ഹൈദരാബാദ്: ജയിക്കാനായി ജനിച്ചവര്‍- ചില ടീമുകളെ അങ്ങനെ വിളിക്കാം. എന്നാല്‍ ലങ്കന്‍ വീരന് മഹേല ജയവര്‍ധനെ നയിക്കുന്ന ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ എന്തു വിളിക്കും. സംശയിക്കേണ്ട, തോല്‍ക്കാനായി ജനിച്ചവര്‍. ഐപിഎല്‍ ആറാം എഡിഷനിലെ എട്ടാം തോല്‍വി വഴങ്ങി ചെകുത്താന്മാര് ടൂര്‍ണമെന്റില്‍ നിന്ന് ഏറെക്കുറെ പുറത്തേക്കു വഴിതേടി. ഇത്തവണ അവര്‍ കൊമ്പുകുത്തിയത് ഹൈദരാബാദ് സണ്‍റൈസേഴ്സിനു മുന്നില്‍; ആറു വിക്കറ്റിന്. പ്ലേ ഓഫില്‍ ഇടംനേടണമെങ്കില്‍ അവര്‍ക്കിനി മഹാത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.
ആദ്യം ബാറ്റ് ചെയ്ത ഡെവിള്‍സ് വെറും 80 റണ്‍സിനു കൂടാരം പൂകി. സണ്‍റൈസേഴ്സ് നാലുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 13.5 ഓവറില്‍ ലക്ഷ്യംകണ്ടു.
ബാറ്റിങ് നിരയുടെ ദയനീയ പരാജയമാണ് ദല്‍ഹിയുടെ ശവക്കുഴിതോണ്ടിയത്. വേഗംകുറഞ്ഞതും അപ്രതീക്ഷിത ബൗണ്‍സുമുള്ള ഉപ്പലിലെ പിച്ചില്‍ വിസ്ഫോടന ബാറ്റിങ്ങിന്റെ തമ്പുരാന്മാരായ ഡേവിഡ് വാര്‍ണറും വീരേണ്ടര്‍ സേവാഗുമൊന്നും പച്ചതൊട്ടില്ല.
വീരുവും വാര്‍ണരും എട്ട് റണ്‍സിനു മടങ്ങി. ജയവര്‍ധനെ (11), യുവതുര്‍ക്കി ഉന്മുക്ത് ചന്ദ് (17), ജീവന് മെന്‍ഡിസ് (11) ഇര്ഫാന് പഠാന് (13) എന്നിവരും ടീമിനെ പിടിച്ചുയര്ത്തിയില്ല. ഡെയ്ല്‍ സ്റ്റെയിനിന്റെ വേഗതയും ഇഷാന്ത് ശര്‍മയുടെ കൃത്യതയും അമിത് മിശ്രയുടെയും കരണ്‍ ശര്‍മയുടെയും ഗൂഗ്ലീകളും ദല്‍ഹിക്കു താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു. തിസാര പെരേരയുടെയും ഡാരെന്‍ സമ്മിയുടെയും തന്ത്രപരമായ പന്തേറും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്സ് ഫുള്‍ റേഞ്ചിലെത്തി. സമ്മിയും സ്റ്റെയിനും പെരേരയും രണ്ടു വിക്കറ്റുകള്‍വീതം വീഴ്ത്തി. ഇഷാന്തും കരണും അമിതും ഓരോ ഇരകളെവീതം കണ്ടെത്തി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദി സംഘത്തിന് ശിഖര്‍ ധവാന് (22), പാര്‍ഥിപ് പട്ടേല്‍ (14), ആഷിഷ് റെഡ്ഡി (5), ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര (8) എന്നിവരെ നഷ്ടമായി. സമ്മിയും (18 നോട്ടൗട്ട്) ഹനുമ വിഹാരിയും (11 നോട്ടൗട്ട്) ചേര്‍ന്ന് സണ്‍റൈസേഴ്സിനെ വിജയ തീരമണച്ചു. ജൊഹാന്‍ ബോത രണ്ടു വിക്കേറ്റ്ടുത്തു. സമ്മി കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: