കൊച്ചി: പൂര്‍ത്തിയായികൊണ്ടിരിക്കുന്ന കൊല്ലം – കോട്ടപ്പുറം ജലപാത തെക്ക് കോവളം – വിഴിഞ്ഞത്തേക്കും വടക്ക് കാസര്‍കോട്ടേക്കും നിട്ടേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ജലഗതാഗതത്തിന് ഊന്നല്‍ നല്കുകയല്ലാതെ കേരളത്തിന് വേറെ നിര്‍വാഹമില്ലെന്ന് കേരള സീ ആന്റ് ട്രെയ്ഡ് സംഘടിപ്പിച്ച ഷിപ്പിങ് ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഹൈവേകള്‍ പെരുകി വരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്. ആവശ്യത്തിനനുസരിച്ച് റെയിവേ ലൈനുകളുമില്ല. അതിനാല്‍ തീരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിലേക്ക് മാറുകയേ നിവൃത്തിയുള്ളൂ. സാമ്പത്തിക ലാഭത്തിനു പുറമെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇതാവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജലഗതാഗതം സാധ്യമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. നിലവിലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമെ വിഴിഞ്ഞം തുടങ്ങിയ പുതിയ തുറമുഖങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കൊല്ലം തുറമുഖം ഉടന്‍ പ്രവര്‍ത്തന ക്ഷമമാവും. വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍, തുറമുഖങ്ങളിലേക്കുള്ള റെയില്‍വേ ലൈനുകള്‍ എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്. ജലഗതാഗതത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരു രൂപ വച്ച് ചരക്ക്കൂലി ഇനത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ജലഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2015 ല്‍ ചരക്ക് നീക്കത്തിന്റെ 20 ശതമാനമെങ്കിലും ജലഗതാഗതം വഴിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. 2020 ആവുമ്പോഴേക്ക് ഇത് 40 ശതമാനമായി വര്‍ധിക്കുമെന്നും കരുതുന്നു. വഴിഞ്ഞത്തിനും കൊല്ലത്തിനും പുറമെ ആലപ്പുഴ, കൊടുങ്ങല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ ഓഷ്യനേറിയം സ്ഥാപിക്കും. ജലഗതാഗത്തിന് നിരവധി ആനുകൂല്യങ്ങള്‍ കേരളാ മാരിടൈം ബോര്‍ഡ് വഴിയാണ് നടപ്പാക്കുകയെന്ന് ബാബു പറഞ്ഞു.
മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്‍ലാന്റ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് ഡോ. വിശ്വപതി ത്രിവേദി, ഷിപ്പിങ് ഡയരക്റ്റര് ജനറല്‍ ഗൗതം ചാറ്റര്‍ജി, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്‍ഗനൈസേഷന്‍സ് ദക്ഷിണമേഖല ചെയര്മാന് വാള്‍ടര്‍ ഡിസൂസ, ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ കെ.ആര് വിനോദ് എന്നിവരും പ്രസംഗിച്ചു. വില്സന് രാജന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: