ബീജിംഗ്: ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് ചൈനയിലെത്തി. ചൈനീസ് പ്രധാനമന്ത്രി ലി ലെക്യാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഖുര്‍ഷിദ് ബീജിംഗിലെത്തിയത്. ഉഭയകക്ഷി വ്യാപാരം, അതിര്‍ത്തിയിലെ കടന്നുകയറ്റം എന്നിവ ചൈനീസ് നേതൃത്വവുമായി ഖുര്‍ഷിദ് നടത്തുന്ന ചര്‍ച്ചകളില്‍ ഇടം നേടും.
ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യി യുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ഖുര്‍ഷിദ് പ്രധാനമന്ത്രി ലീ ലെക്യാങ്ങുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായശേഷം ലെക്യാങ്ങിന്റെ നടത്തുന്ന ആദ്യ വിദേശസന്ദര്‍ശനത്തിനാണ് ഇരുരാജ്യങ്ങളും തയ്യാറെടുപ്പ് നടത്തുന്നത്.
ലെക്യാങ്ങിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി ഖുര്‍ഷിദ് വിലയിരുത്തുന്നു. തര്‍ക്കങ്ങളെ പ്രാദേശികതലത്തില്‍ കാണാന്‍ സാധിക്കണമെന്ന് വിദേശകാര്യമന്ത്രിയും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും വര്‍ഷങ്ങളായി ഊട്ടിയുറപ്പിച്ചെടുത്ത പരസ്പര ധാരണ പരമപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദശാബ്ദക്കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണ് നിലനില്‍ക്കുന്നത്. ചൈനയിലെ പുതിയ നേതൃത്വത്തിന്റെ കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലെത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ ദൗലത്ബെധ് ഓള്‍ഡിയില്‍ ചൈന കടന്നുകയറിയതിന്റെ കരിനിഴല്‍ മായുംമുമ്പാണ് ഖുര്‍ഷിദിന്റെ ചൈനാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. എന്നാല്‍ സന്ദര്‍ശനത്തിന് മുമ്പുതന്നെ ചൈന പ്രദേശത്തുനിന്നും പിന്‍വാങ്ങി. അതിര്‍ത്തി തര്‍ക്കത്തില്‍ കാലോചിതമായ ധാരണയിലെത്തുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ്ങ് ജിച്ചിയുമായും ഖുര്‍ഷിദ് കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച വിശദാംശങ്ങള്‍ ഖുര്‍ഷിദിന്റെ സന്ദര്‍ശനവേളയില്‍ തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: