കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം യൂസഫ് പഠാന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. പതിനൊന്ന് മത്സരങ്ങളില്‍ നാലാമത്തെ വിജയമാണ് ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. ഈഡന് ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് നൈറ്റ് റൈഡേഴ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ഇതോടെ ജയ്പൂരില്‍ വച്ച് രാജസ്ഥാന് റോയല്‍സിനോട് ഏറ്റ തോല്‍വിക്ക് പകരം വീട്ടാനും കൊല്‍ക്കത്തക്ക് കഴിഞ്ഞു. പത്ത് മത്സരങ്ങള്‍ കളിച്ച രാജസ്ഥാന് റോയല്‍സിന്റെ നാലാം പരാജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്ത് ബാക്കിനില്‍ക്കെ, രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കൊല്‍ക്കത്ത മറികടന്നത്. ഒരിടവേളയ്ക്ക് ശേഷം ഫോമിലേക്ക് മടങ്ങിയെത്തിയ യൂസഫ് പത്താനും(പുറത്താകാതെ 49), ജാക്ക് കല്ലിസുമാണ് (33) കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. യുസഫ് പത്താനാണ് മാന്‍ ഓഫ് ദ മാച്ച്. ഈ വിജയത്തോടെ നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിന് വേണ്ടി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു വി. സാംസണ് തിളങ്ങി. 40 റണ്‍സ് നേടിയ സഞ്ജു വി. സാംസണാണ് ടോപ് സ്കോറര്‍. എന്നാല്‍ മറ്റുള്ളവര്‍ അവസരത്തിനൊത്ത് ഉയരാതിരുന്നത് രാജസ്ഥാന് റോയല്‍സിന് വിനയായി.
സ്കോര്‍: രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ ആറിന് 132, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 17.2 ഓവറില്‍ രണ്ടിന് 133 റണ്‍സ്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് റോയല്‍സിനുവേണ്ടി സഞ്ജു വി സാംസണും (40), ഷെയ്ന് വാട്ട്സനുമാണ് (35) ബാറ്റിംഗില്‍ തിളങ്ങിയത്. കൃത്യതയോടെ പന്തെറിഞ്ഞ നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍ രാജസ്ഥാന് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സായപ്പോഴേക്കും അജിന്‍ക്യ രഹാനെ (ആറ്), ഫള്‍ക്നര്‍ (ഒന്ന്) എന്നിവരെ നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ഷെയ്ന് വാട്സണും സഞ്ജുവും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ മുന്‍ മല്‍സരങ്ങളിലേത് പോലെ ആഞ്ഞടിക്കാന്‍ വാട്സന് സാധിച്ചില്ല. ഒടുവില്‍ 10.5 ഓവറില്‍ സ്കോര്‍ 71 റണ്‍സിലെത്തിയപ്പോള്‍ 35 പന്തില്‍ 35 റണ്‍സെടുത്ത വാട്ട്സണ്, നരേയ്ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ ദിഷാന്ത് യാഗ്നിക്ക് ഏറെ ആയസ്സുണ്ടായില്ല. 10 റണ്‍സെടുത്ത യാഗ്നിക്കിനെസേനാനായകെ ബൗള്‍ഡാക്കി. സ്കോര്‍: നാലിന് 83. സഞ്ജു പിടിച്ചുനിന്നെങ്കിലും വമ്പനടികള്‍ ഉണ്ടായില്ല. ഒടുവില്‍ 36 പന്തില്‍നിന്ന് രണ്ട് സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പടെ 40 റണ്‍സെടുത്ത സഞ്ജു ഭാട്ടിയയുടെ പന്തില്‍ പുറത്താകുകയായിരുന്നു. ഇതിനിടയില്‍ ഒവൈസ് ഷാ 22 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്തായി. നൈറ്റ് റൈഡേഴ്സിന് വേണ്ടി സചിത്ര സേനനായകെ രണ്ടും ഇഖ്ബാല്‍ അബ്ദുള്ള, കല്ലിസ്, നരേയ്ന്, ഭാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.
മറുപടി ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്തക്ക് ബിസ്ലയും ഗംഭീറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്കോര്‍ 41-ല്‍ നില്‍ക്കെ 12 റണ്‍സെടുത്ത ഗംഭീറിനെ വാട്സണ് യാഗ്നിക്കിന്റെ കൈകളിലെത്തിച്ചു. അധികം കഴിയും മുന്നേ ബിസ്ലയും മടങ്ങി. 25 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും ഒരുസിക്സറുമടക്കം 29 റണ്‍സെടുത്ത മന്‍വീന്ദര്‍ ബിസ്ലയെ ചവാന് രഹാനെയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 7.1 ഓവറില്‍ രണ്ടിന് 55. പിന്നീട് യൂസഫ് പഠാനും കല്ലിസും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റോയല്‍സിന്റെ വിജയസ്വപ്നം പൊലിച്ചു. ശ്രദ്ധയോടെ കളിച്ച കല്ലിസും തകര്‍പ്പന്‍ ഷോട്ടുകളുമായി നിറഞ്ഞാടിയ യൂസഫ് പഠാനും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ കൊല്‍ക്കത്തയെ വിജയതീരമണിയിച്ചു. 35 പന്ത് നേരിട്ട യൂസഫ് പഠാന് മൂന്നു വീതം ബൗണ്ടറികളും സിക്സറുകളും അടിച്ചാണ് 49 റണ്‍സെടുത്തത്. 33 പന്തുകളില്‍നിന്നായിരുന്നു കാലിസ് 33 റണ്‍സെടുത്തത്. രാജസ്ഥാന് റോയല്‍സിന് വേണ്ടി അന്‍കീത് ചവാന്, ഷെയ്ന് വാട്സണ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
11 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് ജയത്തോടെ എട്ടുപോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 10 കളികളില്‍ നിന്ന് 12 പോയിന്റുള്ള രാജസ്ഥാന് റോയല്‍സ് മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: