തൃശൂര്‍ : പേരാമംഗലത്ത് നടക്കുന്ന ആര്‍എസ്എസ് ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ തൃക്കൂര് ആതൂര് മണലി വീട്ടില്‍ ആദപ്പന്റെ മകന് സന്തോഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തി. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് തൃക്കൂരിലെ വസതിയിലെത്തിയത്. സന്തോഷിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
സര്‍സംഘചാലക് അകത്ത് കടന്നതോടെ കുടുംബാംഗങ്ങളുടെ ദുഃഖം അണപൊട്ടി. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി സംഘപ്രവര്‍ത്തനത്തില്‍ സജീവമായ സന്തോഷിന്റെ അച്ഛന് ആദപ്പന്, അമ്മ ഓമന, ഭാര്യ ജിജി, ഏക മകന് ദേവ, സഹോദരി സന്ധ്യ, സഹോദരി ഭര്‍ത്താവ് ബിജു എന്നിവരും മറ്റു ബന്ധുക്കളേയും അദ്ദേഹം ആശ്വസിപ്പിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. പത്തുമിനിറ്റോളം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ചശേഷം അദ്ദേഹം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.
ആര്‍എസ്എസ് ഒരു സംഘടനയാണെങ്കിലും കുടുംബാന്തരീക്ഷം പോലെയാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരംഗമാണ് സന്തോഷിന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷിന്റെ കുടുംബത്തിനെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീകളടക്കം നൂറുകണക്കിന് പേര് സന്തോഷിന്റെ വീട്ടിലെത്തിയിരുന്നു. ക്ഷേത്രീയ സംഘചാലക് ഡോ.ആര്. വന്നിയരാജന്‍, ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമാലയന്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍, പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്, സഹപ്രാന്തപ്രചാരക് എസ്.സുദര്ശന്, ബാലഗോകുലം മുഖ്യസംയോജകന്‍ സി.സി.ശെല്വന്, വിഭാഗ് സഹകാര്യവാഹ് കെ.അരവിന്ദാക്ഷന്, മഹാനഗര്‍ കാര്യവാഹ് കെ.സുരേഷ്, സഹകാര്യവാഹ് സി.എന്‍.ബാബു, തൃക്കൂര് നഗര്‍ സംഘചാലക് എം.വി.ബാബു, ജില്ലാ പ്രചാരക് പി.കെ.രവീന്ദ്രന് എന്നിവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു. ആര്‍എസ്എസ് ആതൂര് ശാഖ കാര്യവാഹകായിരുന്നു സന്തോഷ്. സ്വര്ണപണി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന അദ്ദേഹം തന്റെ ഏക മകന് ദേവയെയും സ്വയംസേവകനാക്കിയാണ് വളര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: