പൂരത്തിന്, ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്നതായിരിക്കും നന്നാവുക. അല്ലെങ്കില്‍ ഒരുപക്ഷെ പൂരം കാണല്‍ നടന്നുവെന്നുവരില്ല. ഒരു നോക്കെങ്കിലും കണ്ടുപരിചയമുള്ള മുഖങ്ങള്‍ അനവധിയുണ്ടാവും ചുറ്റിലും. അവരോടെല്ലാം കുശലം ചൊല്ലിനടന്നാല്‍, കാണാനുള്ള പൂരം പിന്നെ കേട്ടറിയേണ്ടിവരും.. വാദ്യ’കാലം’ ആര്‍ക്കും വേണ്ടി കാത്തുനില്ക്കില്ലല്ലോ.
പൂരം എപ്പോഴും സ്വകാര്യ ആസ്വാദനം തന്നെയാണ്. കൂട്ടുംകൂടി വന്ന് സകലതും കണ്ടെന്നുവരുത്തുന്നതും വെറും ആഘോഷമാണ്. പൂരത്തില്‍ ചില സ്വകാര്യ ആസ്വാദനംകൂടി നടക്കാനുണ്ട്; എല്ലാ അര്‍ത്ഥത്തിലും അതിനും ഭംഗം വരുത്തിക്കൂടാ. പൂരം എന്നാല്‍ പൂത്തുലയുന്ന രംഗവേദിയായി കാണാനായാല്‍ അവിടുത്തെ രസങ്ങളും അനുഭവവേദ്യമാക്കാം. കഥാപാത്രങ്ങളായി ആയിരങ്ങളല്ലേ പൂരത്തിന്റെ രംഗപട പശ്ചാത്തലത്തില്‍ നിറഞ്ഞാടുക!
നവരസങ്ങള്‍ക്കും പൂരത്തിനിടയില്‍ അവസരമുണ്ടോ എന്നാര്‍ക്കെങ്കിലും സംശയം ഉണ്ടായേക്കാം. ക്ഷമാപണത്തോടെത്തന്നെ പറയട്ടേ, അവര്‍ പൂരത്തിന്റെ ആസ്വാദകരല്ല എന്നു പറയുന്നതിലും തെറ്റില്ല.
‘അത്ഭുത’മാണ്, ഏതു പൂരപ്പറമ്പിലും ആദ്യം നാമ്പിടുന്ന രസം – അതിനെ കൗതുകമെന്നും ഉപവ്യാഖ്യാനിയ്ക്കാം. പിന്നെ ‘ഹാസ്യം’- എത്രയെത്ര അവസരങ്ങളാണ് ഓരോ പൂരാസ്വാദകന്റെയും സ്മരണകളിലുളളത്! ‘വീരം’ – ആനകളാണ്. അവന്റെ ആ നിലവും, ചമയങ്ങളോടെയുള്ള ആ ഗജഗമനവും. ആള്‍ക്കൂട്ടത്തിന്റെ ഒത്ത നടുക്കും അനായാസം കാണുന്ന രസമാണ് സൃഷ്ടിപരമായ ശൃംഗാരം – കണ്കോണില് ഒരു പിടച്ചില്‍ – പൊടിമീശയ്ക്കുതാഴെ ഒരു പുഞ്ചിരി… മേടസൂര്യനുതാഴെ വശ്യവാചാലത… അതുകൊണ്ടുകൂടിയാണ് പറഞ്ഞത് പൂരം ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്നു കാണണമെന്ന്!!
പൂരത്തില്‍ രൗദ്രവും ഭയാനകവും ബ1ീഭത്സവുമെല്ലാം ഒന്നിച്ചു സമ്മേളിയ്ക്കുന്നത് ദിഗന്തങ്ങളെ വിറപ്പിയ്ക്കുന്ന വെടിക്കെട്ടു സമയത്താണ്. ഏതുകൊമ്പനും ഒന്നു ചൂളും; കൂട്ടപ്പൊരിച്ചില്‍ സമയത്ത്…. പിന്നെയെല്ലാം ‘ശാന്ത’മാകും. ആളൊഴിഞ്ഞ പൂരപ്പറമ്പ് എന്നു പറയില്ലേ?! അവിടെയൊന്ന് – ആള്‍ക്കൂട്ടമെല്ലാം ചോര്‍ന്നൊഴിഞ്ഞു – ആല്ത്തളിരിന്റെ നനുത്ത കാറ്റേറ്റിരുന്നാല്‍ ആസ്വദിക്കാം ആ ശാന്തത – അതാണ് വാസ്തവത്തില്‍ മറ്റൊരു ജനസാഗരത്തിലേക്ക് എടുത്തുചാടാനുള്ള തൃഷ്ണയെ ജനിപ്പിക്കുന്നതും.
ഇന്നു നാമെല്ലാം കാണുന്നത് ഇന്‍സ്റ്റന്റ് പൂരമാണ്. അഥവാ വിശാലമായ പൂരപ്പറമ്പിന്റെ ഏതോ കോണില്‍ നിന്നുംകൊണ്ടൊരു എത്തിനോട്ടം.
ദൂരെയതാ ആനത്തലകാണുന്നു. മേലെ കുടയും ആലവട്ടവും വെഞ്ചാമരവും കാണുന്നു. താഴെ തട്ടകത്തമ്മയുടെ കോലം (തിടമ്പല്ല) കാണുന്നു.
അതു നമ്മുടെ ഗുരുവായൂര്‍ പത്മനാഭനാണോ… വലിയ കേശവനാണോ… തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോ, തിരുവമ്പാടി ശിവസുന്ദറോ, പാറമേക്കാവ് ശ്രീപത്മനാഭനോ…. ആണോ… ആര്‍ക്കറിയാം. എത്ര ദൂരത്തുനിന്നാലും ആനയെ തിരിച്ചറിയാന്‍ ഞാനതിന്റെ ‘ഫാന്‍സ്’ അസോസിയേഷന് (കരയോഗം) പ്രസിഡണ്ട് അല്ലല്ലോ.!?
അഞ്ചെട്ടാനകള് – തൃശൂര്‍ പൂരത്തിനാണെങ്കില്‍ അത് കൂടും. ഫിഫ്റ്റീന്‍ ആനകള്‍ അപ്പുറത്തും ഫിഫ്റ്റീന്‍ ആനകള്‍ ഇപ്പുറത്തും. പൂരം കാണാന്‍ വന്ന മദാമ്മയോട് പറയുമ്പോള്‍ – ആ ഭാഷയില്‍ ഗ്രാമര്‍ ഇത്തിരി കൂട്ടാം. – അത് ഇങ്ങനെയാവും. –
“ഫിഫ്റ്റീന്‍ ആനാസ് ദാറ്റ് സൈഡ്, ഫിഫ്റ്റീന്‍ ആനാസ് ദിസ് സൈഡ്”
ഭാഷകേട്ട് മദാമ്മ തുറിച്ചൊന്ന് നോക്കിയെന്നിരിക്കും. അതോടെ കുടമാറ്റം വരെ എത്തുമായിരുന്ന വിവരണം അവസാനിക്കും. ‘പട്ടി പൂരം കാണാന്‍ വന്നപോലെയായിട്ട് കാര്യല്യ’ അറിവുള്ളോര് ബുദ്ധിമുട്ടി പറഞ്ഞുതരുന്നത് കേട്ടറിയാനിത്തിരി യോഗം വേണേയ്…
‘ഠ’ വട്ടത്തില്‍ ആകെ കെട്ടിപ്പൊക്കിയിട്ടുള്ളത് മൂന്ന് പന്തലുകളാണ്. അതാണ് സ്വരാജ് റൗണ്ടിലൂടെ നടന്നുനടന്ന് മദാമ്മ മൂന്നുവട്ടം എണ്ണി ഒമ്പതെന്ന് കിട്ടിയത്. അപ്പോഴതാ അപ്പുറത്ത് മറ്റൊരു പന്തല്‍കൂടി. അന്തം വിട്ടുള്ള നടത്തത്തില്‍ പന്തല്‍ മാത്രമല്ല പൂരവും പലതായി കാണാം. തൊട്ടെണ്ണാം… കാക്കത്തൊള്ളായിരം വരെ.
പഞ്ചാരിയും പാണ്ടിയും പഞ്ചവാദ്യത്തിലെ 16-18 വരെയുള്ള കൊട്ടിക്കലാശങ്ങളും… ആരാ അതിന്റെ പ്രമാണി – പല്ലാവൂരാണോ, അന്നമനടയാണോ അതോ ചോറ്റാനിക്കര… അയ്യട, അതു സാക്ഷാല്‍ വെങ്കിച്ചനാണ്. എന്റെ വടക്കെ ഗ്രാമത്തീന്ന് ഭാരതപ്പുഴക്കരേന്ന്.. തിരുവില്വാമലേന്ന്.. നെറ്റി ചുളിച്ചു നോക്കേണ്ട – അങ്ങനേം ഒരാളുണ്ടായിരുന്നു. ഒരു പരിഷ്കര്‍ത്താവ് (സാമൂഹ്യ പരിഷ്കര്‍ത്താക്കളെക്കൊണ്ട് തട്ടിത്തടയുന്ന നാട്ടില്‍ ഇങ്ങനെയും ചിലരുണ്ടെന്ന് പൂരപ്പറമ്പിലെത്ത്യാലെങ്കിലും ഒന്നോര്‍ത്തോട്ടെ?!)
അങ്കിള്‍… അവിടെ ആരെങ്കിലും സിക്സറടിച്ചോ… എത്ര പേരാ കയ്യുയര്‍ത്തി നില്ക്കണത്?! എന്തുത്തരം നല്‍കണം ഞാന്‍; സുകൃതക്ഷയം… എന്നല്ലാതെ അവനെ കുറ്റം പറഞ്ഞിട്ട് കാര്യല്യ. ഒറ്റക്ക് ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന് പൂരം കാണാന്‍ പ്രേരിപ്പിക്കുന്നവരും അതിന് കുറ്റക്കാരാണല്ലോ. എങ്കിലും പറയാട്ടോ. ഒരായുസ്സില്‍ ഒരിക്കലെങ്കിലും ‘മുഴുപൂരം’ കണ്ടിരിക്കണം. കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ. അത്രേ വേണ്ടൂ.
പ്രഭാത സൂര്യനോടൊപ്പം നടന്ന് പൂരപ്പറമ്പിലെത്തുക; സൂര്യനോടൊപ്പംതന്നെ നടന്ന് പൂരം മുഴുവന്‍ കാണുക. പീപ്പി വാങ്ങുക, പൊരി വാങ്ങുക, പനമ്പട്ട വിശറി വാങ്ങുക, സംഭാരം കുടിക്കുക, നടപ്പാണ്ടിയോടൊത്ത് താളമിട്ട് നടക്കുക, പഞ്ചാരിപ്പാല്പ്പായസം നുണയുക, പഞ്ചേന്ദ്രിയങ്ങളെ പഞ്ചവാദ്യങ്ങളിലേക്ക് (വെറുതെ പറയ്്യ) തുറന്നുവെക്കുക. ഉച്ചിയില്‍ സൂര്യനെത്തുമ്പോള്‍ മേല്പ്പോട്ട് നോക്കി പരിഹസിച്ചൊന്ന് ചിരിക്കുക. (മോനെ ഇപ്പോ നിനക്ക് തൊടാനെന്റെ ഉച്ചിയില്‍ മാത്രേ പറ്റു എന്നുപറഞ്ഞ് അങ്ങേരെ പ്രകോപിപ്പിക്കുക…)
അറിയുക ഉച്ചക്ക് ഇറങ്ങിനടക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. വളരെ കുറച്ചുഭാഗത്തെ സൂര്യന് തൊടൂ. നെറുകയിലും തോളിലും ചെവിത്തുമ്പിലും മൂക്കിന്തുഞ്ചത്തും മാത്രം! മറ്റു സമയത്താണെങ്കില്‍ ദേഹം മുഴുവന്‍ തൊട്ടുരസിക്കാന് സൂര്യന് അവസരം ലഭിക്കും. അതാണല്ലോ ഇഷ്ടനും ഏറെ ഇഷ്ടം.
അപ്പൊ, അങ്ങനെ നട്ടപ്ര വെയിലത്ത് ഉച്ചിയില്‍ സൂര്യന് തളം കെട്ടിക്കിടക്കുന്ന നേരത്ത് താളവട്ടങ്ങളോരോന്നും (മറ്റേ താളവട്ടമല്ല) എണ്ണിക്കൊട്ടി, പെരുക്കിക്കൊട്ടി, ഗണിതത്തിന്റെ കൂട്ടപ്പൊരിച്ചിലില്‍ അലമ്പലും അനുഭവിച്ച് – ഹാ – കേരളീയനായി ജനിച്ചത് എന്ത് മുജ്ജന്മസുകൃതമാണ് ഈശ്വരന്മാരേ, ഞാനും നിങ്ങളും (പൂരപ്രേമികള്‍) ചെയ്തുവെച്ചത്.!
പൂരത്തിന്റെ എഴുന്നള്ളിപ്പുകളെ – മൂര്ത്തിക്ഷേത്രത്തെ കേന്ദ്രബിന്ദുവായി കണ്ട് അതിനപ്പുറത്ത് വിശാലമായ പറമ്പില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൂരക്കാഴ്ചകള്‍ ഒട്ടേറെയുണ്ട്. അതുകാണണമെങ്കില്‍ ഒരുപക്ഷെ ഇന്നത്തെ ഈ ജാഥയും പൊങ്ങച്ചവും കളഞ്ഞേപറ്റൂ. ഒരു ഭാഗത്ത് മൃഷ്ടാന്നം കഴിഞ്ഞവന്റെ പൂരം തകര്‍ത്താടുമ്പോള്‍, പൊരിവെയിലിന്റെ വക്കത്ത് അന്നത്തിനായി പൊരുതുന്നവരേയും കാണാം. അതില്‍ മുച്ചീട്ട് കളിക്കാരുണ്ട്. കുലുക്കിക്കുത്തുകാരുണ്ട്, നാടകുത്തുന്നവരുണ്ട്, വെട്ടിമലത്തുകാരുണ്ട്, ആന-മയില്‍ -ഒട്ടകക്കാരുണ്ട്, ഒന്നുവെച്ചാല്‍ പത്ത്, ആര്‍ക്കും വെക്കാം ആര്‍ക്കും വെക്കാം എന്നുപറഞ്ഞ് പാവത്തന്മാരെ അതിചതുരം ആകര്‍ഷിക്കുന്നവരുമുണ്ട്.
ഭാവി – ഭൂതം കാക്കാലത്തിമാരുണ്ട്, ചെപ്പടി – ജാലവിദ്യക്കാരുണ്ട്- പോക്കറ്റടി കലാകാരന്മാരുണ്ട് – ചാന്ത്, പൊട്ട്,കമ്മല്‍ കച്ചവടക്കാരുണ്ട്, ചുക്ക് കാപ്പിക്കാരുണ്ട്, ഇതെല്ലാം പെട്രോള്മാക്സിന്റേയും മണ്ണെണ്ണ വിളക്കിന്റേയും ഇത്തിരിവെട്ടത്തില്‍ അരങ്ങേറിയ ഒരു കാലവുമുണ്ട്. ഇന്നിവരില്‍ ആരാനും പൂരപ്പറമ്പിലേക്ക് നുഴഞ്ഞു കയറിയാല്‍ പൂരം കലക്കാന്‍ വന്ന കുറ്റം ചുമത്തി അകത്താക്കിയെന്നുവരെയിരിക്കാം. പൂരം പോയ പോക്കേ…
പൂരത്തിന്റെ വര്‍ത്തമാന -ഭാവി കാലത്തേക്കാള്‍ രസം ഭൂതകാലത്തിനാണ്. വര്‍ത്തമാന-ഭാവികാലങ്ങള്‍ പൂരക്കമ്മറ്റിക്കാരുടേത് മാത്രമാണ്. ഭൂതകാല സ്മരണകളാണ് പൂരങ്ങളെ സജീവമാക്കി നിര്‍ത്തുന്നത്. തലമുറകളെ പരിചയപ്പെടലും പൂരത്തിലെ അസുലഭ സന്ദര്‍ഭങ്ങളാണ്. പോയ പൂരത്തിന് കണ്ട ആളെ ഇന്നും കാണാനൊക്കുമോ എന്ന പ്രതീക്ഷ മറ്റൊരു പൂരത്തിനായി പലരേയും നയിക്കാറുമുണ്ട്. അങ്ങനെ പൂരത്തിന്റെ പലകോണുകളില്‍ സ്ഥിരമായി ഒരേ സ്ഥലത്ത് കാത്തുനില്‍ക്കുന്നവരും ഉണ്ടാകാം. പൂരസൗഹൃദത്തിന്. അപ്പോള്‍ കേള്‍ക്കാം “ഇനി അവനെ കാക്കണ്ട” അവന് പോയി. 54 വയസ്സേ ഉണ്ടാര്‍ന്നുള്ളു. ഒരു കേടൂണ്ടാര്ന്നില്യ- അങ്ങനേം ചിലരെ ഓര്‍ക്കാം.
‘ഠ’ വട്ടത്തിലുള്ള പൂരപ്പറമ്പിന്റെ വിശേഷങ്ങളിലൂടെയാണ് ഇക്കണ്ട നേരം അലഞ്ഞത്. വേനല്‍ ചൂടേറ്റ് പൊടിഞ്ഞ ഉപ്പിന്റെ രസവും തൃഷ്ണ മാറാത്ത ആലസ്യവും അതിന്റെ സ്വപ്നാടന സമാനമായ അലച്ചിലും – അതൊരു അനുഭവമാണ്. ജീവിതത്തില്‍, എന്തെങ്കിലും ചിലത് (പഴയ വിദ്വേഷവുമല്ലാതെ) ഓര്ത്തുവെക്കാനുണ്ടെങ്കില്, സൗഹൃദക്കൂട്ടായ്മയില്‍ പകര്‍ന്നു നല്കാനുണ്ടെങ്കില് അത് ഇത്തരം ചില പൂരത്തിന്റെ ‘ഉച്ച’ യാഥാര്‍ത്ഥ്യങ്ങളാണ്. പൊരിവെയിലിന്റെ കുളിരില്‍ അലിയാന്‍, പൂരപ്പറമ്പ് പത്തായി മുറിച്ച് നടക്കാന്‍, ഉച്ചിയില്‍ സൂര്യനെ ചൂടാന്‍, നാട്യങ്ങളഴിച്ചുവെച്ച് ആര്‍ക്കും ഇതുവഴി വരാം. പൂരപ്പന്തലു കാണാം, ആനച്ചമയങ്ങള്‍ കാണാം, വെടിക്കെട്ടിലെ ആകാശ ഗോപുരം കാണാം, ജീവിതത്തില്‍ ഇന്നുവരെ നക്ഷത്രം കാണാത്തവര്‍ക്ക് അമിട്ടില്‍ നിന്ന് വിരിയുന്ന ഒരായിരം നക്ഷത്രങ്ങളെ കണ്ട് അന്തം വിടാം, കുറ്റാക്കൂരിരുട്ടത്ത് ആകാശത്ത് യഥാര്‍ത്ഥ നക്ഷത്രമേതാ വെടിക്കെട്ടിലെ അമിട്ട് വിരിഞ്ഞുണ്ടാകുന്ന നക്ഷത്രമേതാ എന്ന അവസ്ഥ കാണാം. അങ്ങനെ, അങ്ങനെ – വന്നു നിറഞ്ഞത് നിറവില്‍ നിന്നും പതുക്കെപ്പതുക്കെ ഒഴിഞ്ഞു പോയതുമായ പൂരപ്പറമ്പ് കാണാം. വിസ്മയങ്ങളിലേക്ക് തിടമ്പേറ്റി വരുന്ന മറ്റൊരു പൂരം കാണാന്‍ തോന്നുന്നുണ്ടോഷ്ടാ… എങ്കില്‍ അടുത്ത കൊല്ലം കാണാം, പൂരപ്പറമ്പില്‍….
തൃശ്ശിവപുരം മോഹനചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: