മിലാന്: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ ജുവന്റസിന് കിരീടം കയ്യെത്തും ദൂരത്ത്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ടോറിനോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ ജുവന്റസിന് നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഒരു പോയിന്റുകൂടി നേടിയാല്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാം.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നാപൊളി മറുപടിയില്ലാത്ത മൂന്നുഗോളിന് പെസ്കാരയെ കീഴടക്കിയതിനാലാണ് ജുവന്റസിന് ഇനിയും കാത്തിരിക്കേണ്ടിവന്നത്. ഇതോടെ 34 മത്സരങ്ങളില്‍നിന്ന് ജുവന്റസിന് 80ഉം നാപൊളിക്ക് 69ഉം പോയിന്റായി. കറ്റാനിയയെ രണ്ടിനതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് 62 പോയിന്റുമായി എസി മിലാനാണ് മൂന്നാം സ്ഥാനത്ത്. നാല് റൗണ്ടുകളാണ് ഇനി ബാക്കിയുള്ളത്. സാംപദോറിയയെ മറുപടിയില്ലാത്ത മൂന്നുഗോളിന് തകര്‍ത്ത് ഫിയോറന്റീനയാണ് നാലാം സ്ഥാനത്ത്. 34 മത്സരങ്ങളില്‍നിന്ന് 61 പോയിന്റാണ് അവര്‍ക്ക്.
ടോറിനോക്കെതിരായ മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ രണ്ട് ഗോളുകളാണ് ജുവന്റസിന് വിജയമൊരുക്കിയത്. 84-ാംമിനിറ്റുവരെ ജുവന്റസിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ടോറിനോ താരങ്ങള്‍ക്കായി. 84-ാം മിനിറ്റില്‍ ആര്തറോ വിദലാണ് ജുവന്റസിനായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ഇഞ്ച്വറി സമയത്ത് ക്ലൗഡിയോ മര്‍ചീസിയോ ജുവന്റസിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
കറ്റാനിയക്കെതിരായ മത്സരത്തില്‍ രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് എസി മിലാന് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 30-ാം മിനിറ്റില്‍ നിക്കോളാ ലെഗ്രറ്റഗ്ലിയാണ് കറ്റാനിയയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫ്ലാമിനി എസി മിലാനെ ഒപ്പമെത്തിച്ചു. പിന്നീട് മത്സരത്തിന്റെ 65-ാം മിനിറ്റില്‍ കറ്റാനിയ വീണ്ടും മുന്നിലെത്തി. ഗൊണ്‍സാലൊ ബെര്ഗസിയോയാണ് ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റിനിടെ രണ്ട് തവണ ഗോള്‍ നേടിയ പസീനി എസി മിലാനെ മുന്നിലെത്തിച്ചു. പിന്നീട് ഇഞ്ച്വറി സമയത്ത് സൂപ്പര്‍ താരം ബലോട്ടെല്ലി മിലാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇന്റര്‍മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് പലേര്‍മോ കീഴടക്കി. മറ്റൊരു മത്സരത്തില്‍ പാബ്ലോ ഓസ്വാള്‍ഡോ നേടിയ ഹാട്രിക്കിന്റെ കരുത്തില്‍ കരുത്തരായ റോമ ലാസിയോയെ കീഴടക്കി. വിജയത്തോടെ റോമ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: