കൊച്ചി: തൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരമേഖലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ്. കൂത്താട്ടുകുളത്ത് സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പുപദ്ധതിയെ ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഇപ്പോള്‍ അതത് സംസ്ഥാനങ്ങളുടെ സാഹചര്യത്തിനനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം അനുവദിക്കുമെന്നറിയുന്ന സാഹചര്യത്തിലാണ് നിര്‍ദേശം വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമായാല്‍ ഇതേറ്റവും ഗുണം ചെയ്യുക ക്ഷീരകര്ഷകര്ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്ത്രണ്ടാം പദ്ധതിക്കാലത്ത് പാല്, പച്ചക്കറി, മുട്ട എന്നിവയ്ക്കെങ്കിലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തമാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി കാര്‍ഷികമേഖലയിലെ വികസനനയത്തില്‍ ഒരു പുതിയ സമീപനം ആവശ്യമാണ്. ഓരോ സമയത്തും പാലിന്റെയും കാലിത്തീറ്റയുടെയും വില കൂട്ടി മുന്നോട്ടുപോകാനാകില്ല.
കേരളത്തിന്റെ ആവശ്യത്തിനുള്ള കാലിത്തീറ്റയില്‍ 40 ശതമാനം മാത്രമാണ് മില്‍മയും കേരള ഫീഡ്സും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 60 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് സ്വകാര്യസംരംഭകരാണ്. ഇവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലേ ഈ രംഗത്ത് വില നിയന്ത്രിക്കാന്‍ സാധിക്കൂ. ആ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ് വാഴയ്ക്കന് എം.എല്‍.എ., മില്‍മ എറണാകുളം മേഖല ചെയര്മാന് ബാലന്‍മാസ്റ്റര്‍, മുന്‍ ചെയര്മാന് എം.ടി. ജയന്, ജില്ല പഞ്ചായത്തംഗം ആശ സനില്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ബോര്‍ഡംഗം എം.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ കെ.ടി.സരോജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്മാന് പി.എം.സ്കറിയ സ്വാഗതവും ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ വി.ഉണ്ണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: