യാത്രക്കിടയില്‍ ബസ്തിയുടെ കടയില്‍ നിന്നു വാങ്ങിയ അരിപ്പൊരി കൊറിച്ചുകൊണ്ട് അച്ഛനും മകളും നിന്നു. പൊടുന്നനേ മേഘങ്ങളുടെ കറുത്ത പടര്‍പ്പിനെതിരെ ഒരു പറ്റം വെള്ളകൊറ്റികള്‍ പറന്നുപോയി. കുഞ്ഞുണ്ണി ഭജിച്ചു..ഗദാധര, ഗുരുനാഥ! നിന്റെ കൊറ്റികളിതാ പറന്നു പോകുന്നു.
“അച്ഛാ നോക്കൂ…”
“ഗദാധര സ്വാമികളുടെ കൊറ്റികളാണ് മകളേ”
“ആരുടെ അച്ഛാ ? ”
‘പരമഹംസന്റെ..’
ദൈവമേ തേടാതെ തെളിച്ചുതന്ന ഈ ഗുരുപൂര്‍ണിമയുടെ അര്‍ത്ഥമെന്ത്? ഈ മേഘങ്ങളില്‍ വെളുത്ത കൊറ്റികളെക്കൊണ്ട് എന്താണ് അവന് എഴുതുന്നത്? കാഴ്ച്ചയുടെ ആശ്ചര്യം അച്ഛനില്‍ നിന്ന് മകളിലേക്ക് സംക്രമിച്ചു. കല്യാണി നിശ്ചലയായി പിതൃസന്നിധിയില്‍ നിന്നു, ഗുരുസന്നിധിയില്‍ നിന്നു…
സനാതന ഊര്ജ്ജപരമ്പരയിലൂടെ പ്രസരിക്കുന്ന മാനവസമുദായങ്ങളായി തീരുന്നു ഗുരുസാഗരത്തിലെ അച്ഛനും മകളും. അച്ഛന് ജ്ഞാനത്തിന്റെ ആകാശവെളിച്ചവും മകള്‍ ഏറ്റുവാങ്ങലിന്റെ ഭൗമതലവുമായി തീരുന്നു. പാരമ്പര്യത്തിന്റെ നീണ്ടുപോകുന്ന കണ്ണികള്‍…സ്നേഹത്തിന്റെ വാത്സല്യത്തിന്റെ സുരക്ഷിതത്വത്തിന്റെ തുറന്ന ഇടങ്ങള്‍… പിതാവ് മകള്‍ക്ക് ഒരിക്കലും പൂട്ടാത്ത മുറിയായി തീരുന്നു.
പൊരുത്തപ്പെടാനാകാത്ത വായനകള്‍..
ആറ് മാസക്കാരിയും അറുപതുകാരിയും ഭോഗിക്കപ്പെടുന്ന മൃഗകാമനയില് മടുത്തുപോകുന്നു മനസ്. ആക്രമണങ്ങളുടെയും അവിശ്വാസ്യതയുടെയും ചതിയുടെയും പകയുടെയും ലോകം പെരുത്തുയരുന്നു. സ്നേഹപരിലാളനകള്‍ കൊണ്ട് നിറയേണ്ട നന്മവീടുകള്‍ മൃഗതൃഷ്ണകളുടെ ഒളിത്താവളങ്ങളായി മാറുകയാണോ.. സുരക്ഷിതത്വം പ്രതിനിധാനം ചെയ്യേണ്ട പുരുഷരൂപം ഭോഗതത്പരനായ ആണ്മൃഗമായി മാറുന്നതെന്തുകൊണ്ട്.. പ്രണയം, വാത്സല്യം, സഹജീവിസ്നേഹം, തുടങ്ങിയ വികാരങ്ങളാണ് ഭാര്യ, ഭര്‍ത്താവ്, പിതാവ്, മാതാവ് മകള്‍, മകന്, സഹോദരന്, സഹോദരി തുടങ്ങിയ മൂല്യബോധത്തിലേക്ക് മനുഷ്യനെ പരിവര്‍ത്തിക്കുന്നത്. മേല്‍പ്പറഞ്ഞ വികാരങ്ങളുടെ അഭാവം പ്രാകൃത രതിരൂപത്തിലേക്കുള്ള മനുഷ്യന്റെ പിന്മടക്കമാകുകയാണോ?.
റീ പ്രൊഡക്ടീവ് ഫാദറില്‍ നിന്ന് പ്രൊഡക്ടീവ് ഫാദറിലേക്കുള്ള പിതൃരൂപത്തിന്റെ പരിണാമം കേവലം മൃഗജീവിതത്തില്‍ നിന്ന് മൂല്യാധിഷ്ഠിത ലോകത്തിലേക്കുള്ള മനുഷ്യന്റെ പരിണാമ ചരിത്രത്തോടൊപ്പം സംഭവിച്ചതാണ്. സൃഷ്ടിപരമായ തെരഞ്ഞടുക്കലുകളും നിഷേധിക്കലുകളും കൂടിക്കലര്‍ന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ തുടക്കം കൂടിയാണിത്. പുരുഷ സ്ത്രീ ബന്ധത്തിനിടയില്‍ സ്വീകാര്യവും അസ്വീകാര്യവുമായ രതിബന്ധങ്ങളുണ്ടെന്ന് ചുരുക്കം. ജൈവശാസ്ത്രപരമായി സ്വരക്ത രതിവിരോധമെന്നോ നിഷേധമെന്നോ ഇതിനെ പറയാം. മനുഷ്യന്റെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണിത്.
ജീവിതസഖിയായി ഒരാളെ തെരഞ്ഞെടുക്കുകയും അവളോടൊപ്പം സുഖദുഃഖങ്ങള്‍ പങ്ക് വച്ച് അവളില്‍ ജീവം കൊള്ളുന്ന കുഞ്ഞ് സ്വന്തം രക്തമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന മനോഭാവം മാനവസമൂഹത്തിന്റെ മാത്രം സവിശേഷതയാണ്. ആ തിരിച്ചറിവില്‍ നിന്നാണ് പിതാവ് എന്ന പദത്തിന് പ്രത്യുത്പാദന ജീവി എന്ന ജീവശാസ്ത്ര അര്ത്ഥത്തിന് അപ്പുറം മാനവികമൂല്യബോധത്തിന്റെ അര്‍ത്ഥം ലഭ്യമാകുന്നത്.
സംഘം ചേര്‍ന്ന് ഒരു പെണ്ണിനെ ആക്രമിക്കുകയും ഭോഗിക്കുകയും ചെയ്യുന്നവര്‍ മനുഷ്യകുലത്തെയല്ല മൃഗജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മുലകുടി പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കുന്ന ആണ് ജന്തുവും ഈയര്‍ത്ഥത്തില്‍ മനുഷ്യനല്ല, ഇരയെ ഭോഗിക്കുകയും ഭുജിക്കുകയും ചെയ്യുന്ന മൃഗജീവിതങ്ങളുടെ തുടര്‍ച്ചയാണിത്.
ഒരു യഥാര്‍ത്ഥ സംഭവത്തിലേക്ക് ഒന്നെത്തിനോക്കാം. വടക്കന്‍ കേരളത്തിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിനിക്ക് അച്ഛന്റെ സ്നേഹലാളനകള്‍ പരിധി വിടുന്നതായി സംശയം. പ്രതികരിച്ചപ്പോള്‍ അച്ഛന്റെ മറുപടി ഇങ്ങനെ- ചെറിയ വീടായതിനാല്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിയും മുട്ടിയുമെന്നിരിക്കും. പിന്നീടവള്‍ സഹോദരിയെ കൂട്ടുപിടിച്ചാണ് ആ അച്ഛനെ പ്രതിരോധിച്ചത്. പിതാവില്‍ നിന്ന് മകളെ രക്ഷിക്കാന്‍ പതിനഞ്ചാം വയസില്‍ മകളുടെ വിവാഹം നടത്തിയ അമ്മയേയും ഈ ലേഖകന്‍ നേരിട്ടറിയാം.
വായിച്ചതും കേട്ടതും അറിഞ്ഞതും ആവര്‍ത്തിക്കുന്നില്ല, ദല്‍ഹിയില്‍ മിഠായി നല്കാന് വിളിച്ച മാമന്മാര് തന്നോട് ചെയ്യുന്നതെന്തെന്ന് മനസിലാക്കാന്‍ പോലും പ്രായമാകാത്ത അഞ്ചുവയസുകാരി, കൊടുംക്രൂരതയില്‍ വിടപറഞ്ഞ മധ്യപ്രദേശിലെ പൊന്നോമന, കടത്തിണ്ണയില്‍ നിന്ന് തട്ടിയെടുത്ത നാടോടിക്കുഞ്ഞ്, തിരുപ്പൂരിലെ എട്ട് വയസുകാരി.. ഈ കുഞ്ഞുമാലാഖമാര്‍ നെഞ്ചില്‍ നിറച്ച തീ അണയാതെ കിടക്കുന്നു. പേടിയാകുന്നു, കേട്ടവയേക്കാള് ഭീകരമായ വാര്‍ത്തകള്‍ കേള്ക്കാനിരിക്കുന്നുവാ..കണ്ടവയെക്കാള്‍ ഗുരുതരമായവ ഇരുള്‍ത്താവളങ്ങളില്‍ കുഴിച്ചുമൂടപ്പെട്ടിട്ടില്ലേ..
പ്രതിഷേധവുമായി നടപടി ആവശ്യപ്പെട്ടിറങ്ങുന്നവര്ക്ക് ശാശ്വതമായ പരിഹാരമെന്ന ഉറപ്പ് ലഭിക്കുന്നതേയില്ല. നിയമവും നടപടികളും താക്കീതും മുന്നറിയിപ്പും ഒരു വിഭാഗത്തെ സ്പര്‍ശിക്കുന്നുമില്ല. മദ്യവും മയക്കുമരുന്നും നീലച്ചിത്രങ്ങളും വികലമാക്കുന്ന മനസ്സുകളുമായി കഴുകന് കണ്ണുകളുമായി അവര്‍ കറങ്ങി നടക്കുന്നു. പേടിക്കണം, വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന ബാല്യങ്ങളില്‍ മൃഗതൃഷ്ണയുടെ നോട്ടങ്ങള്‍ പതിക്കുന്നനിമിഷങ്ങളെ.
മനുഷ്യന് പ്രാകൃതവും വന്യവുമായ മൃഗജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നു എന്ന് സമീപകാല ലൈംഗിക കുറ്റകൃത്യങ്ങളുടെ പെരുപ്പം സാധൂകരിക്കുന്നു. പെണ്മക്കള്ക്ക് പിതാക്കന്മാര് എത്രത്തോളം സുരക്ഷിതരാണെന്ന് അമ്മമാര്‍ ആശങ്കപ്പെടേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. ബന്ധങ്ങളോടും മൂല്യങ്ങളോടുമുള്ള ഇരയുടെ അവിശ്വാസ്യത ഒരു പകര്‍ച്ചവ്യാധിയായി മാറാനുള്ള സാധ്യതയാണ് ഏറ്റവും ഭീഷണമായ ഘടകം.
പിതൃപീഡനക്കാലത്ത് ഒറ്റപ്പെടുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്ന അച്ഛന് സമൂഹത്തിന്റെ നിലവിളികള്‍ പെരുകി വരുന്ന സാമൂഹിക രോഗത്തിന്റെ തുടര്‍ച്ചയായി വായിക്കപ്പെടണം. മക്കളെ പ്രാപിച്ച ബൈബിള്‍ കഥാപാത്രമായ ലോത്തിന്റെ കഥ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും സ്നേഹധനനായ ഏതൊരു പിതാവിനുള്ളിലും ഒരു നീറ്റലായി നിലനില്‍ക്കുന്നുണ്ട്. പിതാവിന്റെ സ്നേഹവാത്സല്യത്തില്‍ കാമാതുരതയുടെ കറയുണ്ടോ എന്ന് ഏതോ കണ്ണുകള്‍ ആശങ്കപ്പെടുന്നു. പീഡനങ്ങളിലെ ഇരകളെ കാത്ത് പുറത്ത് കുത്തിമലര്‍ത്താന്‍ പാകത്തില്‍ കൂര്‍ത്ത കൊമ്പുകളോടെ കാണ്ടാമൃഗങ്ങളായി സമൂഹം പതുങ്ങിയിരിക്കുന്നു.
പെണ്മക്കളെയോര്ത്ത് ആശങ്കപ്പടുന്ന അച്ഛന് ഉറങ്ങാത്ത വീടുകളാണ് അധികവും. ഇടയില്‍ സ്വന്തം രക്തത്തെ തിരിച്ചറിയാനാകാത്തവിധം കേടു പിടിച്ച മനസ്സുള്ള ചിലരുണ്ടാകും. അല്ലെങ്കില്‍ പിതൃത്വത്തിന്റെ വിശുദ്ധിയും മഹത്വവും മറന്ന് കിരാതഭാവനയില് മനുഷ്യനല്ലാതാകുന്നത് ആയിരങ്ങളിലൊരാളാകും. ഇവര്‍ അപമാനിക്കുന്നത് പിതൃത്വത്തെയാണ്. സ്വന്തം മകളെ ലാളിക്കാന്‍ ഭയക്കുന്ന സ്ഥിതി.
കേള്‍ക്കാനോ ഓര്‍ക്കാനോ ഇഷ്ടപ്പെടാത്ത ഈ കഥകളില്‍ മനസ്സെരിയുന്നത് അമ്മയെപ്പോലെ തന്നെ അച്ഛന്റേതുമാണ്. പീഡനങ്ങളും മാനഭംഗങ്ങളും ഉറക്കം കെടുത്തുന്നത് സ്ത്രീകളുടേത് മാത്രമല്ലെന്ന് സാരം. അപമാനത്തിന്റെയും നാണക്കേടിന്റെയും ഇത്തരം വാര്‍ത്തകള്‍ ഒരിക്കലും കേള്‍ക്കരുതേയെന്ന് മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ച് അച്ഛന് ആഗ്രഹിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെടുന്ന കുഞ്ഞോമനകളുടെ വാര്‍ത്തകളില്‍ നെഞ്ചുരുകി നിശ്വസിക്കുന്നു. പിന്നെ നിശബ്ദം പ്രാര്‍ത്ഥിക്കുന്നു, വേട്ടക്കാരന്റെ ക്രൗര്യതയ്ക്കും ഇരയുടെ നിലവിളിയ്ക്കുമിടയില്‍ കരുതലും പിന്നെ സ്നേഹത്തണലുമായ പിതൃമനസ്സ് ചോദ്യം ചെയ്യപ്പെടല്ലേ എന്ന്.
നൗഷാദ് എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: