തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദശക്തികളെ പുറത്തുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഉപവാസ സമരം നടത്തിയ വിവിധ ഹിന്ദുസംഘടനാ നേതാക്കളെ അറസ്റ്റുചെയ്തതില്‍ വ്യാപക പ്രതിഷേധം. ഇന്നലെ വൈകിട്ട് സംസ്ഥാനത്തിന്റെ ഒട്ടെല്ലാ മേഖലകളിലും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പ്രകടനവും ധര്‍ണയും നടത്തി. മാറാട് എട്ട് മത്സ്യ തൊഴിലാളികളെ നിഷ്ഠൂരമായി ആക്രമിച്ച് കൊന്നതിന്റെ പത്താം വാര്‍ഷികം എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈന്ദവ സംഘടനകള്‍ സമരത്തിന് ഒരുങ്ങിയത്. ഹിന്ദു സംഘടനകള്‍ മാത്രമല്ല ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനും ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ബാഹ്യശക്തികളെ കണ്ടെത്താനും അന്വേഷണം വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടക്കംമുതല്‍ തന്നെ ഹിന്ദുഐക്യവേദിയും മറ്റ് ഹൈന്ദവ സംഘടനകളും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ തുടക്കത്തില്‍ നിരാകരിച്ച ഇരുമുന്നണി സര്‍ക്കാരുകളും ഒടുവില്‍ സിബിഐ അന്വേഷണത്തിന് അനുകൂലമാണെന്ന ധാരണ പരത്തിയതാണ്. എന്നാല്പത്ത് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഹിന്ദു സംഘടനകള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരം ആരംഭിച്ചപ്പോള്‍ തന്നെ നേതാക്കളെ മുഴുവന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. കിഴക്കേകോട്ടയില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.
കേരളം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ നരഹത്യ നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യിക്കുന്നതിനുവേണ്ടി അഞ്ച് മാസം ഹിന്ദുഐക്യവേദിക്ക് നിരന്തര സമരം നടത്തേണ്ടിവന്നുവെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ കിളിമാനൂര്‍ സുരേഷ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതികളായവരെ സംരക്ഷിക്കുന്നതിന് ഇരുമുന്നണികളും ഒരുപോലെ പ്രയത്നിക്കുകയായിരുന്നു. അവിടെ ഇരകള്‍ക്കൊപ്പമല്ല പ്രതികള്‍ക്കൊപ്പമായിരുന്നു ഭരണകൂടം. അറസ്റ്റിലായ പ്രതികള്‍ക്കുവേണ്ടി കേസ് നടത്താനും അവരുടെ കുടുംബങ്ങളെ സഹായിക്കാനും ഇടതു-വലത് മുന്നണികളിലെ മുഖ്യകക്ഷികള്‍ തന്നെ രംഗത്തിറങ്ങിയ കാഴ്ചയും കണ്ടതാണ്. കോടതി പറഞ്ഞിട്ടും മാറാട് സംഭവം സംബന്ധിച്ച് ഉണ്ടാക്കിയ ധാരണ പ്രകാരവും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതായിരുന്നു. എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിന് പിന്നിലെ ഗൂഢശക്തികളെ പുറത്തുകൊണ്ടുവരാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നടക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഹിന്ദുഐക്യവേദി രംഗത്തിറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാന സമിതിയംഗം തിരുമല അനില്‍, ജില്ലാഭാരവാഹികളായ സന്ദീപ് തമ്പാനൂര്‍, കെ.പ്രഭാകരന്, ബിജെപി ജില്ലാപ്രസിഡന്റ് കരമന ജയന്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, നഗരസഭാകക്ഷി നേതാവ് പി.അശോക് കുമാര്‍, ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി രാധാകൃഷ്ണന്, ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗര്‍ കാര്യവാഹ് അഡ്വ.മനോഹരന് സഹകാര്യവാഹ് ജയകുമാര്‍, അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: