തികഞ്ഞ ആത്മവിശ്വാസവും നന്നായി ആശയവിനിമയം ചെയ്യാന്‍ കഴിവുമുള്ള വ്യക്തിയാണോ നിങ്ങള്‍, എല്ലാത്തിലും ഉപരിയായി ശിലകളെ പ്രണയിക്കാന്‍ നിങ്ങള്‍ക്കാകുമോ എങ്കില്‍ തയ്യാറാകൂ.. ബ്രിട്ടണില്‍ വലിയ ഒരവസരമാണ് കാത്തിരിക്കുന്നത്. പ്രതിമാസം ഒമ്പത് ലക്ഷത്തോളം രൂപ ശമ്പളമുള്ള ഏറെ പ്രത്യേകതകളുള്ള ഒരു ജോലി.. ശിലകളിലെ കവിതയെന്നോ അത്ഭുതമെന്നോ വിശേഷിപ്പിക്കാവുന്ന ലോകപ്രശസ്തമായ സ്റ്റോണ്‍ഹെഞ്ചിനെ അറിയില്ലേ.. ഇനിയും വ്യാഖ്യാനിച്ചിട്ടില്ലാത്ത ഈ ശിലകളുടെ സംരക്ഷണത്തിനായി ഒരു സീനിയര്‍ മാനേജരെ തേടുകയാണ് ബ്രിട്ടണ്. ലോകത്താകമാനമുള്ള ചരിത്രസഞ്ചാരികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന സ്റ്റോണ്‍ഹെഞ്ചിനെ കൂടുതല്‍ അണിയിച്ചൊരുക്കണം പുതിയ മാനേജര്‍. ജനറല്‍ മാനേജരായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്കൊപ്പം നൂറ്റിയെണ്‍പത് പേരടങ്ങുന്ന ഒരു സംഘമുണ്ടാകും.
ജോലി കിട്ടിയാല്‍ പ്രത്യേകം അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവുമാദ്യം ഉപജീവനത്തിനായി മാത്രം ഈ ജോലിയെ കാണാതിരിക്കാനുളള മനസ്സുണ്ടാകണം. കാരണം സ്റ്റോണ്‍ഹെഞ്ചിന് പറയാനുള്ളത് പതിറ്റാണ്ടുകളുടെയോ നൂറ്റാണ്ടുകളുടെയോ കഥയല്ല. സഹസ്രാബദ്ങ്ങളുടെ ചരിത്രവും കഥയുമാണ് ഇവിടെ ഉറങ്ങിക്കിടക്കുന്നത്. അതാണ് നിങ്ങള്‍ക്ക് ലോകത്തോട് വിളിച്ചു പറയേണ്ടത്.
വാസ്തവത്തില്‍ എന്താണീ സ്റ്റോണ്‍ഹെഞ്ച്. ചരിത്രാതീത കാലത്തെ ചില കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ ശില്‍പ്പചാരുതയോ.. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ സാലിസ്ബറി താഴ്വരയിലുള്ള സ്റ്റോണ്‍ഹെഞ്ച് യുനസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നാണ്. പത്തുവര്‍ഷത്തോളമായി നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവില്‍ സ്റ്റോണ്‍ഹെഞ്ചിനെക്കുറിച്ച് കൗതുകരമായ ചില നിഗമനങ്ങളിലാണ് പുരാവസ്തുഗവേഷകരെത്തുന്നത്.
ഒറ്റനോട്ടത്തില്‍ ഭീമാകാരമായ നീലശിലകള്‍ വൃത്താകൃതിയില്‍ ക്രമീകരിച്ചുവെച്ചിരിക്കുന്നു. ഈ നീലക്കല്ലുകള്‍ സ്റ്റോണ്‍ഹെഞ്ച് സ്ഥിതി ചെയ്യുന്ന പ്രദേശത്തെങ്ങും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാലിസ്ബറി താഴ്വരയില് നിന്ന് 250 മെയില്‍ അകലെയുള്ള പ്രസേലി കുന്നില്‍ നിന്നാണ് ഇവ എത്തിച്ചതെന്നാണ് കരുതുന്നത്. എങ്ങനെയാകും ചരിത്രാതീതകാലത്തെ ആദിമമനുഷ്യര്‍ ഈ പടുകൂറ്റന്‍കല്ലുകള്‍ ഇവിടെയെത്തിച്ചത്..എന്തു യുക്തി ഉപയോഗിച്ചാണ് അവര്‍ ഇക്കാണുന്ന ക്രമീകരണം ഈ കല്ലുകള്‍ക്ക് നല്‍കിയത്.. ഇന്നും കൃത്യമായി ഉത്തരം പറയാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
മനുഷ്യരുടെയും മൃഗങ്ങളുടെയും അസ്ഥിക്കഷണങ്ങള്‍ ഇവിടെ നിന്ന് ഖാനനം ചെയ്തെടുത്തത് പുതിയ നിഗമനങ്ങളിലേക്ക് പുരാവസ്തു ഗവേഷകരെ കൊണ്ടെത്തിക്കുകയാണ്. ഇത്രമാത്രം അസ്ഥികള്‍ ഒന്നിച്ചു കാണാന്‍ ഇതെന്താ ഒരു ശ്മശാനമായിരുന്നോ എന്നാണ് പുതിയ സംശയം. ആണെങ്കില്‍ ആരുടെ..ഒരു പ്രത്യേക വിഭാഗത്തിന്റെയോ അതോ പൊതുവായ ഒരു ജനതയുടെയോ. ഇങ്ങനെ ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങളാണ് സ്റ്റോണ്‍ഹെഞ്ചിന്റെ ഏറ്റവും വലിയ നിഗൂഢതയും.
പൗരാണിക കാലത്തെ ജ്യോതിശാസ്ത്ര നിരീക്ഷണാലയമെന്നും മറ്റും സ്റ്റോണ്‍ഹെഞ്ചിനെ വിശേഷിപ്പിക്കുന്നുണ്ട്. ആയിരങ്ങള്‍ ഇവിടെ ഒത്തുകൂടിയിരുന്നെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. ആഘോഷമോ ആചാരമോ എന്തുമാകട്ടെ സഹസ്രാബ്ദങ്ങളായി ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ച് ആനയിക്കുന്ന ഒരു ശക്തി സ്റ്റോണ്‍ഹെഞ്ചിന് ഇന്നുമുണ്ട്. അപരിഷ്കൃതമായ ഒരു യുഗത്തില്‍നിന്ന് ഭൂമി വിരല്‍ത്തുമ്പിലാക്കുന്ന അത്ഭുതകരമായ ശാസ്ത്രനേട്ടങ്ങളുടെ ഇക്കാലത്തും അത് തുടരുന്നു. ഇനിയുമെത്തും പുതിയനിഗമനങ്ങളുമായി വരും തലമുറകള്‍. അപ്പോഴുമുണ്ടാകും എല്ലാ യുഗങ്ങള്‍ക്കും നിശബ്ദസാക്ഷിയായ ഈ പടുക്കൂറ്റന്‍ ശിലകള്‍.
പുതിയ ഗവേഷണഫലമനുസരിച്ച് നിലവില്‍ കല്പ്പിച്ചിരിക്കുന്ന അയ്യായിരം വര്‍ഷമല്ല ഏഴായിരം വര്‍ഷമെങ്കിലും പഴക്കമുള്ള മനുഷ്യജീവിതത്തിന്റെയും സംസ്ക്കാരത്തിന്റെയും തെളിവാണിത്. സ്റ്റോണ്‍ഹെഞ്ചിന്റെ സമീപപ്രദേശത്തുണ്ടായിരുന്ന നീരുറവയെ ആധാരമാക്കിയാണ് പുതിയ ഖാനനവും ഗവേഷണവും നടന്നത്. ഏത് കാലാവസ്ഥയിലും വറ്റാത്ത ഈ നീറുറവ വന്യമൃഗങ്ങളെ ആകര്‍ഷിച്ചിരുന്നു. മൃഗങ്ങളുടെ സാന്നിധ്യമുള്ളിടത്ത് സ്വാഭാവികമായും നായാടി ജീവിച്ചിരുന്ന മനുഷ്യനുമെത്തുമെന്ന സാമാന്യനിഗമനത്തില്‍ നിന്ന് തുടങ്ങിയ ഗവേഷണമാണ് സ്റ്റോണ്‍ഹെഞ്ചിന്റെ കാലഗണന പുതുക്കി നിര്‍ണ്ണയിക്കുന്നത്. ബിസി 7500 മുതല്‍ ഇവിടെ മനുഷ്യസാന്നിധ്യമുണ്ടായിരുന്നു എന്നാണ് പുതിയ തെളിവുകള്‍ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ആര്‍ക്കിയോളജിസ്റ്റ് പ്രൊഫ. മൈക്ക് പാര്‍ക്കര്‍ പിയേഴ്സന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരുവിഭാഗത്തിന്റെ അദൃശ്യസാന്നിധ്യമാണ് സ്റ്റോണ്‍ഹെഞ്ചില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചരിത്രാതീത കാലത്തിന്റെ തിരുശേഷിപ്പ് എന്നതിനപ്പുറം അധ്യാത്മികമായ എന്തൊക്കെയോ നീഡൂഢതകള്‍ ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികവും.
“നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും ആത്മാക്കളില്‍ വിശ്വസിക്കുന്ന പ്രാദേശീയരായ ഷമാന്മാരെയും നിങ്ങള്‍ അറിഞ്ഞിരിക്കണം. ഓരോ ദിവസവും തീര്‍ത്തും വ്യത്യസ്തമായിരിക്കും, അവ ചുമക്കാനുള്ള ശേഷി നിങ്ങളുടെ ചുമലുകള്‍ക്കുണ്ടായിരിക്കണം. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത നിഗൂഢതയുറങ്ങുന്ന സ്റ്റോണ്‍ഹെഞ്ചിനെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസ്സിലാക്കണം” – പുതിയ മാനേജരോട് സ്റ്റോണ്‍ഹെഞ്ചിന്റെ മേല്‍നോട്ടക്കാരില്‍ ഒരാളായ ബിയ കാരലിന് പറയാനുള്ളതാണിത്.
പൈതൃകസ്മാരകത്തിന്റെ ഡയറക്ടര്‍ തിം റീവ് പറയുന്നു- “ഇതൊരു ബിസിനസാണ്, ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമെന്ന നിലയില്‍ സ്റ്റോണ്‍ഹെഞ്ചിനെ ഏറ്റവും ആകര്‍ഷണീയമാക്കാന്‍ കഴിവുള്ള ഒരാളാണ് ഇതിന്റെ ചുമതല ഏറ്റെടുക്കേണ്ടത്. അതൊടൊപ്പം ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണിതെന്ന ബോധം അദ്ദേഹത്തിനുണ്ടായിരിക്കുകയും വേണം”.
സ്റ്റോണ്‍ഹെഞ്ച് സന്ദര്‍ശിക്കുന്ന ഓരോ സംഘത്തിലെയും ഒരാള്‍ക്കെങ്കിലും തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവം ഈ ശിലകള്‍ പകര്‍ന്നു നല്‍കാതെ വിടില്ലത്രെ.. ക്യാമറയുടെ വിവിധ സ്നാപ്പുകള്‍ക്കിടയില്‍ ഇനിയും മനസ്സിലാക്കാനാകാത്ത എന്തോ ഒന്നുണ്ടാകും. മറ്റേതൊരു ചരിത്രാവശിഷ്ടങ്ങളും കണ്ടു നീങ്ങുന്ന ഉദാസീനതയോടെ സ്റ്റോണ്‍ഹെഞ്ച് കണ്ട് മടങ്ങാന്‍ കഴിയുന്നില്ലെന്ന് ഓരോ സന്ദര്‍ശകനും സാക്ഷ്യപ്പെടുത്തുന്നു.
അതാണ് സ്റ്റോണ്‍ഹെഞ്ച്, ചരിത്രവും ഐതിഹൃങ്ങളും ഇടകലര്‍ന്ന ഒരുപാട് കഥകള്‍ നിശബ്ദം പറഞ്ഞുകൊണ്ടേയിരിക്കുന്നു. വരുന്നവര്‍ക്ക് അവരുടെ മനസ് പോലെ സ്റ്റോണ്‍ഹെഞ്ചിനെ വായിക്കാം. രാത്രികാവല്‍ക്കാര്‍ക്ക് വിചിത്രമായ അനുഭവങ്ങളാണ് പറയാനുള്ളത്. ചില രാത്രികളില്‍ ശിലകള്‍ക്കിടയില്‍ അസാധാരണമായ ഒരു പ്രകാശം, മറ്റ് ചിലപ്പോള്‍ എവിടെനിന്നെന്നെറിയാതെ ഒഴുകിപ്പരക്കുന്ന റോസാപ്പൂക്കളുടെ സുഗന്ധം….
എന്തായാലും പൂവ്വികരുടെ സ്മരണ നിലനില്‍ക്കുന്ന വിശുദ്ധഭൂമിയായി സ്റ്റോണ്‍ഹെഞ്ചിനെ വിശ്വസിക്കാനാണ് ഇവിടെയുള്ളവര്‍ക്കിഷ്ടം. വെറുമൊരു കൗതുകത്തിന് നിര്‍മ്മിച്ചതോ അല്ലെങ്കില്‍ സമ്പന്നരുടെ ശ്മശാനഭൂമിയോ ആയിരുന്നില്ല സ്റോണ്‍ഹെഞ്ചെന്നും ഒരുകാലത്ത് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയ ഈ പ്രദേശത്തിന് പിന്നില്‍ ദൈവീകമായ എന്തോ ഒരുദ്ദേശ്യമുണ്ടെന്നും ഇന്നും പ്രദേശവാസികള്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇതൊക്കെ അറിഞ്ഞുവേണം പുതിയ മാനേജര്‍ ഈ ശിലാവിസ്മയങ്ങളെ പ്രണയിച്ച് സംരക്ഷകനാകാന്‍. അതാണ് ഈ ജോലിയുടെ ഏറ്റവും വലിയ മനോഹാരിതയും. ഇതിനൊക്കെ കഴിയുമെങ്കില്‍ ഉടന്‍ അപേക്ഷ അയച്ചോളൂ.. ഈ വേക്കന്‍സി ഇനിയും നികത്തപ്പെട്ടിട്ടില്ല. സ്റ്റോണ്‍ഹെഞ്ച് കാത്തിരിക്കുകയാണ് പുതിയ സംരക്ഷകനെ…
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: