ഞാനൊരിക്കല്‍ തൃശൂരില്‍ നിന്നും കാറില്‍ വണ്ടൂര്‍ക്ക് പോവുകയായിരുന്നു. വഴിയില്‍ ഒരു കയറ്റവും വളവും അവിടെ അരികില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞുകിടക്കുന്നു. ചോരയില്‍ കുളിച്ചൊരു യുവാവ് മോട്ടോര്‍ സൈക്കിളിന് താഴെയും. ഞാന്‍ പെട്ടെന്ന് എണീറ്റ് കാര്‍ നിര്‍ത്താതെ ഓടിക്കുന്ന ഡ്രൈവറോട് പറഞ്ഞു. “ഹയ്യോ! ഒന്നുനിര്‍ത്തൂ അയാള്‍ക്കെന്തുപറ്റി ആവോ, നോക്കട്ടെ ഒന്നു നിര്‍ത്തൂന്ന്” ഡ്രൈവര്‍ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെയും പറഞ്ഞപ്പോള്‍ ഡ്രൈവര്‍ ഒന്ന് ചിരിച്ച് പരിഹാസമട്ടില്‍ പറഞ്ഞു. മാഡത്തിന്റെ ദയയൊക്കെ കൊള്ളാം അയാളെ സഹായിക്കാന്‍ നിന്നാല്‍ ഞാനയാളെ കൊന്നു എന്നാവും വിധി. നമ്മുടെ ജീവിതം മുഴുവന്‍ കെട്ടിത്തിരിയേണ്ടിവരും. അങ്ങനത്തെ കാലാണ്. അയാള്‍ അന്തോല്യാണ്ട് വെള്ളടിച്ച്ട്ടാവും വണ്ടീല് കയറീത്. എനിക്ക് നിശബ്ദത പാലിക്കേണ്ടിവന്നു. ഈ ഡ്രൈവര്‍ എന്നേക്കാള്‍ ലോക പരിചയമുള്ളവനാണല്ലോ. ഒരുപക്ഷെ അനുഭവസ്ഥനാണെന്നും വരാം. എന്നാല്‍ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഡ്രൈവറോട് വാദിച്ചു നില്‍ക്കാനുള്ള കഴിവൊന്നും എനിക്കില്ല. എന്നാല്‍ ആ നിരാലംബനും മുറിവേറ്റവനുമായ മനുഷ്യന് എന്റെ ഉള്ളിനെ വല്ലാതെ നീറ്റിക്കൊണ്ടിരുന്നു. മനുഷ്യവര്‍ഗ്ഗത്തെ നിലനിര്‍ത്തുവാന്‍ വേണ്ട പ്രധാന ഘടകങ്ങളായ സത്യധര്‍മാദികളെ ആട്ടിപ്പുറത്താക്കിയിട്ട് ഉത്സവമാഘോഷിക്കുന്ന മനുഷ്യന് എന്ത് നിലനില്പാണുള്ളത്?
ആ സത്യം മനുഷ്യനില്‍ ആദ്യം ഉണ്ടാക്കുക ഭയമാണെന്ന് തോന്നുന്നു. ഏതിനേയും സംശയം, ഭയം,അരക്ഷിതാവസ്ഥ. നമ്മളിന്ന് അനുഭവിക്കുന്നതും അതാണ്. ഒരു മനുഷ്യനേയും പരസ്പരം ആര്‍ക്കും വിശ്വാസമില്ല. എല്ലാവരും കള്ളന്മാരാണെന്ന ബോധം സഹായം നടിച്ച് അടുത്തുകൂടും. നമ്മള് വിശ്വസിച്ചുപോയാല്‍ ചതിക്കുകയും ചെയ്യും. ആരേയും വിശ്വസിക്കരുത്. താനല്ലാത്തവരൊക്കെ കള്ളന്മാരാണെന്നുറപ്പിക്കണം. സമൂഹത്തില്‍ ഇതില്‍പ്പരം ഒരു അരക്ഷിതാവസ്ഥ മേറ്റ്ന്താണ്? പരസ്പരാശ്രയത്വത്തിലാണ് മനുഷ്യവര്‍ഗ്ഗം നിലനില്ക്കുന്നതുതന്നെ എന്നാണ് ആദ്യം പഠിച്ചിരുന്ന പാഠം. “നമ്മളൊന്ന്” “നമ്മളൊന്ന്” എന്ന് പാടി നടന്നിരുന്നു. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും കള്ളത്തരമേയുള്ളു. ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ വയ്യ. എങ്ങും കലിയുടെ കള്ളത്തരങ്ങളുടെ വിളയാട്ടം തന്നെ.
മുമ്പ് പറഞ്ഞ് കേട്ടിട്ടുണ്ട് ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ത്താല്‍ ജര്‍മനിയില്‍ വധശിക്ഷയാണ് വിധിക്കുകയെന്ന്. അന്നത് കേട്ടപ്പോള്‍ സന്തോഷം തോന്നി. സത്യത്തിന് ആ ജനത ഇത്രയെങ്കിലും മാന്യത കൊടുക്കുന്നുണ്ടല്ലോ എന്ന്. ഇന്ന് ആര്‍ഷ പാരമ്പര്യം പറഞ്ഞ് മേനി നടിക്കുന്ന ഭാരതത്തില്‍ എവിടെയാണ് സത്യം. മഷി വെച്ചുനോക്കിയാല്‍ കാണുമോ. പരമാദരണീയമെന്ന് നമ്മള് ആഗ്രഹിക്കുന്ന നീതിപീഠത്തിനുണ്ടോ? ഭരണവര്‍ഗ്ഗങ്ങളില്‍ എവിടെയങ്കിലുമുണ്ടോ? അഭിവന്ദ്യമെന്ന് മോഹിക്കുന്ന ഗുരുനാഥ വര്ഗ്ഗത്തിലുണ്ടോ? പരസ്പര വിശ്വാസം നഷ്ടപ്പെട്ട ജനതക്ക് എന്ത് മേല്‍ഗതിയാണ് പ്രതീക്ഷിക്കാനുള്ളത്. അങ്ങനെയൊക്കെ ആലോചിച്ച് മനസ്സ് കലങ്ങിയിരിക്കുമ്പോള്‍ വായിച്ച ഒരു അനുഭവകഥ ഓര്‍മ്മവന്നു. ദയാലുവും മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്റെ അടുത്ത് നിര്‍ധനനായ ഒരു മധ്യവയസ്ക വന്നു. ഭര്‍ത്താവിന് സുഖമില്ല. അസുഖം അത്ര സാരമില്ലാത്തതുമല്ല. വിലകൂടിയ മരുന്നുവേണം. അതിനുള്ള കാശ് കയ്യിലില്ല. ഡോക്ടര്‍ അവര്‍ക്ക് മരുന്നുവാങ്ങാന്‍ അഞ്ഞൂറ് ഉറുപ്പിക കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ ആ സ്ത്രീ വഴിയില്‍ ഡോക്ടറെ കാത്തുനില്ക്കുന്നു. “ഇനിയെന്താ?” ഡോക്ടര്‍ ചോദിച്ചു.
മരുന്നിന്റെ വില കഴിച്ച് ബാക്കി കുറച്ച് ഉറുപ്പികയുണ്ട്. അതു തരാന്‍ കാത്തുനില്‍ക്കുകയാണ്. അതുകേട്ടപ്പോള്‍ ഡോക്ടറുടെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം പറഞ്ഞു. അതുകൊണ്ടുപോയി ഭര്‍ത്താവിന് നല്ലഭക്ഷണം കൊടുക്കൂ. നിങ്ങളും കഴിക്കൂ. അത് വായിക്കുന്നവര്‍ക്ക് മനസ്സില്‍ ഒരു കുളിര് അനുഭവപ്പെടും. സത്യം തീരെ അപ്രത്യക്ഷമായിട്ടില്ലല്ലോ.
മറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന സത്യത്തെ തിരിച്ചുകൊണ്ടുവരലാണ് ഭാരതീയന്റെ പ്രഥമ കര്‍ത്തവ്യം എന്നാണ് എന്റെ അഭിപ്രായം. സത്യം നമുക്ക് ശക്തിയാണ്. ആ ശക്തിതരുന്ന ഊര്‍ജ്ജം നമ്മുടെ ബുദ്ധിയെ നേര്‍വഴിക്ക് നടത്തട്ടെ. സത്യത്തിന്റെ പ്രകാശം ഈ ഇരുട്ടിനെ സമൂലം പിഴുതെറിയട്ടെ.
കെ.ബി.ശ്രീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: