ന്യൂദല്‍ഹി: കഠിനാധ്വാനവും ആത്മവിശ്വാസവും അവസാനം ദിനേശ് കാര്‍ത്തിക്കിന് തുണയായി. നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിനേശ് ദേശീയമത്സരത്തിലേക്ക് തിരിച്ചെത്തി. 27 കാരനായ വിക്കറ്റ്കീപ്പര്‍ കൂടിയായ ഈ ബാറ്റ്സ്മാന്റെ ഏറെ നാളത്തെ ദുഃഖത്തിനാണ് അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ള 15 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അറുതിയാകുന്നത്.
ഈ നിമിഷം ഏറെ സന്തോഷപ്രദമാണ്. ഈ ദിവസത്തിന് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്, മുംബൈയില്‍ നിന്നും ഫോണിലൂടെ കാര്‍ത്തിക് പറഞ്ഞു.
ആകെയുള്ള 52 കളികളില്‍ കാര്‍ത്തിക് അവസാനം കളിച്ചത് 2010 ആഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ്. അന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മിന്നുന്ന പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവച്ചത്. അദ്ദേഹം പത്തു മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ധസെഞ്ച്വറികളടക്കം 331 റണ്‍സ് നേടി. 86 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രമല്ല കാര്‍ത്തിക്കിന് തുണയേകിയത്. ഫസ്റ്റ് ക്ലാസ് സീസണിലും കാര്‍ത്തിക് മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി കാര്‍ത്തിക് 577 റണ്‍സ് സ്കോര്‍ ചെയ്തു. ശരാശരി 64 എന്ന അടിസ്ഥാനത്തിലായിരുന്നു ഇത്. 187 ആണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍.
മറ്റ് പ്രാദേശിക മത്സരങ്ങളിലെ പ്രകടനവും തന്നെ തുണച്ചെന്ന് കാര്‍ത്തിക് പറഞ്ഞു. അതേ മികവ് ഐപിഎല്ലിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. ടീമിലെ രണ്ട് കീപ്പര്‍മാരിലൊരാളായ കാര്‍ത്തിക് മഹേന്ദ്രസിംഗ് ധോണിക്കൊപ്പം മികവ് പുലര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. തനിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ സ്ഥാനം നല്കിയാലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറ്റിംഗ് പ്രകടനത്തില്‍ തനിക്ക് എല്ലായ്പ്പോഴും ആത്മവിശ്വാസമുണ്ട്. ഇതിനെല്ലാം പുറമെ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്. അതിനാല്‍ തന്നെ ഏത് മേഖലയിലും കളിക്കാന്‍ തനിക്ക് കഴിയും. ധോണിയെപ്പോലൊരാളിന് പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി. അതേക്കുറിച്ചൊന്നും അധികം ആലോചിക്കാറില്ല. ടീമില്‍ തിരിച്ചെത്തണമെന്നു മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നന്നായി കളിക്കുകയെന്നതു മാത്രമാണ് ചിന്ത. അവര്‍ക്ക് ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുകയെന്നതും, കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: