ആലപ്പുഴ: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എത്രയും വേഗം വൈസ് ചാന്‍സിലറെ നിയമിക്കണമെന്ന് സംസ്കൃത സംരക്ഷണവേദി സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലര്‍ സംസ്കൃത പണ്ഡിതനായിരിക്കണം.
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സംസ്കൃതാധ്യാപകരെ നിയമിക്കണം. സംസ്കൃത സ്കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും കാലോചിതമായി വര്‍ധിപ്പിക്കുകയും സംസ്കൃതം അക്കാദമിക് കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും വേണം. സംസ്കൃതത്തോടൊപ്പം തുല്യപ്രാധാന്യത്തില്‍ മലയാളം പഠിക്കേണ്ട സാഹചര്യത്തില്‍ സംസ്കൃത വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക. പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന പാഠ്യപദ്ധതി മൂല്യാധിഷ്ഠിതമായിരിക്കാന് ശ്രദ്ധിക്കുക. കരിക്കുലം കമ്മറ്റിയില്‍ സംസ്കൃതാധ്യാപകരെ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
സംസ്കൃത സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ രാജശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍.വിശ്വനാഥന് അധ്യക്ഷത വഹിച്ചു. ഡി.എ.കൈമള്‍, പി.ചന്ദ്രശേഖരമേനോന്, എന്‍.വിശ്വനാഥന്‍നായര്‍, ആര്.കെ.പൊതുവാള്, എന്‍.ദേവകി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: