മൊഹാലി: കിങ്ങ്സ് ഇലവന് പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് മികച്ച സ്കോര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ക്രിസ് ഗെയ്ലും (33 പന്തില്‍ 61) ചേതേശ്വര്‍ പൂജാരയും (48 പന്തില്‍ 51) അര്‍ധശതകങ്ങള്‍ നേടി. ആറ് ഫോറുകളും മൂന്നു സിക്സറുകളും അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ ഇന്നിങ്ങ്സ്. പൂജാര എട്ട് ബൗണ്ടറികള്‍ സ്വന്തമാക്കി. എബി ഡിവില്ലിയേഴ്സ് 19 പന്തില്‍ 38 റണ്‍സ് വാരി (നാല് ഫോര്‍, രണ്ട് സിക്സറുകള്‍)
പതിവുപോലെ ഗെയ്ലിന്റെ വെടിക്കെട്ടോടെ ചലഞ്ചേഴ്സ് കളിക്ക് ശുഭാരംഭം കുറിച്ചു. ആദ്യ ഓവറുകളില്‍ പ്രവീണ്‍ കുമാറിനെയും പര്‍വീന്ദര്‍ അവാനെയെയും മന്ദീപ് ഗോണിയെയും ഓരോ തവണ അതിര്‍ത്തി കടത്തിയ ഗെയ്ല് കിങ്ങ്സ് ഇലവന് അപായ സൂചന നല്കി. അഞ്ചാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ മീഡിയം പേസര്‍ മിഷേല്‍ നെസറിനെ രണ്ടു തവണ ഗ്യാലറിയിലെത്തിച്ച ഗെയ്ല് തനിസ്വരൂപം കാട്ടി.
പിന്നാലെ ഗോണിയെ മൂന്നു തവണ വേലിക്കെട്ടു കടത്തി പൂജാരയും ഗെയ്ലിനൊപ്പംചേര്ന്നു. ആ ഓവറില്‍ ഗെയ്ലും ഒരു ബൗണ്ടറി കണ്ടെത്തി. പീയൂഷ് ചൗളയെയും അടിച്ചകറ്റിയ കരീബിയന്‍ താരം 28 പന്തില്‍ അര്‍ധശതകം കുറിച്ചു. പൂജാരയും ഗെയ്ലും അഗ്നിപടര്ത്തിയപ്പോള് 11 ഓവറില്‍ ബാംഗ്ലൂര്‍ ടീം നൂറു താണ്ടി.
എന്നാല്‍ ഗെയ്ലിനെ ബൗള്‍ഡാക്കി ഗോണി കിങ്ങ്സ് ഇലവന് ആശ്വാസം നല്കി. പിന്നീടെത്തിയ കോഹ്ലി ഗോണിയെ ഫോറടിച്ച് നന്നായിതന്നെ തുടങ്ങി.
അവാനെയെ തുടര്‍ ബൗണ്ടറികള്‍ക്കു പ്രഹരിച്ചാണ് പൂജാരെ ഹാഫ് സെഞ്ചുറിയിലെത്തിയത്. പൂജാരെയും ഗോണി തന്നെ ബൗള്‍ഡ് ചെയ്തു. സ്കോര്‍ 144ല്‍ നില്‍ക്കെ കോഹ്ലിയെ (14) അവാനയുടെ പന്തില്‍ മാര്‍ഷ് പിടിച്ചു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ഡിവില്ലിയേഴ്സും മോയ്സസ് ഹെന്റിക്വസും (7 പന്തില്‍ 16) ചലഞ്ചേഴ്സിന് എതിരാളിയെ വെല്ലുവിളിക്കാവുന്ന സ്കോര്‍ സമ്മാനിച്ചു.
സ്കോര്‍ബോര്‍ഡ്
റോയല്‍ ചലഞ്ചേഴ്സ്- പൂജാര ബി ഗോണി 51, ക്രിസ് ഗെയ്ല് ബി ഗോണി 61, കോഹ്ലി സി മാര്‍ഷ് ബി അവാന 14, എബി ഡിവില്ലിയേഴ്സ് നോട്ടൗട്ട് 38, ഹെന്റിക്വസ് നോട്ടൗട്ട് 16. എസ്ട്രാസ് 10. ആകെ- 3ന് 190 (20 ഓവര്‍).
വിക്കറ്റ് വീഴ്ച്ച: 1-102, 2-133, 3-144,
ബൗളിങ്: പ്രവീണ്‍ 4-0-28-0, അവാന 4-0-28-1, ഗോണി 4-0-41-2, നെസര്‍ 4-0-62-0, പിയൂഷ് ചൗള 4-0- 26-0,
പ്രതികരിക്കാൻ ഇവിടെ എഴുതുക: