കോയമ്പത്തൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വെല്ലല്ലൂര്‍ ഗ്രാമത്തിലെത്താം. പച്ചപ്പണിഞ്ഞ നെല്‍പ്പാടങ്ങളും നിറഞ്ഞുനില്ക്കുന്ന കരിമ്പ് തോട്ടങ്ങളും മനോഹരമായ തെങ്ങിന്തോപ്പുകളുമാണ് വെല്ലല്ലൂരില്‍ നമ്മെ സ്വാഗതം ചെയ്യുക. ശരീരത്തിനും മനസ്സിനും കുളിര്‍മ നല്കുന്ന ഉറവ വറ്റാത്ത ജലസ്രോതസ്സുകളും ഗ്രാമത്തിന്റെ പ്രത്യേകതയാണ്. നിഷ്കളങ്കമായ ഭക്തിയും ഈശ്വരനിഷ്ഠയിലധിഷ്ഠിതമായ ദിനചര്യകളുമുള്ളവരാണ് ഗ്രാമവാസികള്‍. ഗ്രാമഹൃദയത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയാണ് കോവൈ ഗോപാലകൃഷ്ണന്. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ നൃത്തമവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അനുഗൃഹീത കലാകാരന്. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും അയത്നലളിതമായ ശരീരഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും മലയാളികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിച്ച നര്ത്തകന്. കലക്ക് ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ് കോവൈയുടെ മനോഹരമായ നൃത്തം.
വൈഷ്ണവ ഗോത്രത്തില്‍പ്പെടുന്ന അയ്യങ്കാര്‍ കുടുംബത്തിലാണ് കോവൈയുടെ ജനനം. അച്ഛന് വെള്ളിങ്കരി, അമ്മ ശിവകാമി. ജനിച്ചയുടന്‍ കോവൈയെ മാതാപിതാക്കള്‍ കരിവരദന് എന്ന മഹാനര്‍ത്തകന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു. നര്‍ത്തകനും ജ്ഞാനിയും ബ്രഹ്മചാരിയുമായ കരിവരദന് കോവൈയെ ദത്തെടുക്കുകയായിരുന്നു. കോവൈ ഗോപാലകൃഷ്ണന് എന്ന പേര് നല്കിയതും കരിവരദനാണ്. സിരകളില്‍ നൃത്തലഹരിയുമായി 18 വര്‍ഷം തുടര്‍ച്ചയായി കോവൈ കരിവരദന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. നൃത്തപഠനത്തോടൊപ്പം പുരാണങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കി. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. കരിവരദന് പാരമ്പര്യമായി ലഭിച്ച നടനവൈഭവം കോവൈക്ക് മാത്രമേ പകര്‍ന്ന് നല്കിയുള്ളൂ. കോവൈയുടെ അരങ്ങേറ്റത്തിന് ശേഷം കരിവരദന് പിന്നീട് ചിലങ്കയണിഞ്ഞില്ല. പരമ്പരയായി ദൈവം പകര്‍ന്ന് നല്കിയ സിദ്ധി യോഗ്യനായ ഒരാള്‍ക്ക് നല്കിക്കഴിഞ്ഞാല് സ്വയം പിന്‍വാങ്ങുകയെന്നത് വെല്ലല്ലൂരിലെ ആചാരമാണ്. കേവലം നൃത്തം അഭ്യസിപ്പിക്കുക എന്നതിലുപരി ദൈവികമായി സിദ്ധിച്ച കലാവൈഭവം നിലനിര്‍ത്തുകയും കൈമാറുകയും ചെയ്യുന്ന ഒരുപകരണം മാത്രമാണ് ഓരോ കലാകാരനും. ധനസമ്പാദനത്തിന് വേണ്ടി നൃത്തം ചെയ്യുന്നതും അഭ്യസിപ്പിക്കുന്നതും ദൈവഹിതമല്ലെന്ന് വെല്ലല്ലൂര്‍ ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. തലമുറയില്‍ നിന്നും തലമുറയിലേക്കൊഴുകുന്ന ഗംഗാപ്രവാഹമാണ് കലയും ദൈവികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. കോവൈയും ഒരാളെ കണ്ടെത്തി നൃത്തം അഭ്യസിപ്പിച്ച് കഴിഞ്ഞാല്‍ കരിവരദന്റെ പാത പിന്തുടരും. ഉചിതമായ സമയത്ത് യോഗ്യനായ ഒരാള്‍ കോവൈക്ക് മുന്നിലെത്തുമെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം.
ഏഴ് വര്‍ഷമായി തിരുപ്പതി ക്ഷേത്രത്തില്‍ ആസ്ഥാന നര്‍ത്തകനാണ് കോവൈ. മഹാരാഷ്ട്രയിലെ പണ്ഡരിപുരത്തെ പാണ്ഡുരംഗ ക്ഷേത്രം, ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രം, ഉഡുപ്പി, ചിദംബരം, കുംഭകോണം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ കോവൈ നൃത്തം അവതരിപ്പിക്കുന്നു. തുടര്‍ച്ചയായി 10 മണിക്കൂര്‍ വരെ അനായാസം നൃത്തം ചെയ്യാന്‍ കോവൈക്ക് സാധിക്കും. ഓരോ ഗ്രാമത്തിലെയും ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ ഭക്തിയുടെ ഉദാത്തമായ സങ്കല്പ്പമുണ്ടാക്കുയെന്നതാണ് കോവൈയുടെ ലക്ഷ്യം. മഹാവിഷ്ണുവിന്റെ ദശാവതാര സങ്കല്‍പ്പമാണ് കോവൈ നൃത്തത്തിലൂടെ അവതരിപ്പിക്കുന്നത്. തികച്ചും ഭക്തിരസ പ്രധാനമാണ് നൃത്തത്തിന്റെ ഇതിവൃത്തം. കോവൈ നൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകനും ആസ്വാദകനുമില്ല. ഭഗവാനും ഭക്തനും മാത്രം. ഭഗവാന്റെ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും നമുക്ക് നേരിട്ട് ദര്‍ശിക്കാം. മത്സ്യവും കൂര്‍മ്മവും കൃഷ്ണനും രാമനും ആസ്വാദകര്‍ക്ക് മുന്നില്‍ പുനര്‍ജനിക്കും. ഭഗവാന് ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങള്‍ നമുക്ക് നേരിട്ട് കാണാം. ഗോപികമാരോടൊത്ത് വൃന്ദാവനത്തില്‍ നൃത്തം ചെയ്യാം.
പ്രശസ്തമായ ചില തമിഴ് സിനിമകളില്‍ കോവൈ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും സിനിമാ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘മാര്‍ഗ്ഗഴിത്തിങ്കളല്ലവാ…’ എന്ന തമിഴ് ഗാനത്തിന് നൃത്ത സംവിധാനം ചെയ്തത് കോവൈയാണ്. എന്നാല്‍ തുടര്‍ന്ന് കോവൈയെ തേടി നിരവധി അവസരങ്ങള്‍ വന്നുവെങ്കിലും ഒന്നും സ്വീകരിച്ചില്ല. കലയെ കമ്പോളവല്ക്കരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് കോവൈയുടെ പക്ഷം. നടനം ദൈവികമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
കലാകാരന്റെ ജന്മം ഭഗവത് പാദങ്ങളില്‍ സമര്‍പ്പിക്കണം. ജീവിതത്തിലെ നിത്യമായ ഭക്തിയും ആദ്ധ്യാത്മിക സപര്യയും ആത്മാവിന് മോക്ഷം നല്‍കും. കലയുടെ കുലപതിയായ കരിവരദന്റെ സമക്ഷത്ത് തന്നെ എത്തിച്ചത് മുജ്ജന്മ സുകൃതമാണെന്നും കോവൈ ഗോപാലകൃഷ്ണന് വിശ്വസിക്കുന്നു.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: