തിരുവനന്തപുരം: കോണ്‍ഗ്രസ്സും യുഡിഎഫും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി ജാതിമത ശക്തികളെ പ്രീണിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സാമുദായികഭിന്നത ശക്തിപ്പെടുത്താന്‍ സാമുദായിക സംഘടനകള്‍ നടത്തുന്ന നീക്കത്തെ എതിര്‍ക്കേണ്ട ഘട്ടത്തില്‍ മുഖ്യമന്ത്രിയും യുഡിഎഫും നിശബ്ദത പാലിക്കുകയാണ്. നരേന്ദ്രമോദിയുടെ ശിവഗിരി സന്ദര്‍ശനത്തെ ഉത്പതിഷ്ണുക്കള്‍ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിക്കും യുഡിഎഫിനും ഒന്നും പറയാനുണ്ടായിരുന്നില്ല. മോദിയുടെ സന്ദര്‍ശനത്തെ എന്‍എസ്എസും എസ്എന്‍ഡിപിയും അനുകൂലിക്കുകയാണുണ്ടായത്. എന്നിട്ടും യുഡിഎഫിന് അനക്കമുണ്ടായില്ല. ഈ ശക്തിക്കള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. മാറിമാറി ഇത്തരം ശക്തികളെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സിന്റേത്. ഇത് ഓരോ വിഭാഗവും കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നതിനിടയാക്കുന്നു.
എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മില്‍ യോജിക്കുന്നുവെന്നത് പൊതുവായ വിഷയമാകേണ്ട കാര്യമില്ല. എന്നാല്‍ സാമുദായിക ഭിന്നിപ്പിനിടയാക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. കെപിസിസി പ്രസിഡന്റിന്റെ നിലപാട് സാമുദായിക സംഘടനകള്‍ പറയുന്നതിന് പ്രതികരിക്കേണ്ടതില്ലെന്നാണ്. ജാതിമത സാമുദായിക ശക്തികളുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടിയാണ് ഇത് ചെയ്യുന്നത്.
നാറാത്ത് ആയുധശേഖരം കണ്ടെത്തിയത് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണ്. പ്രൊഫഷണല്‍ കൊലയാളികളാണ് പരിശീലനം നടത്തിയിരുന്നത്. സര്‍ക്കാരിന്റെ സമീപനമാണ് ഇതിനു വഴിവയ്ക്കുന്നത്. മാറാട് സിബിഐ അന്വേഷണം അട്ടിമറിച്ചതും കാസര്‍കോഡ് കലാപത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതും നരിക്കാട്ടേരി ബോംബ് സ്ഫോടനത്തില്‍ അന്വേഷണം മരവിപ്പിച്ചതുമെല്ലാം ആര്‍ക്കുവേണ്ടിയാണ്. തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടില്‍ ലീഗ് ആത്മപരിശോധന നടത്തണം. തള്ളക്കോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെയാണ് ലീഗ് എസ്ഡിപിഐ പോലുള്ള സംഘടകളെ സംരക്ഷിക്കുന്നത്. മാറാട് കേസില്‍ ദോഷം വരുമെന്ന ലീഗിന്റെ അഭിപ്രായം സ്വീകരിച്ചല്ലേ സിബിഐ അന്വേഷണം അട്ടിമറിച്ചത്. ലീഗുകാര്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി മുന്നോട്ടുപോയാല്‍ അത് നാടിനും ലീഗിനും ആപത്തായിരിക്കും. പിണറായി പറഞ്ഞു.
ആദിവാസി മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ശുദ്ധജലവും സൗജന്യ ഭക്ഷണവും ലഭ്യമാക്കണം. കുടിവെള്ളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: