പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കുന്ന വാട്ടര്‍ സ്റ്റേഡിയത്തിലെ മണ്‍പുറ്റുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. എല്ലാവര്‍ഷവും ജലമേളയുടെ സമയത്ത് മാത്രമാണ് മണ്‍പുറ്റ് നീക്കം ചെയ്യുന്നത്. ഈ വേനല്‍ക്കാലത്ത് പുറ്റ് നീക്കം ചെയ്യണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി പി.ജെ.ജോസഫ് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ നടന്ന വള്ളംകളിയുടെ അവലോകന യോഗത്തില്‍ ഇതിനെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തൃട്ടാതി ജലമേളയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും മണ്‍പുറ്റുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുന്മേല് നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ പള്ളിയോട സേവാസംഘം മന്ത്രിയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയിരുന്നു. ജൂലൈ 31 ന് ആരംഭിക്കുന്ന വള്ളസദ്യകള്‍ക്ക് പള്ളിയോടങ്ങള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷേത്രക്കടവില്‍ നിന്ന് 50 മീറ്റര്‍ മാറിമാത്രമേ എത്താന്‍ സാധിക്കൂ. ഇത് കാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. നദിയിലെ ജലനിരപ്പ് താഴ്ന്നു നില്ക്കുന്ന വേനല്‍ക്കാലത്ത് മാത്രമേ മണ്‍പുറ്റ് നീക്കുന്നത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയു. ഇത് നടപ്പിലാക്കാത്തതുമൂലം കഴിഞ്ഞകാലങ്ങളില്‍ വള്ളസദ്യയ്ക്ക് എത്തുന്ന പള്ളിയോടങ്ങള്‍ മണ്‍പുറ്റില്‍ തട്ടി മറിയുകയും അപകടങ്ങളുണ്ടാകുകയും ചെയ്യുന്നത് പതിവാണ്.
മണ്‍പുറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ മുഖം തിരിക്കുന്നത് ആറന്മുളയോടും പള്ളിയോടങ്ങളോടുമുള്ള അവഗണനയാണെന്നത് ഒരു വശത്ത്. വികസനത്തിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്നതില്‍ കാണിക്കുന്ന അവഗണന ബോധപൂര്‍വ്വംതന്നെയാണ്. ഇത് രാഷ്ട്രീയപരമായി നിലനില്‍ക്കുന്ന ശീതസമരത്തിന്റെ ഭാഗമാണെന്നും വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും പള്ളിയോട സേവാസംഘം പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: