കോട്ടയം: ഗവേഷണബിരുദമില്ലാത്തവരെ വൈസ് ചാന്‍സിലറായും പ്രോ വൈസ് ചാന്‍സിലറായും സര്‍വ്വകലാശാലകളില്‍ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പിഎഫ്സിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കേരള സര്‍വ്വകാലാശാലയില്‍ വി.സി, പി.വി.സി, കൊച്ചിന്,സംസ്കൃത സര്‍വ്വകലാശാലകളില്‍ പി.വി.സി തസ്തികകളിലേക്കാണ് ഗവേഷണബിരുദമില്ലാത്തവരെ നിയമിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നത്.
2010 ലെ യുജിസി റഗുലേഷന് അനുസരിച്ച് സര്‍വ്വകാലാശാലയിലെ വി.സി, പി.വി.സിമാര്‍ പ്രൊഫസര്മാരായിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. യുജിസി പദ്ധതി പ്രകാരം പ്രൊഫസര്മാരാകാനുള്ള മിനിമം യോഗ്യത പിഎച്ച്ഡി ബിരുദമാണ്.
ഗവേഷണബിരുദമില്ലാത്തവരെ യുജിസി മാനദണ്ഡമനുസരിച്ച് പ്രൊഫസര്‍മാരായി പരിഗണിക്കാനാവില്ല. ഗവേഷണബിരുദമില്ലാത്തവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചാല്‍ ഗവേഷണ ദൗത്യത്തിലുള്ള ഊന്നല്‍ നഷ്ടപ്പെടും. സര്‍വ്വകലാശാലകളുടെ പ്രിന്‍സിപ്പല്‍ അക്കാദമിക് ഓഫീസര്‍മാരായ വി.സിയും പി.വി.സിയുമാണ് പിഎച്ച്ഡി ബിരുദമുള്ള യൂണിവേഴ്സിറ്റി അധ്യാപകരുടെ നിയമനത്തിനും പ്രമോഷനുമുള്ള ഇന്റര്‍വ്യൂവിന്റെ ചെയര്മാന്മാര്. ഗവേഷണ ബിരുദമില്ലാത്തവര്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടാല്‍ അത് ഉന്നത വിദ്യാഭ്യാസത്തിന് ഗുണകരമല്ല. കേരള ഗവര്‍ണ്ണര്‍ ഈ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിഎഫ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. എ. ജോസ്, ബിജു കൈപ്പാറേടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: