കുഞ്ഞുണ്ണിമാഷിന്റെ ഒരു പുസ്തകമുണ്ട്- “രാഷ്ട്രീയം.” അതിന്റെ കവറില്‍ വലിയ അക്ഷരങ്ങളിലാണ് കുഞ്ഞുണ്ണി എന്ന് എഴുതിയിരിക്കുന്നത്. താഴെ ചുകന്ന അക്ഷരങ്ങളില്‍ ചെറുതായി “രാഷ്ട്രീയം” എന്നും.
കണ്ടാല്‍ തോന്നുക, കുഞ്ഞുണ്ണി എന്നത് പുസ്തകപ്പേരും ‘രാഷ്ട്രീയം’ രചയിതാവിന്റെ പേരും ആണെന്നാവും. ശരിയല്ലേ അതും? രാഷ്ട്രീയാവസ്ഥയുടെ ഉല്‍പ്പന്നമല്ലേ പുസ്തകത്തിനകത്തെ കുഞ്ഞുണ്ണി വാക്കുകള്‍?
കുഞ്ഞുണ്ണിയേയും രാഷ്ട്രീയത്തേയും കൂട്ടിപ്പിടിച്ചു കുഞ്ഞുണ്ണി രാഷ്ട്രീയം എന്നുപറഞ്ഞാലും തരക്കേടൊട്ടുമില്ല. അര്‍ത്ഥവത്താണത്.
കുഞ്ഞി എന്നു പറഞ്ഞാലും ഉണ്ണി എന്നു പറഞ്ഞാലും കുട്ടിയല്ലേ, കുട്ടികളുടെ നിഷ്കളങ്കതയല്ലേ നമ്മുടെ മനസ്സില്‍ വരിക? കുഞ്ഞുണ്ണി എന്നാകുമ്പോഴോ? ഇരട്ടി നിഷ്ക്കളങ്കതയും!
കുഞ്ഞുണ്ണിക്ക് താഴെ രാഷ്ട്രീയം എന്നു എഴുതിയിരിക്കുന്നത് അല്‍പ്പം അപകടകരമായും ആശയക്കുഴപ്പമുണ്ടാക്കുന്നവിധത്തിലുമാണ്. അതിന് താഴെ ഇരുട്ടിന്റെ പിന്‍ബലത്തോടെ ഒരു വികൃതരൂപവും കാണാം; കവര്‍ച്ചിത്രമായി.
കുഞ്ഞിക്കുഞ്ഞിപ്പുസ്തകം എന്നു വിശേഷിപ്പിക്കാം ഇതിനെ. ആകെ 36 പേജേയുള്ളൂ. വില നാലു രൂപയും. എന്നാല്‍, കവിതകളുടെ എണ്ണം അത്ര കുഞ്ഞിയല്ല, ഉണ്ണിയുമല്ല-നൂറ്റിമുപ്പത്തിയൊന്നാണ്. ഡിസി.ബുക്സ് 1984 ല്‍ പ്രസിദ്ധപ്പെടുത്തിയതാണിത്.
“എന്റെ രാഷ്ട്രമെന് ശില്‍പ്പം” എന്ന ഒറ്റവരി ഒറ്റയ്ക്കു നില്‍ക്കുകയാണ് ആദ്യ പേജില്‍. ഒടുവിലോ? 131 ആദ്യാക്ഷരിപ്പട്ടികയുടെ പിന്‍ബലത്തോടെ ഒരു കുറിപ്പും: – “എന്റെ വരികളില്‍ രാഷ്ട്രീയ സംബന്ധികളായവ മുഴുവന്‍ സമാഹരിച്ചിരിക്കയാണിതില്‍.”
എന്റെ വരികളില്‍ എന്നേ കുഞ്ഞുണ്ണി പറയുന്നുള്ളൂ; കവിതകളില്‍ എന്നല്ല എന്നത് ശ്രദ്ധേയമാണ്. എല്ലാ വരികളിലും കവിതയുണ്ടാവുക അത്യപൂര്‍വവുമാണല്ലോ.
രാഷ്ട്രീയ സംബന്ധികളായവ മുഴുവന്‍ സമാഹരിച്ചു എന്നുപറയുന്നതില്‍ അല്‍പ്പം പന്തികേടുണ്ട്. 1984 ലെ സമാഹാരമല്ലേ? പിന്നെയും 22 വര്‍ഷം അദ്ദേഹം ജീവിച്ചിരുന്നു; എഴുതിയിരുന്നു, രാഷ്ട്രീയ സംബന്ധവും ഉണ്ടായിരുന്നു!
അതിരിക്കട്ടെ. കുറിയ ശരീരത്തില്‍ കുറുമുണ്ടുടുത്തു. കുട്ടിക്കുപ്പായമിട്ടു നടന്ന വലിയ മനുഷ്യനായിരുന്നു കുഞ്ഞുണ്ണി. വൈദ്യകുടുംബമായിരുന്നതിനാലാവാം, വാവട്ടമുള്ള പാത്രത്തില്‍ തിളപ്പിച്ചു വറ്റിച്ചു, ഉരുട്ടിയെടുത്താണ് കവിതാ ഗുളികകള്‍ അദ്ദേഹം നാട്ടാര്‍ക്ക് നല്‍കിയത്. ചികിത്സ നല്ലതായിരുന്നു. പക്ഷെ, വേണ്ടത്ര ഫലിച്ചില്ല. രോഗികളുടെ ശീലക്കേടും പൊതുവേയുള്ള കാലക്കേടുമാണ് കാരണം. പഥ്യത്തോടെ വേണം മരുന്നു സേവ എന്നു പറയുമ്പോള്‍ മദ്യത്തോടെ വേണം എന്നു കേള്‍ക്കുന്ന രോഗികള്‍!
ഒറ്റവരിയിലുള്ള ആദ്യപേജിലെ കവിതയെപ്പറ്റി പറഞ്ഞുവല്ലോ. അടുത്ത കവിത “യഥാ നാട്ടാര്, തഥാ സര്‍ക്കാര്‍” എന്നതാണ്. സംസ്കൃതത്തില്‍ “യഥാ രാജാ തഥാ പ്രജാ” എന്നതിനെ ഒന്നു മറിച്ചിട്ടു ചുട്ടതാണത്.
“മുപ്പത്തിയഞ്ചു കഴിഞ്ഞിട്ടും മൂട്ടയുംകൊതുകും കൂടി ഇല്ലാതായില്ല ഇന്ത്യയില്‍.” എന്നതാണ് മൂന്നാമത്തെ മൂന്ന് വരി കവിത. സ്വാതന്ത്ര്യം ലഭിച്ചിട്ടു മുപ്പത്തിയഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ആ കവിതയുടെ പിറവി. ഇന്ന് അറുപത്താറിലെത്തിയിട്ടും അവസ്ഥയ്ക്കുണ്ടോ വല്ല മാറ്റവും?
മുപ്പതുവര്‍ഷം മുമ്പുള്ള ഈയുള്ളവനും ഒരു കവിത എഴുതിയിരുന്നു- “വീണ്ടും സ്വാതന്ത്ര്യസമരം.” അതേ പേരില്‍ പുസ്തകവും ഇറക്കി. അഴിമതിയും അനീതിയും ഇല്ലാതാക്കണം, ധാര്‍മികത പുനഃസ്ഥാപിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യസമരം വേണമെന്നാണ് ആഹ്വാനം. എന്നിട്ടെന്തുണ്ടായി? ഇന്നും നിലവിളികള്‍ തുടരുന്നു! കൊലവിളികള്‍ക്കിടയില്‍ ആര് കേള്‍ക്കാന്‍?
“പാലുകെട്ടാലെടുത്തു കളയാം; തപാലു കെട്ടാലോ?” എന്ന ചോദ്യമാണ് നാലാം കവിത. ഇപ്പോള്‍ അങ്ങനെ സംശയിക്കേണ്ട. തപാലു കെട്ടു കെട്ടിക്കഴിഞ്ഞു: ആപ്പീസ് പൂട്ടിക്കഴിഞ്ഞു! ഇനി ക്വറിയര്‍ സര്‍വീസേ ശരണം; സ്വകാര്യക്കൂറേറിയേറെ ശരണം!
“അനുകൂലിയാകാ ഞാന്‍/ പ്രതികൂലിയാകാ ഞാന്‍/രണ്ടും വെറും കൂലിയാണിക്കാലം.” എന്ന് കുഞ്ഞുണ്ണി പറയുന്ന കാലത്ത് “നോക്കുകൂലി” എന്ന മൂന്നാമന് രംഗത്തുണ്ടായിരുന്നില്ല. കഥയിലില്ലാത്ത കത്തിവേഷം!
ഇങ്ങനെ ഈ കൊച്ചു പുസ്തകത്തിലെ 131 കവിതകളെപ്പറ്റി അഥവാ പ്രസ്താവങ്ങളെപ്പറ്റി, ഇവിടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ചിലതൊക്കെ പറയുവാന്‍ കാണും. നേരായി ആസ്വദിച്ചു കൊണ്ടാകാമത്, മാഷിനെ ക്രൂരമായി വിമര്‍ശിച്ചുമാകാം.
“രാഷ്ട്രീയമില്ലിന്ന്; കാഷ്ടീയമേയുള്ളൂ കേരളത്തില്‍.” എന്ന കവിയുടെ പ്രസ്താവത്തെ ഭാരതത്തില്‍ എന്നാക്കി നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ വികസനത്തിന്റെ ചില രേഖാചിത്രങ്ങള്‍ അദ്ദേഹം നേരത്തെ കോറിയിട്ടതു ശ്രദ്ധിക്കുക.
* ഇന്ത്യക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍ ഇന്ത്യയെന്നൊരു രാജ്യം.
* ഇന്ത്യയ്ക്ക് തലസ്ഥാനമേയുള്ളൂ, തലയില്ല.
* ധൃതരാഷ്ട്രന്മാരല്ലോ രാഷ്ട്രീയ നേതാക്കന്മാര്.
* നേതാക്കന്മാരെ നിങ്ങളാത്മഹത്യ ചെയ്വിന്
എന്തുകൊണ്ടെന്നാല്‍
എനിക്ക് നിങ്ങളെ കൊല്ലാനുള്ള കഴിവില്ല.
* ഇന്ത്യയിലുള്ളത് രാഷ്ട്രീയക്കാര്‍
ഇന്ത്യയിലില്ലാത്തത് രാഷ്ട്രീയം
* മടിയന്‍ കുട്ടിക്കൊരടി
മടിയന്‍ മാഷക്കൊരിടി
മുടിയന് മന്ത്രിക്കൊരു വെടി!
* കോട്ടുവായിടാന്‍ ബഹുകേമനാണിന്ത്യക്കാരന്‍
* ഓട്ടുചെയ്തോട്ടു ചെയ്തോട്ടു ചെയ്-
തോട്ടക്കലമായി നമ്മള്.
* പട്ടിപെറും പാര്‍ട്ടി പിളരും
* പണ്ടത്തെയാള്‍ക്കാര്‍ കുടക്കീഴില്
ഇന്നത്തെയാള്‍ക്കാര്‍ കൊടിക്കീഴില്‍
* പ്ലേഗ് പരന്നാലുണ്ടു നിവൃത്തി
ഫ്ലേഗു പരന്നാലില്ല നിവൃത്തി
* പൊളിറ്റിക്സിങ്ങനെയെന്നും
പൊളിയാനെന്തു കാരണം?
പൊളിയാവുക കാരണം.
* കാശുണ്ടായാല് കമ്മ്യൂണിസം പോകും
* വിപ്ലവം സര്‍വരുമുത്സാഹപൂര്‍വം
നടത്തേണ്ടൊരുത്സവമല്ലോ.
* വിലയും വേലയും പിന്നെ
വരുമാനമിതൊക്കെയും
നിയന്ത്രിച്ചേ നിറുത്തേണം
ഭരിപ്പോര്‍ സര്‍വകാലവും
* മരണഭയത്തേക്കാള്‍ ഭരണഭയം ഘോരം
* മിനിഞ്ഞാന്ന് രാഷ്ട്രീയം
ഇന്നലെ മായം ചേര്‍ത്ത രാഷ്ട്രീയം
ഇന്ന് രാഷ്ട്രീയം ചേര്‍ത്ത മായം
നാളെയോ?…………..
ഈ ചോദ്യം നമുക്ക് വിട്ടുതന്നുകൊണ്ട് കുഞ്ഞുണ്ണിമാഷ് പോയി. നാളയോ എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ട് നമുക്ക് വിട പറയാതെ വയ്യല്ലോ.
പക്ഷെ, പഴയതില്‍നിന്നും വ്യത്യസ്തമായ ഒരു രാഷ്ട്രീയം അതിവഷളായ അവസ്ഥയില്‍ നാം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. അതിന് എന്താണ് ഒരു പുതിയ പേരിടുക? ‘രാത്രീയം’ എന്ന പേര് നന്നായി ചേരുമെന്ന് തോന്നുന്നു. പാതിരാത്രിയില്‍ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ, പുലരാത്ത രാത്രിയുടെ ഭീകരമുഖം!
ദൈവമേ, പുലരി എത്ര അകലെയാണ്?!
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: