അത്യാധുനികതയുടെ സാംസ്കാരിക മുന്നേറ്റത്തിലും കമ്പോളവത്കരിക്കപ്പെട്ട സമൂഹത്തിലും ഉപഭോക്തൃ സംസ്കാരത്തിന്റെ ബലിയാടുകളായി സ്ത്രീകള്‍ കഴിയേണ്ടിവരുന്നു. ചില സ്ത്രീകള്‍ നിലവിലുള്ള ചട്ടങ്ങളില്‍ നിന്ന് മാറി ചിന്തിക്കുകയും ചരിത്രം രചിക്കുകയും ചെയ്യുന്നു. ആ ചരിത്ര രചനയ്ക്ക് സാക്ഷ്യമാകാനൊരുങ്ങുകയാണ് സ്ത്രീശക്തിയുടെ ദൃശ്യഭാഷ്യം ചമച്ച് ഇന്ത്യയിലെ പ്രഥമ മലയാള വനിതാചാനലായ സഖി ടിവി. ചരിത്രം ചൂണ്ടുപലകകളാകുമ്പോള് അറിഞ്ഞതിനപ്പുറം അറിയാന്‍, കണ്ടതിനപ്പുറം കാണാന്‍ അതിരുകളില്ലാത്ത അറിവിന്റെ ദൃശ്യാവിഷ്കാരത്തിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടുപോകും ഈ ചാനല്‍. ചാനല്ലോകത്ത് ഒരു പെണ്ചുവടുവയ്പ് ഒരു കൂട്ടുകാരിയായി, സഖിയായി, സാന്ത്വനമായി മാറാനുള്ള ഒരു തയ്യാറെടുപ്പാണിത്.
മൂന്നുവര്‍ഷം മുന്‍പുണ്ടായ സര്‍വേയുടെ വെളിച്ചത്തിലാണ് വനിതാചാനല് എന്ന ചിന്ത ഉടലെടുത്തത്. വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് വനിതാ ചാനല്‍ സങ്കല്പ്പത്തിന് പ്രചോദനമേകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പായതോടെ സാമൂഹ്യരംഗത്ത് നിറഞ്ഞുനില്ക്കാമെന്ന ആത്മവിശ്വാസം വന്നു. ഭരണസിരാകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു തുടങ്ങി. എന്നാല്‍ അതോടൊപ്പം സ്ത്രീ പീഡനങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ നടത്തിയ സര്‍വേയാണ് ഇനിയും സ്ത്രീപക്ഷ ചാനലിന് താമസമരുത് എന്ന തീരുമാനത്തില്‍ എത്തിച്ചത്. ഇതിന്റെ സാരഥികള്‍ ഒന്നിച്ച് സമ്മതിക്കുന്നു. ‘സഖിക്ക്’ ഒരു അര്ത്ഥതലമേയുള്ളു; ഉത്തമയായ കൂട്ടുകാരി…. അതുതന്നെയാണ് സഖി ടിവി.
സാന്ത്വന സ്പര്‍ശവുമായി സഖി അശരണര്‍ക്കും നിരാലംബര്‍ക്കും സാന്ത്വനസ്പര്‍ശമായി മാറാന്‍, രാപ്പകലെന്യേ താങ്ങും തണലുമാകാന്‍, സ്ത്രീശക്തിക്കു കരുത്തേകാന്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് വനിതകള്‍ക്കൊരു ചാനല്‍ എന്ന ആശയം രൂപം കൊണ്ടതെന്ന് ചെയര്‍പേഴ്സണ്‍ നീനാ ആര്. പിള്ള പറഞ്ഞു. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പുതിയ ചാനലിന്റെ ആവശ്യകത കൂടിയതായും നീനാപിള്ള കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ജോലിചെയ്യുന്ന ഏകചാനലും സഖിയായിരിക്കും. വനിതാചാനല് രൂപീകരണത്തോടൊപ്പം സഖി ടിവിയുടെ തണലില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ വനിതാദിനമായ മാര്‍ച്ച് എട്ടിന് പ്രവര്‍ത്തനം തുടങ്ങി. സഖി വിമന്‍സ് ഫോറം രൂപീകരിച്ചു. വനിതകള്‍ക്കായി ജില്ലയില്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങി. ഗള്‍ഫിലെ എട്ടു രാജ്യങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം സജീവമാണ്. സഖിചാനലില് നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ചാനല്‍ ക്യാമറക്കണ്ണുമായി നേരിട്ട് സ്ത്രീകളിലേക്കെത്തി അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തും.
സഖി നല്കുന്ന വാഗ്ദാനങ്ങള്‍
എന്റര്ടെയ്ന്മെന്റ്ചാനലാണെങ്കിലും വാര്‍ത്താ സംപ്രേഷണവും ഉണ്ടാകും. കരയിപ്പിക്കുന്ന സീരിയലുകള്‍ക്ക് വിട പറയും. മദ്യപാന, പുകവലി രംഗങ്ങളും അശ്ലീല പദപ്രയോഗങ്ങളും തീരെ ഉണ്ടാകില്ല. രാഷ്ട്രീയ, ജാതിമതത്തിനതീതമായി സ്ത്രീശാക്തീകരണം മാത്രം ലക്ഷ്യമിടുന്നു സഖി.
ലോക കമ്പോളങ്ങളുടെ നിലനില്‍പ്പുതന്നെ സ്ത്രീയെ ആശ്രയിച്ചാണ്. ടിവി പ്രേക്ഷകരില്‍ അധികവും സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞാണ് ഈ ഉദ്യമത്തിന് തയ്യാറായതെന്ന് മാനേജിംഗ് ഡയറക്ടര്‍ ശ്രീരാജ് മേനോന് പറഞ്ഞു.
അല്പം ചരിത്രം
2012 ഫെബ്രുവരി നാലിന് സഖി പ്രവര്‍ത്തനം തുടങ്ങി. ആഗസ്റ്റ് 20ന് കോര്‍പ്പറേറ്റ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. 2013 ഫെബ്രുവരി 11ന് ടെസ്റ്റ് ട്രാന്സ്മിഷന് ആരംഭിച്ച സഖി ഈ വര്‍ഷം അവസാനത്തോടെ സംപ്രേഷണം ആരംഭിക്കും. നടി ശാരദയാണ് സഖിയുടെ രക്ഷാധികാരി. നിലമ്പൂര്‍ ആയിഷ, നടി അംബിക എന്നിവര്‍ വൈസ്ചെയര്പേഴ്സണ്മാരാണ്. സംവിധായകന് സിദ്ധിഖ് ക്രിയേറ്റീവ് ഹെഡായി പ്രവര്‍ത്തിക്കുന്നു.
ശക്തമായ ഒരു നേതൃത്വവുമായി കേരളീയ സ്ത്രീ ജിവിതത്തിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങളുമായാണ് സഖി വരുന്നത്. അതിശയിപ്പിക്കുന്ന ജീവിതഗാഥകളുടെയും പൊരുതുന്ന സ്ത്രീശക്തിയുടെയും നേര്‍ക്കാഴ്ച്ചകളുമായി പെണ്മനസിന് വഴികാട്ടിയും സാന്ത്വനവുമാകാനൊരുങ്ങുകയാണ് സഖി ടിവി.
ഷീനാസതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: