ഭഗവദ്ഗീതാ സന്ദേശത്തിലൂടെ ഹൈന്ദവധര്‍മ നവോത്ഥാനത്തിനുതകുംവിധം ലോകം മുഴുവന്‍ ഗീതാജ്ഞാനയജ്ഞങ്ങള്‍ നടത്തി; യുവാക്കളെ നിദ്രയില്‍നിന്നും തട്ടിയുണര്‍ത്തിയ സ്വാമി ചിന്മയാനന്ദന്റെ ജന്മദിനം. കേരളത്തിലും ഭാരതത്തിലും വിദേശങ്ങളിലുമുള്ള ചിന്മയാ പ്രസ്ഥാനങ്ങളും മറ്റ് സന്ന്യാസി സമൂഹങ്ങളും ശിഷ്യപരമ്പരകളും അവരുള്‍പ്പെട്ട സാംസ്ക്കാരിക കേന്ദ്രങ്ങളും മഹാഗുരുവിന് ഭക്ത്യാദരപൂര്‍വം പ്രണാമം അര്‍പ്പിക്കുകയാണ്.
1916 മെയ് എട്ടിന് മധ്യകേരളത്തിലെ ഒരു ഗ്രാമത്തില്‍ പൂത്താംപള്ളി പാറുക്കുട്ടി അമ്മയുടെയും വടക്കെ കുറുപ്പത്ത് കുട്ടന് മേനോന്റെയും മകനായി ജനിച്ച ബാലകൃഷ്ണന്; തന്നിലെ ഈശ്വരീയ ചൈതന്യം നിരന്തര സാധനയിലൂടെയും കഠിന തപസ്സിലൂടെയും വികസിപ്പിച്ചെടുത്തു ലോകാരാധ്യനാവുകയായിരുന്നു.
1973 ല്‍ അന്ധേരിയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സ്വാമിജി പറഞ്ഞു. “യുവസുഹൃത്തുക്കളെ ഞാന്‍ മതത്തിലും തത്ത്വശാസ്ത്രത്തിലും പ്രവേശിക്കുവാനിട വന്നത്. അവയെ നശിപ്പിക്കുവാനായിരുന്നു നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ഒരു വെള്ളിയാഴ്ച വൈകുന്നേരം പത്രക്കാരന്റെ സാമഗ്രികളായ ക്യാമറയും ടൈപ്പ്റൈറ്ററും നോട്ടുപുസ്തകവും പെന്‍സിലുമായി ഞാന്‍ ഋഷികേശിലേക്കുപോയി. പിറ്റേ ദിവസം രണ്ടാം ശനിയാഴ്ച ആയതിനാല്‍ തിങ്കളാഴ്ച തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാമല്ലൊ എന്നു കരുതിയാണ് പോയത്. പക്ഷെ ആ തിങ്കളാഴ്ച…ഇതുവരെ വന്നില്ല.”
പിന്നീട് ഒട്ടേറെ തിങ്കളാഴ്ചകള് കടന്നുപോയെങ്കിലും ബാലകൃഷ്ണന് എന്ന സബ് എഡിറ്റര്‍ പത്രമാഫീസില്‍ തിരിച്ചുവന്നില്ല. ആ യാത്ര ഒരു നിയോഗമായിരുന്നു. ആര്‍ഷഭാരത സംസ്കൃതിയിലേക്കുള്ള തീര്‍ത്ഥാടനമായിരുന്നു അത്.
പത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മുട്ടറ്റം വെള്ളം നിറച്ച തടവറയില്‍ രണ്ടുദിവസം ഇട്ട് പീഡിപ്പിച്ചിരുന്നു. ന്യൂമോണിയ ബാധിച്ച് അബോധാവസ്ഥയിലായപ്പോള്‍ പോലീസുകാര്‍ ജീപ്പ്പില്‍ കയറ്റി വഴിയരികില്‍ ഉപേക്ഷിച്ചു. വഴിവക്കില്‍ അനാഥപ്രേതം കണക്കെ കിടന്ന ആ മനുഷ്യനെ ആരൊ കാറില്‍ കയറ്റി ലക്നൗ ആശുപത്രിയിലെത്തിച്ചു. മരണത്തെ മുഖാമുഖം കണ്ട ആ പത്രപ്രവര്ത്തകന് റോഡരുകില്‍ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ടവനായിരുന്നില്ല. അദ്ദേഹത്തിന്റെ കര്‍മകാണ്ഡത്തില്‍ ദൈവനിയോഗമായി ചെയ്തുതീര്‍ക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. മതത്തെയും ദര്‍ശനങ്ങളെയും സന്ന്യാസിമാരെയും വിമര്ശിക്കുവാന് ഇറങ്ങിപ്പുറപ്പെട്ട ഒരു വിപ്ലവകാരി ഒടുവില്‍ ലോകാരാധ്യനായ സന്ന്യാസി ശ്രേഷ്ഠനായത് അതുകൊണ്ടാവാം!
വേദങ്ങളും ഉപനിഷത്തുകളും ഭഗവദ്ഗീതയുമായിരുന്നു സ്വാമിയുടെ ശക്തിസ്രോതസ്സ്. വേദസൂക്തങ്ങളുടെ പ്രഥമ സ്പന്ദമല്ലാതെ മറ്റൊന്നില്ലെന്ന ഉപനിഷത്തുക്കളുടെ കൂട്ടായ ഉപദേശവും സ്വകര്‍മത്തിലൂടെ സാക്ഷാത്ക്കരിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്.
സ്വാമി ജയിലില്‍ നിന്നാണ് ശിവാനന്ദ സ്വാമിജിയുടെ ‘ദ ലൈറ്റ് ഡിവൈന്‍’ എന്ന മാസിക യാദൃശ്ചികമായി വായിക്കാനിടയാവുകയും തുടര്‍ന്ന് ജയില്‍മോചിതനായശേഷം ആ മാസിക പ്രസിദ്ധീകരിക്കുന്ന ഋഷികേശിലുള്ള ശിവാനന്ദ ആശ്രമത്തില്‍ എത്തിപ്പെടുകയുമായിരുന്നു. സ്വാമി ശിവാനന്ദ സരസ്വതിയില്‍ നിന്നും സന്ന്യാസം സ്വീകരിച്ച സന്ദര്‍ഭം സ്വാമിജി ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. “എന്റെ ഗുരുനാഥന് 1943 ലെ ശിവരാത്രി ദിവസം എനിക്ക് തന്നത് കര്‍മചൈതന്യത്തിന്റെ കാഷായമായിരുന്നു. സനാതനമായ സന്ന്യാസത്തിന്റെ മൂലമന്ത്രമായിരുന്നു. ജപതപ ധ്യാനംകൊണ്ട് ഉണങ്ങി ഉള്‍ക്കരുത്ത് കൈവരിച്ച പഞ്ചമുഖ രുദ്രാക്ഷമായിരുന്നു. ആറു പുരുഷായുസ്സ് കൊണ്ട് ആര്‍ജ്ജിക്കാവുന്നത്രയും എന്റെ ഗുരുനാഥന് ആറുവര്‍ഷംകൊണ്ട് എനിക്ക് പകര്‍ന്നു തന്നു. ആ ത്രിവേണിയില്‍ ഞാന്‍ മുങ്ങിക്കുളിച്ചു. അതൊരു ജ്ഞാനസ്നാനമായിരുന്നു. എന്റെ മുന്നില്‍ വലിയൊരു കര്‍മകാണ്ഡം നീണ്ടുനിവര്‍ന്നുകിടക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തലായിരുന്നു. ആ സ്വാമി പാദങ്ങളില്‍നിന്നാണ് എന്റെ കര്‍മസൂര്യന്‍ ഉദിച്ചുവന്നത്.”
ചിന്മയാനന്ദ സ്വാമിയെ സമഗ്രമായി വിലയിരുത്തുമ്പോള്‍ ഭാരതീയവും സാര്‍വലൗകികവുമായ പശ്ചാത്തലത്തില്‍ മാത്രമേ നോക്കിക്കാണുവാന്‍ സാധിക്കുകയുള്ളൂ. ലോകത്തിലെമ്പാടും ജനപ്രീതി നേടിയെടുക്കുവാന്‍ അദ്ദേഹത്തിന്റെ ഗീതാപ്രഭാഷണങ്ങള് തന്നെയാണ് മുഖ്യസ്രോതസ്സ്. നല്ലൊരു വാഗ്മിയും ജ്ഞാനിയുമായ സ്വാമിയുടെ പ്രസംഗശൈലി വളരെ ആകര്‍ഷണീയമാണ്. ഇന്ത്യയിലും വിദേശങ്ങളിലുമായി അഞ്ഞൂറിലധികം ഗീതാജ്ഞാന യജ്ഞങ്ങള്‍ സ്വാമി നിര്‍വഹിച്ചിട്ടുണ്ട്.
ക്രൈസ്തവ, മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നടന്ന ഗീതായജ്ഞങ്ങളില്‍ അവിടത്തെ ഭരണാധികാരികള്‍ പോലും സന്നിഹിതരായിരുന്നു. വേദം കേള്‍ക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞു വലിയൊരു വിഭാഗത്തെ അകറ്റി നിര്‍ത്തിയപ്പോള്‍ സധൈര്യം ഭഗവദ്ഗീതയും വേദങ്ങളും പൊതുവേദികളില്‍ സമൂഹമധ്യത്തില്‍ കൊണ്ടുവന്ന് വ്യാഖ്യാനിച്ച് സര്‍വര്‍ക്കും ആത്മീയ പ്രകാശം പ്രദാനം ചെയ്തത് സ്വാമി ചിന്മയാനന്ദനായിരുന്നു.
ഭാരതീയ ദര്‍ശനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ചിന്മയാമിഷന് ആരംഭിച്ചത് 1955 ലാണ്. ഇന്ന് ലോകമെമ്പാടും ശാഖകളും ഉപശാഖകളുമായി വിദ്യാഭ്യാസം ആദ്ധ്യാത്മിക സേവന രംഗങ്ങളില്‍ പടര്‍ന്നുപന്തലിച്ചു സമൂഹത്തിന് തണലേകുകയാണ്.
ജ്ഞാനസ്വരൂപനായ ചിന്മയാനന്ദ സ്വാമി കൊളുത്തിവെച്ച ജ്ഞാനത്തിന്റെ ദീപസ്തംഭങ്ങള്‍ ചൊരിയുന്ന പ്രകാശധാര സമൂഹത്തെ നല്ല വഴിയിലേക്കു നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
തസ്മൈ ശ്രീ ഗുരവേ നമഃ
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: