂമി താണതാണ് തടാകമായതെന്ന് ഒരു കൂട്ടര്. മറ്റുചിലര്‍ ഭൂകമ്പത്തെ കൂട്ടുപിടിച്ചു. അഷ്ടമുടിക്കായലിന് അതിരിടുന്ന എട്ടു മുടികളില്‍ ഒന്ന് പിളര്‍ന്നതാണെന്ന് പ്രാദേശിക ചരിത്രകാരന്മാര് കൂട്ടിച്ചേര്‍ത്തു. സവിശേഷതകളൊന്നും കൃത്രിമമായിരുന്നില്ല. ഭൂമണ്ഡലം എന്നുണ്ടായോ അന്നുമുതല്‍ ഇവിടെ ഇങ്ങനെ ഒരു തടാകം ഉണ്ടായിരുന്നുവെന്ന് പറയാനും കേള്‍ക്കാനുമാണ് ഞങ്ങള്‍ ശാസ്താംകോട്ടക്കാര്ക്കിഷ്ടം.
എന്നിട്ടും എന്നിട്ടും തിമിര്‍ത്ത് നീരാടാന്‍ ദൈവം കൈവെള്ളയിലേക്ക് കനിഞ്ഞുനല്കിയ ആ തണ്ണീര്‍ച്ചെപ്പ് ഞങ്ങള്‍ ഉടച്ചുകളഞ്ഞു. കാവലിന് അവന് നിര്‍ത്തിയ കല്ലടക്കുന്നുകളുടെ അടിവാരം മാന്തി ഞങ്ങള്‍ മണിമാളികകള്‍ കെട്ടി. മണ്ണിന് പൊന്നിന്റെ വിലയുണ്ടായപ്പോള്‍ പകലും രാത്രിയുമില്ലാതെ കൂറ്റന്‍ യന്ത്രക്കയ്യുകള്‍ മലനിരകളുടെ മാറ് പിളര്‍ന്നു. ഞങ്ങളുടെ തെരുവോരങ്ങളില്‍ ഭൂമിയുടെ ഹൃദയത്തിനു മീതെ വലിയ ടിപ്പറുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കുന്നുകള്‍ക്കപ്പുറത്ത് ഒരു നാടിന് മുഴുവന്‍ നീരുറവയുടെ നനവുപകര്‍ന്ന പടിഞ്ഞാറെ കല്ലട, ചേലൂര്‍ പുഞ്ചകള്‍ മുഴുവന്‍ ഞങ്ങള്‍ തൂര്‍ത്ത് കളഞ്ഞു. ഉഗ്രശേഷിയുള്ള മോട്ടോറുകള്‍ ദിവസങ്ങളോളം നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ച് ആ പുഞ്ചകളില്‍ അവശേഷിച്ച നനവുകൂടി വലിച്ചെടുത്തു. മേല്പ്പാളികള് അപ്പാടെ അടര്‍ത്തിയെടുത്ത് ചെളിയടരുകളാക്കി വലിയ വിലയ്ക്ക് വിറ്റു. അതിനടിയില്‍ കൂമ്പാരം പോല്‍ ചിതറിക്കിടന്ന സ്വര്‍ണവര്‍ണ മണല്‍ത്തരികള്‍ ലോഡ് കണക്കിന് കയറ്റിവിട്ടു. മണലെടുത്തും ചെളിയൂറ്റിയും ആ പുഞ്ചകളില്‍ പുതിയ തടാകങ്ങള്‍ രൂപം കൊണ്ടു. ആഴക്കുഴികള്‍ മരണക്കുഴികളായി. ദൈവം തമ്പുരാന് ആറാടാന്‍ അവന് സൃഷ്ടിച്ച അമൃതസരസ് മനുഷ്യ ദുര തീര്‍ത്ത മരണക്കുഴികളിലേക്ക് വലിഞ്ഞുതാണു. ഒന്നരപ്പതിറ്റാണ്ടിലേറെയായി ഞങ്ങളുടെ കണ്മുന്നിലുണ്ട് ആ ദൃശ്യങ്ങള്‍. തീരം മൂടി കല്ലടക്കുന്നുകളുടെ അടിവാരം നനഞ്ഞ് നിറഞ്ഞുകിടന്ന തടാകം പിറകോട്ട് മാറുന്നതിന്റെ കാഴ്ചകള്‍.
എന്നിട്ടും എന്നിട്ടും എന്തൊരു ആര്‍ത്തിയോടെയാണ് ഞങ്ങള്‍ മലയിടിച്ച്, മരം മുറിച്ച്, മണലൂറ്റി മുന്നേറിയതെന്നോ. കൊടുക്കേണ്ടവര്‍ക്കെല്ലാം കൊടുത്തു. വാങ്ങേണ്ടവര്‍ കൈനിറയെ വാങ്ങി. കണ്ണുമടച്ച് പുരോഗമനം പ്രസംഗിച്ചു. വികസന ചക്രവാളത്തില്‍ വിരിയേണ്ട ഹരിതാഭയെക്കുറിച്ച് ഞങ്ങളില്‍ ചിലര്‍ കവിതകളെഴുതി. മറ്റുചിലര്‍ ബോധവല്‍ക്കരണ റാലികള്‍ നടത്തി. ഇനിയും ചിലര്‍ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് രൂപം കൊടുക്കാന്‍ ശീതീകരിച്ച മുറികളില്‍ കശുവണ്ടിപ്പരിപ്പും കൊറിച്ച് ചര്‍ച്ചകളില്‍ മുഴുകി.
നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ എണ്ണമറ്റ പദ്ധതികള്‍ ദല്‍ഹിയില്‍ നിന്ന് തീവണ്ടിയും വിമാനവും കയറി ഈ നാട്ടിലെത്തി. കളക്ട്രേറ്റില്‍ പല പല മേശകള്‍ക്ക് പുറത്ത് അവ ഫയലുകളില്‍ ഉറങ്ങി. ലക്ഷങ്ങളും കോടികളുമായി പദ്ധതി പ്രഖ്യാപനങ്ങള്‍ ഖദറിട്ടവരും അല്ലാത്തവരും വിളിച്ചുകൂവി. ഞങ്ങളുടച്ചുകളഞ്ഞ ആ തണ്ണീര്‍ച്ചെപ്പ് പുനര്‍നിര്‍മ്മിച്ചു കളയാമെന്ന വ്യാമോഹം കൊണ്ട് ചിലര്‍ സമരപ്പന്തല്‍ കെട്ടി. അപ്പോഴും അപ്പോഴും ഞങ്ങളുടെ കണ്മുന്നിലൂടെ തടാകത്തിന്റെ ചങ്കുപറിച്ച് കൂമ്പാരം കൂട്ടി ലോറികള്‍ അതിവേഗത്തില്‍ പായുന്നുണ്ടായിരുന്നു.
മണലൂറ്റ് തടയാനും ചെളിയെടുപ്പുകാരെ തുറുങ്കിലടയ്ക്കാനും നിയമങ്ങള്‍, അത് പരിപാലിക്കാന്‍ പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, എല്ലാത്തിനും മീതെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി നാട്ടുകാര്‍ വോട്ടുചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികള്‍. വാര്‍ഡുമെമ്പര്‍ മുതല്‍ മന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമടക്കമുള്ളവര്‍…. ശാസ്താംകോട്ട തടാകത്തിനുമേല്‍ പുതയ്ക്കാനുള്ള ശവക്കച്ചയ്ക്കു വീതമിടുകയാവും ഇപ്പോഴവര്‍.
ഇപ്പോള്‍ പുതിയ പദ്ധതികളാണ്. തെന്മല ഡാമില്‍ നിന്ന് ജലമൊഴുക്കി തടാകത്തിലെത്തിച്ച് നാടിന്റെ ദാഹം മാറ്റാനുള്ള അതിബുദ്ധി. തടാകത്തിലെത്തും മുമ്പ് അത് ശുദ്ധീകരിക്കാന്‍ ജലസംഭരണി, ജലസംഭരണിക്കായി സ്ഥലമെടുപ്പ്, ജലമൊഴുകി വരാന്‍ പുതിയ കനാല്‍…. എല്ലാം കോടികളുടെ പദ്ധതികള്‍. വന്ന കോടികളൊന്നും പോയവഴി കാണാനില്ലാത്തപ്പോള്‍ വരാന്‍ പോകുന്ന കോടികളുടെ കഥ പറയാനുണ്ടോ. ദൈവത്തിന്റെ തണ്ണീര്‍ച്ചെപ്പ് ഉടച്ചുകളഞ്ഞവര് മനുഷ്യന് സൃഷ്ടിച്ച തെന്മല ഡാമിന്റെ ശൂന്യത കാണാതെയാവില്ല ഈ പദ്ധതികളൊക്കെയിടുന്നത്. പിന്നെ ആകെ ലക്ഷ്യം ഫണ്ടിറങ്ങി വരുന്ന ‘കോടിപ്പണം’ തന്നെയെന്ന് ചുരുക്കം.
കടല്‍നിരപ്പില്‍ നിന്നും ഒരുമീറ്ററോളം താഴെയാണ് ശാസ്താംകോട്ട തടാകത്തിന്റെ ഇപ്പോഴത്തെ ജലനിരപ്പ്. കൊല്ലം നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍ ചവറ- പന്മന ജലപദ്ധതി സൃഷ്ടിച്ചതും ശാസ്താംകോട്ടയെ മുന്നില്‍കണ്ടായിരുന്നു. ഫലം പിന്നൊരിക്കലും ജലനിരപ്പ് തീരം തൊട്ടില്ല. ഇരുപത്തിനാല് മണിക്കൂറും പമ്പിംഗ് നടന്നു. ഒരു നാടിന്റെ, മണ്ണിന്റെ, ജീവന്റെ ജലം ഒരു ദിവസം അഞ്ചുകോടിയോളം ലിറ്റര്‍ വീതം സര്‍ക്കാര്‍ ഊറ്റിയെടുത്തു. ധര്‍മ്മശാസ്താവിന്റെ ആറാട്ടുകടവായിരുന്ന തടാകം ഇക്കുറി ദേവസ്പര്ശമേറ്റതേയില്ല. തടാകത്തിലേക്കിറങ്ങി ആറാടാനാവാത്തതുകാരണം പ്ലാസ്റ്റിക് കവറില്‍ ഭക്തജനങ്ങള്‍ വെള്ളം ശേഖരിച്ച് കരയിലെത്തിച്ചാണ് ദേവന്റെ തങ്കത്തിടമ്പിന്മേല് ജലം ആചമിച്ചത്.
ജലസമൃദ്ധിയില്‍ പാലാഴിയെ അതിശയിച്ചുവെന്ന് പഴമക്കാര്‍ പറയുമായിരുന്ന തടാകം ഒരു പതിറ്റാണ്ടിനിടയില്‍ ഭൂഗര്‍ഭത്തിലേക്ക് ആഴ്ന്നുപോയതിനുമുണ്ട് കണക്കുകള്‍. 9.34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് 2008ലെ പഠനപ്രകാരം 3.77 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ജലവിസ്തൃതി. 2002ല്‍ ഇത് 4.14 ചതുരശ്ര കിലോമീറ്ററായിരുന്നു. 1997ലെ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ തടാകത്തിന്റെ ആഴം 14 മീറ്റര്‍. 2010ല്‍ ഇത് കുത്തനെ താഴ്ന്ന് ഏഴുമീറ്ററായി പിന്നെ ഒരു മില്ലീമീറ്റര്‍ പോലും ജലമുയര്ന്നില്ല. ലോകത്തെ പ്രമുഖമായ തണ്ണീര്‍ത്തടങ്ങളെ കണ്ടെത്താന്‍ 2002ല്‍ സായിപ്പ് വിളിച്ചുചേര്‍ത്ത റാംസാര്‍ കണ്‍വന്‍ഷനിലും ശാസ്താംകോട്ട അടയാളപ്പെടുത്തപ്പെട്ടു, ഭാരതത്തിലെ 27 റാംസാര്‍ സൈറ്റുകളില്‍ ഒന്നായി. അതോടെ സംരക്ഷണ പദ്ധതികളുടെ പണം വരവേറിയതുമാത്രം മിച്ചം.
കൊടിയ വരള്‍ച്ചയില്‍ കിണറുകള്‍ വറ്റുമ്പോള്‍ ശാസ്താംകോട്ടക്കാര്‍ കയ്യില്‍കിട്ടിയ കുടങ്ങളുമായി തടാകത്തിലേക്ക് പായുമായിരുന്നു പണ്ട്. കുടത്തില്‍ വെള്ളം നിറച്ച് വീട്ടിലെത്തിച്ച് അങ്ങനെ അവര്‍ വരള്‍ച്ചയെ തോല്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ തടാകത്തിലേക്കൊന്നിറങ്ങാനും നിവൃത്തിയില്ല. ചെളിനിറഞ്ഞ അടിത്തട്ടില്‍ കാലുകള്‍ പൂണ്ടുപോകുമെന്ന ഭീതി. ആകെ ചുട്ടുപഴുത്തിരിക്കുന്നു ഈ തടാകഹൃദയം, പുനര്‍ജ്ജനിയുടെ ആശ പോലും ബാക്കിവയ്ക്കാതെ.
നാടെങ്ങും കുഴല്‍ക്കിണറുകളാണ്. ഭൂമി തുരന്ന് അപ്പുറം ചെന്നിട്ട് ആ പാതാളത്തെ അങ്ങനെ തന്നെ ഞങ്ങളുടെ മണ്ണിലേക്ക് കുഴല്‍ വഴി വലിച്ചെടുക്കുന്ന സാങ്കേതികതയുടെ കലാവിദ്യ. നാളുനോക്കി, നേരം കുറിച്ച്, സ്ഥാനം കണ്ട്, ഗണകനും ഗണപതിക്കും ദക്ഷിണവച്ച് കുഴിച്ചെടുത്ത കിണറുകളുടെ അടിത്തട്ടു കണ്ടാല്‍ നെഞ്ചുതകരും. ആശ്രയമായിരുന്ന തടാകത്തിന്റെ വരണ്ടുണങ്ങിയ മാറിടം കാണുമ്പോള്‍ സ്വയം ശപിക്കും. ചവറ മുതല്‍ കൊല്ലം നഗരത്തിന്റെ അങ്ങേ അതിര്‍ത്തിവരെ അഞ്ചരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാന്‍ ആകെയുള്ള നീരും പമ്പ്ചെയ്തെടുക്കുകയാണ് സര്‍ക്കാര്‍. ആഴ്ചയിലൊരിക്കല്‍ വീട്ടുമുറ്റത്തെത്തുന്ന ‘പഞ്ചായത്തുവക’ കുടിവെള്ള ലോറിക്കായി കാത്തുനില്‍ക്കുകയാണ് ഞങ്ങളുടെ അമ്മമാര്‍. ‘നീര് വറ്റിയ കുടം ഒക്കത്തും നീര്‍ക്കുടം നീണ്ടകണ്ണിലും’ ആയി അവധിയില്ലാതെ നീളുന്ന കാത്തിരിപ്പ്.
കായലോരത്ത് തലമുറകള്‍ പഠിച്ചിറങ്ങിയ ഞങ്ങളുടെ കലാലയമുണ്ട്. ഓരോവര്‍ഷവും അവിടെ നിന്നിറങ്ങുന്ന ആയിരങ്ങള്‍ ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും തടാകം ഉള്ളില്‍ ഓര്‍മ്മകളുടെ കടലായി ഇരമ്പും. കോളേജിനും ശാസ്താംകോട്ട ക്ഷേത്രത്തിനും ഇടയിലുള്ള ഞാവല്‍മരത്തിന്റെ ചുവട്ടിലിരുന്ന് ഞങ്ങള്‍ കൂട്ടുകാര്‍ മെനഞ്ഞെടുത്ത ഒരു കഥയുണ്ട്, തടാകത്തെക്കുറിച്ച്.
ആകാശഗംഗയില്‍ നിന്ന് താഴേക്കുവീണ നീര്ത്തുള്ളിക്കൊരു മോഹം സാക്ഷാല്‍ അയ്യപ്പനെ വരിക്കണം. അവള് ജലകന്യകയായി ഭൂമിയിലെത്തി. അയ്യപ്പന് നിത്യബ്രഹ്മചാരി. മോഹസാധ്യത്തിനായി അവള് കണ്ണീരൊഴുക്കി. കല്ലടക്കുന്നുകള്ക്കിടയില് അത് തളംകെട്ടി. പിന്നെ തടാകമായി. കാനനവാസന്റെ തങ്കത്തിടമ്പിന് ആറാടാനുള്ള അവസരത്തിനായി നിത്യശാന്തതയില്‍ വിലയിച്ച് ജലകന്യക തപംചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഈ കായലോളങ്ങള്‍ക്ക് ശാന്തസുന്ദരമായ നൃത്തച്ചുവടുകളുടെ മനോഹാരിത തോന്നിക്കുന്നത്. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ ഒരുപാട് മരങ്ങളുണ്ട്. സമരമരങ്ങള്‍ എന്നാണവയ്ക്ക് വിളിപ്പേര്. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രകടനങ്ങള്‍ ആ മരച്ചുവടുകളില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇരുകൈകളും തലയ്ക്കുമുകളില്‍ ഉയര്‍ത്തി ആഞ്ഞുകൊട്ടി ഞങ്ങളുടെ കൗമാരങ്ങള്‍ കലാലയ വരാന്തകളില്‍ എത്രയോകാലം പാടിനടന്നിട്ടുണ്ട് ‘കോട്ടക്കായലിനോളങ്ങള് തപ്പും കൊട്ടി പാടുന്ന’ സമരഗീതങ്ങള്‍.
ഇപ്പോള്‍ ശാസ്താംകോട്ടക്കാര്‍ സമരമുഖത്താണ്. മരണം ശ്മശാന നൃത്തമാടുന്ന സ്വാര്‍ത്ഥ ജീവിതത്തില്‍ നിന്ന് കരകയറാനുള്ള സമരം. അതിജീവിക്കുമോ ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞുനല്കിയ ഈ തടാകം. ഒരുനാട് കണ്ണീരൊഴുക്കുന്നു…… ദൈവം തന്നതായിരുന്നു ഞങ്ങള്‍ക്കീ തണ്ണീര്‍ച്ചെപ്പ്. അത് ഞങ്ങളുടച്ചു കളഞ്ഞു. പുതിയതൊന്ന് വാര്‍ത്തെടുക്കാന്‍, വാര്‍ത്തെടുത്ത് അതില്‍ കണ്ണീര് നിറയ്ക്കാന്‍, നാളേക്ക് തണ്ണീരേകാന്‍….. അറിയാതെ പോയതെല്ലാം തിരിച്ചറിയാന്‍, പൂര്‍ണതയുടെ സുഖസൗധത്തില് മനുഷ്യന് ഒരിക്കല്‍ കൂടി ജീവിച്ചിരിക്കാന്‍…അവനവനോടുതന്നെ ഒരു സമരം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: