ജയ്പൂര്‍: ഐപിഎല്ലിന്റെ ആറാം പതിപ്പില്‍ ഹോം ടീമുകളുടെ ആധിപത്യം ഏറെക്കുറെ സുവ്യക്തം. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മിക്ക ടീമുകളും നന്നായി മുതലെടുക്കുന്നുണ്ട്. അവരില്‍ ഏറ്റവും കേമന്‍ രാജസ്ഥാന് റോയല്‍സ് തന്നെ. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍സ് കഴിഞ്ഞ ദിവസം കുറിച്ചത് തുടര്‍ച്ചയായ ആറാം ജയം. ഇത്തവണ അല്‍പ്പം വിയര്പ്പൊഴുക്കേണ്ടിവന്നെന്നു മാത്രം. തോല്‍വികള്‍ ശീലമാക്കിയ പൂനെ വാരിയേഴ്സ് രാഹുല്‍ ദ്രാവിഡിനെയും കൂട്ടരെയും തെല്ലൊന്നു വലച്ചു. എങ്കിലും ഒരു പന്ത് അവശേഷിക്കെ റോയല്‍സ് അഞ്ച് വിക്കറ്റിന്റെ ജയം ആഘോഷിച്ചു.
ഇതോടെ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറാനും അവര്‍ക്കായി. പൂനെയാകട്ടെ പത്താം തോല്‍വിയോടെ നിരാശയുടെ കയങ്ങളില്‍ വീണു. പൂനെയുടെ തുടര്‍ച്ചയായ ഏഴാം പരാജയം കൂടിയായിരുന്നു അത്. സ്കോര്‍: വാരിയേഴ്സ്- 4ന് 178 (20 ഓവര്‍). റോയല്‍സ്- 5ന് 182 (19.5).
ഹായ് സ്കോറിങ് മത്സരത്തില്‍ ശരിക്കും ട്വന്റി20യുടെ എല്ലാ ആവേശക്കാഴ്ച്ചകളും അലിഞ്ഞുചേര്‍ന്നു. 179 റണ്‍സ് എന്ന വലിയ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിനുവേണ്ടി അര്‍ധ ശതകം കുറിച്ച അജിന്‍ക്യ രഹാനെയും (48 പന്തില്‍ 67) ക്യാപ്റ്റന്‍ ദ്രാവിഡും (40 പന്തില്‍ 58) മിന്നിത്തിളങ്ങി. ഒന്നാം വിക്കറ്റില്‍ ഇരുവരും അതിവേഗം ചേര്‍ത്ത 98 റണ്‍സുകള്‍ റോയല്‍സിന്റെ വിജയത്തിന് അടിത്തറപാകി.
ഉദ്വേഗത്തിന്റെ അവസാന നിമിഷങ്ങളില്‍ കത്തിയാളിയ സ്റ്റ്യുവര്‍ട്ട് ബിന്നിയും (13 പന്തില്‍ 32 നോട്ടൗട്ട്) മലയാളി താരം സഞ്ജു വി. സാംസണും (6 പന്തില്‍ 10) റോയല്‍സിന്റെ ഹീറോകളില്‍ ഉള്‍പ്പെടുന്നു.
ഷെയ്ന് വാട്സന് പകരം രഹാനെയ്ക്കൊപ്പം ഓപ്പണറുടെ റോളിലെത്തിയ ദ്രാവിഡ് ഏവരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. പൂനെ ബൗളര്‍മാരെ കാത്തിരുന്നത് ദ്രാവിഡിന്റെ തീപ്പൊരി ഷോട്ടുകളായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികള്‍ക്കു ശിക്ഷിച്ചു തുടങ്ങിയ വന്മതില് കൃഷ്ണകാന്ത് ഉപാധ്യായയെ മൂന്നുതവണ വേലിക്കെട്ടിനു പുറത്തേക്കടിച്ചു. എയ്ഞ്ചലോ മാത്യൂസും രാഹുല്‍ ശര്‍മയുമൊക്കെ ആ ബാറ്റിന്റെ ചൂടറിഞ്ഞു. 9 ബൗണ്ടറികളും ഒരു സിക്സറും പേരിലെഴുതിയ ദ്രാവിഡിനെ മാത്യൂസിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കി. ക്ഷമയോടെ കളിച്ച് നായകന്റെ നല്ലകൂട്ടാളിയായ രഹാനെ 14-ാം ഓവറില്‍ മാത്യൂസിനെ മൂന്നു ഫോറുകളും ഒരു സിക്സറുമടക്കം 21 റണ്‍സിനു ശിക്ഷിച്ച് ടോപ് ഗിയറിലെത്തി. എന്നാല്‍ വാട്സനെയും (5) ആറു ബൗണ്ടറികളും രണ്ടു സിക്സറുകളും കുറിച്ച രഹാനെയെയും മിന്നലടികള്ക്കു പേരുകേട്ട ബ്രാഡ് ഹോഡ്ജിനെയും (4) നഷ്ടപ്പെടുമ്പോള്‍ റോയല്‍സ് അമ്പരന്നു. വാട്സനെയും ഹോഡ്ജിനെയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍നലാണ് ഡഗ് ഔട്ടിലെത്തിച്ചത്.
പക്ഷെ, ബിന്നിയുടെ കൈക്കരുത്ത് വാരിയേഴ്സിന്റെ പ്രതീക്ഷകളെ ഛിന്നഭിന്നമാക്കി. അവസാന നാല് ഓവറില്‍ റോയല്‍സിന്റെ ലക്ഷ്യം 43 റണ്‍സ്. 17-ാം ഓവറില്‍ രാഹുല്‍ ശര്‍മയെ സിക്സറിനും ബൗണ്ടറിക്കും പായിച്ച ബിന്നി ടീമിനെ കൈപിടിച്ചുയര്‍ത്തി.
16 പന്തില്‍ 28 എന്ന ഗണിതം മുന്നില്‍ക്കണ്ട സഞ്ജുവും അടങ്ങിനിന്നില്ല, കവറിലൂടെയും തേര്ഡ്മാനിലൂടെയും പാര്‍നലിനെ ബൗണ്ടറിയിലെത്തിച്ചു യുവതുര്‍ക്കി. പിന്നാലെ ഭുവനേശ്വറിനെ ബിന്നി ഗ്യാലറി കാട്ടിക്കൊടുത്തു. അവസാന ഓവറില്‍ സഞ്ജുവിനെ പാര്‍നല്‍ വീഴ്ത്തിയെങ്കിലും അഞ്ച് റണ്‍സെന്ന ലക്ഷ്യം മറ്റൊരു ബൗണ്ടറിയിലുടെ ബിന്നി മറികടന്നു.
നേരത്തെ, റോബിന് ഉത്തപ്പയുടെയും (41 പന്തില്‍ 54) നായകന് ആരോണ്‍ ഫിഞ്ചിന്റെയും (32 പന്തില്‍ 45) ഉശിരന്‍ ബാറ്റിങ് പൂനെയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുകയായിരുന്നു. ഉത്തപ്പ എട്ട് ഫോറുകളും ഒരു സിക്സറും പോക്കറ്റിലാക്കി; ഫിഞ്ച് ഏഴു ബൗണ്ടറികളും. ഒന്നാം വിക്കറ്റില്‍ ഈ ജോടി 97 റണ്‍സ് വാരിക്കൂട്ടി. യുവരാജ് സിങ് (15) വീണ്ടും പരാജയപ്പെട്ടു. മിച്ചല്‍ മാര്‍ഷും ( 21 പന്തില്‍ 35 നോട്ടൗട്ട്) വാരിയേഴ്സിനു കാര്യമായ സംഭാവന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: