ഏപ്രില്‍ ആണ് ഏറ്റവും ക്രൂരമെന്ന് ‘തരിശുനില’ത്തിലെ ആദ്യവരിയായി ടി.എസ്.ഏലിയറ്റ് കുറിച്ചതെന്തുകൊണ്ടാണ്? ആംഗലേയ ഭാഷയിലെ ഏറ്റവും ഉദാത്തമായ വരികള്‍ ചരിത്രത്തിന്റെ താളുകളില്‍ കുറിച്ചിട്ട വില്യം ഷേക്സ്പിയര് വിടപറ ഞ്ഞ മാസമായതിനാലാവാം അതെന്ന് കരുതേണ്ടിയിരിക്കുന്നു.
സുഹൃത്തേ, യേശുവിനെ ഓര്‍ത്ത്,
ഈ പൊടിമണ്ണ് ഇളക്കിമറിക്കാതിരിക്കുക;
ഈ കല്ലുകളെ വെറുതേവിടുന്നവന്‍ അനുഗ്രഹീതന്‍,
ഈ അസ്ഥികള്‍ എടുത്തുമാറ്റുന്നവന് ശാപം
വിശ്വം ഇളക്കിമറിച്ച കാവ്യശില്പങ്ങള് നിര്‍മ്മിച്ച ഷേക്സ്പിയറുടെ ശവകുടീരത്തിലേതാണ് ഈ വരികള്‍. അദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്ന സംരക്ഷിതവസതിയിലേക്കുള്ള കവാടത്തിനു മുന്നിലും ഇങ്ങനെ ചില വരികള്‍ കാണാം. ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ ഏവോണിലെ ഈ മണിമാളിക സന്ദര്‍ശിക്കുകയോ ഒരിയ്ക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യാത്ത അക്ഷരസ്നേഹികള്‍ ഉണ്ടാവുമോയെന്നു സംശയം. ഷേക്സ്പിയറുടെ കൃതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഒട്ടും യോജിക്കാത്ത നിലയിലാണ് കുടീരത്തിലെ വരികളെന്നത് ആരെയും വേദനിപ്പിക്കും.
ഷേക്സ്പിയറുടെ അന്ത്യവിശ്രമസ്ഥാനം പില്ക്കാലത്ത് മറ്റാരുടെയങ്കിലും സംസ്കാരസ്ഥാനമായി പിന്നീട് മാറുന്നത് തടയുക എന്ന സദുദ്ദേശ്യത്തോടെ എഴുതപ്പെട്ടതാവാം സ്മാരകശിലയിലെ വരികളെന്നാണ് ഇംഗ്ലീഷ് സാഹിത്യപണ്ഡിതനായ വില്യം ലോങ്ങ് പറയുന്നത്. ശവകുടീരം സ്ഥിതി ചെയ്യുന്നത് ഇംഗ്ലണ്ടിലെ സ്ട്രാറ്റ്ഫോഡ് ഹോളി ട്രിനിറ്റി പള്ളിയിലെ ചാപ്പലില്‍ ആണ്. ഈ പള്ളിയുടെ കിഴക്കേ ഭിത്തിയില്‍ ഷേക്സ്പിയറിന്റെ അര്‍ദ്ധകായ പ്രതിമ കാണാം.
ഷേക്സ്പിയറിനു ജന്മനാടിന്റെ ശിലാസ്മാരകം. സ്മാരക ശിലയില്‍ വില്യം ഷേക്സ്പിയറിനെ നെസ്തോര്‍, സോക്രേറ്റെസ്, വിര്‍ജില്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആരായിരുന്നു ഈ ഷേക്സ്പിയര്, യഥാര്‍ത്ഥത്തില്‍ അദ്ദേഹമെഴുതിയതായിരുന്നുവോ ഈ കൃതികളെല്ലാം എന്നത് ഇന്നും സജീവമായ ചര്‍ച്ചാ വിഷയം.
ഷേക്സ്പിയര് സ്ട്രാറ്റ്ഫോര്‍ഡുകാരന്‍ തന്നെയാണോ എന്ന കാര്യം വിവാദവിഷയമായി നിലകൊള്ളുമ്പോഴും അദ്ദേഹത്തിന്റെ വസതിയും ശവകുടീരവുമെല്ലാം ഇവിടെത്തന്നെയുള്ളത് മറ്റ് വാദങ്ങളെ തള്ളുന്നതാണ്. വില്യം ഷേക്സ്പിയര് എന്നത് ഒരു അപരനാമം മാത്രമാണെന്നും ആ പേരില്‍ മറ്റൊരാളോ ഒന്നിലധികം പേരോ ഉണ്ടായിരിക്കാം എന്നാണ പലരും കരുതുന്നത്. എലിസബത്ത് രാജ്ഞി, സ്റ്റുവാര്‍ട്ട് മേരി റാണി തുടങ്ങിയവരുടെ പേരുകളുമായി ചേര്‍ത്ത് കേള്‍ക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഈ വിശ്വവിഖ്യാത എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ തോന്നിപ്പോവുന്നത്.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വ്യക്തിയും സമാന്യവിദ്യാഭ്യാസം മാത്രം ലഭിച്ചയാളുമായിരുന്നു ഷേക്സ്പിയര് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരെല്ലാം തന്നെ പൊതുവേ സമ്മതിച്ചിട്ടുള്ള കാര്യം. അക്കാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നത് പ്രഭുക്കന്മാര്ക്കും ഉന്നത കുലജാതര്‍ക്കും മാത്രമാണ്. ഈ ഗണത്തിലൊന്നും പെടാതിരുന്ന ഷേക്സ്പിയര് പിന്നെയെങ്ങനെ മാക്ബത്തും ജൂലിയസ് സീസറും പോലെയുള്ള ഉദാത്ത ക്ലാസിക്കുകള്‍ രചിച്ചുവെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം. ശ്രേഷ്ഠ വിദ്യാഭ്യാസം ലഭിച്ചവര്‍ക്കു മാത്രമേ ഇത്തരത്തില്‍ ക്ലാസിക്കുകള്‍ സൃഷ്ടിക്കാനാവൂ എന്ന വാദം മറച്ചുപിടിക്കാന്‍ പറ്റുന്നുമില്ല.
രാജഭരണകാലത്തെ കൊട്ടാര കിംവദന്തികളും ഉള്ളറക്കഥകളും കൊട്ടാരത്തിനുള്ളിലെ കലാപങ്ങളുമെല്ലാം ഷേക്സ്പിയര് കൃതികളില്‍ ആവര്‍ത്തിച്ചു കാണുന്ന പ്രമേയങ്ങളാണ്. കൊട്ടാരത്തിന്റെ പടിവാതില്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഇതൊക്കെയും എങ്ങനെ രചിക്കാനാവുമെന്ന് പലരും ചോദ്യം ചെയ്യുന്നുണ്ട്. ഷേക്സ്പിയര് കൃതികളുടെ രചയിതാവിനു നിയമം, സംഗീതം, വിദേശഭാഷകള്‍, കായികം, ആയോധനം തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം ഉണ്ടായിരുന്നതായി മനസ്സിലാവുന്നു. സ്ട്രാറ്റ്ഫോര്‍ഡുകാരനായ വില്യമിനു ഈ വിജ്ഞാനങ്ങള്‍ ഉണ്ടാവാനുള്ള ഒരു മാര്‍ഗ്ഗവുമില്ലായിരുന്നുവത്രേ. അപ്പോള്‍ പിന്നെ ഏതാണ് സത്യം, ഏതാണ് മിഥ്യ? ഷേക്സ്പിയര് എന്ന പേരില്‍ ഈ കൃതികളെല്ലാം പില്ക്കാലത്ത് പുറത്തുവന്നതിനു പിന്നിലെ സാഹിത്യരഹസ്യമെന്തായിരിക്കും?
ഷേക്സ്പിയറിന്റെ ആദ്യത്തെ ജീവചരിത്രകാരന്‍ നിക്കോളാസ് റോ പറയുന്നത് ഷേക്സ്പിയര് എന്ന ധനികനെക്കുറിച്ചാണ്. അക്കാലത്ത് നിരോധിക്കപ്പെട്ട മാന്‍വേട്ട കാരണമുണ്ടായ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ സ്ട്രാറ്റ്ഫോര്‍ഡില്‍ നിന്ന് പലായനം ചെയ്തയാളാണ് ഷേക്സ്പിയര് എന്നു പറയുന്നു. എന്നാലിത് വില്യം ഷേക്സ്പിയര് അല്ലെന്നും വില്യമിന്റെ അച്ഛനായ ജോണ്‍ ആയിരുന്നുവെന്നും ഒരു വാദമുണ്ട്. മറ്റൊരു ജീവചരിത്രത്തില്‍ ഷേക്സ്പിയര് ലണ്ടനിലെ നാടകസമിതി ഉടമകളുടെ കുതിരയെ മേയ്ക്കുന്ന ആളാണ്.
ജീവിച്ചിരുന്നകാലത്ത് ആരും അറിയപ്പെടാത്ത ഒരാളായിരുന്നു ഷേക്സ്പിയര് എന്ന വാദം പ്രസക്തമാകുന്നത് അദ്ദേഹത്തിന്റെ അറിയപ്പെടാത്ത ഈ ജീവിതം കൊണ്ടാണ്. രഹസ്യങ്ങളുടെ കലവറയായിരുന്നു ഷേക്സ്പിയറിന്റെ ജീവിതമത്രേ. ആന്റണി ആന്‍ഡ്കിയോപാട്ര, ഹാംലറ്റ്, ജൂലിയസ് സീസര്‍ തുടങ്ങിയ കൃതികള്‍ എഴുതിയത് ഷേക്സ്പിയര് അല്ലെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു സാഹിത്യപ്രേമിക്കും ഉള്ളിലൊരു വേദന തോന്നാതിരിക്കില്ല. 1616 ഏപ്രില്‍ 23 നാണ് ഷേക്സ്പിയര് മരിച്ചത്. നാനൂറു വര്‍ഷങ്ങള്‍ തികയാന്‍ ഇനി നാലു വര്‍ഷം ബാക്കി.
ഇംഗ്ലണ്ടിലെ വാര്‍വിക്ഷയര്‍ സ്ട്രാറ്റ്ഫോര്‍ഡിലെ അപ്പോണ്‍ ഏവോണിലാണ് ഷേക്സ്പിയറിന്റെ വസതി. പുരാതന വാസ്തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ ഈ വീടിന്റെ അകത്തളങ്ങളിലിരുന്നാണ് ഷേക്സ്പിയര് രചന നിര്‍വഹിച്ചിരുന്നതത്രേ. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഷേക്സ്പിയറിന്റെ രചനകള്‍ ഉദാത്തമായ അവസ്ഥയിലെത്തുന്നത്. അടുത്ത എട്ടുവര്‍ഷം ഷേക്സ്പിയര് എഴുതിക്കൂട്ടിയത് ലോകത്തെ പിടിച്ചു കുലുക്കാന്‍ പോകുന്ന സാഹിത്യകൃതികളായിരുന്നു. എഴുതിയ കാലത്ത് എല്ലാവരാലും തമസ്ക്കരിക്കപ്പെട്ട കൃതികള്‍ കൂടിയായിരുന്നു ഇതെന്നു ഓര്‍ക്കണം. ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയര്‍, മാക്ബത്ത്, ആന്റണി ആന്റ് ക്ലിയോപാട്ര, കൊറിയോലനസ് എന്നിവയുടെ രചനാകാലമാണിത്.
എന്തായാലും, എഴുത്തില്‍ നിന്നു മാത്രമായിരുന്നില്ല അദ്ദേഹത്തിനു വരുമാനം എന്നു തീര്‍ച്ച. കാരണം, മരണസമയത്തും ഷേക്സ്പിയര് ധനികനായിരുന്നു. വലിയ എസ്റ്റേറ്റ്, മണിമാളിക, കുതിരാലയം എന്നിവയൊക്കെ ഷേക്സ്പിയറിനു സ്വന്തമായുണ്ടായിരുന്നു. പ്രഭുക്കന്മാര്ക്ക് മാത്രം സാധിച്ചിരുന്ന എണ്ണഛായചിത്രത്തിനു മുന്നിലും അദ്ദേഹം ഇരുന്നു കൊടുത്തിട്ടുണ്ട്. ലണ്ടനിലെ നാഷണല്‍ പൊര്‍ട്രേയ്റ്റ് ഗാലറിയില്‍ ഷേക്സ്പിയറിന്റേതെന്ന് കരുതുന്ന ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
മൂത്ത മകളായ സൂസന്നയുടെ ആദ്യമകനാണ് എസ്റ്റേറ്റിന്റെ ഏറിയപങ്കും വില്പത്രത്തില് ഷേക്സ്പിയര് എഴുതിവച്ചത്. എന്നാല്‍ സൂസന്നയ്ക്ക് ഉണ്ടായത് ഒരു മകളാണ്. പേര് എലിസബത്ത്. ഈ എലിസബത്തിനാവട്ടെ മക്കള്‍ ഉണ്ടായതേയില്ല. അങ്ങനെ അന്യാധീനപ്പെട്ടു പോകാനായിരുന്നു ഷേക്സ്പിയറിന്റെ എസ്റ്റേറ്റിന്റെ വിധി. ഭാര്യയായ ആനിന് തന്റെ രണ്ടാമത്തെ മികച്ച കട്ടില് മാത്രമാണ് ഷേക്സ്പിയര് എഴുതി വച്ചത്. എന്നാല്‍, എസ്റ്റേറ്റിന്റെ മൂന്നിലൊന്നിന് നിയമാനുസൃതമായുണ്ടായിരുന്ന അവകാശം കൊണ്ട് ആഭിജാത്യത്തോടെ അവര്‍ക്ക് മരണം വരെയും ജീവിക്കാന്‍ പറ്റി.
സ്ട്രാറ്റ്ഫോര്‍ഡിലായിരുന്നുവെങ്കിലും ഷേക്സ്പിയര് ഇടക്കിടെ ലണ്ടന്‍ സന്ദര്‍ശിച്ചിരുന്നു.1613 മാര്‍ച്ചില്‍ ബ്ലാക്ക്ഫ്രയേര്‍സില്‍ ഒരു ഗസ്തൗസ് വാങ്ങുകയും 1614 നവംബറില്‍ അദ്ദേഹത്തിന്റെ മരുമകനായ ജോണ്‍ ഹാളിനൊപ്പം ലണ്ടന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവത്രേ. 1616 ഏപ്രില്‍ 23-നാണ് ഷേക്സ്പിയര് മരിക്കുന്നത്. ഇത് യഥാര്‍ത്ഥ ഷേക്സ്പിയര് തന്നെയാണോ എന്നതിനെക്കുറിച്ച് തര്‍ക്കം നടക്കുന്നവേളയില്‍ വിവിധ അന്വേഷണങ്ങള്‍ ഇന്നും നടക്കുന്നു. എന്തായാലും സ്ട്രാറ്റ്ഫോഡിലെ മാത്രമല്ല, ലോകത്തിലെതന്നെ സാഹിത്യത്തമ്പുരാനാണ് ഈ മഹത്വ്യക്തി എന്നതിന് ഇവിടം സന്ദര്‍ശിക്കുന്ന ആയിരങ്ങള്‍ തന്നെ തെളിവ്.
സ്ട്രാറ്റ്ഫോര്‍ഡിലെ ശവകുടീരത്തില്‍ നിന്നൊരൂ പൂമ്പാറ്റ പറന്നുപോകവേ ഏറ്റവും അടിയിലായി നിലകൊള്ളുന്ന ആമേന്‍ എന്ന വാചകം കണ്ണില്‍പ്പെട്ടു. രഹസ്യങ്ങളുടെ ഭണ്ഡാരം പോലെ തോന്നിപ്പിക്കുന്ന കല്ലറയ്ക്കു മുന്നില്‍ നില്ക്കവേ, കല്ലറയ്ക്കുള്ളില്‍ മറ്റൊരു മാക്ബത്താണ് ഉറങ്ങുന്നതെന്നു തോന്നി, ഞാന്‍ ധന്യതയോടെ കണ്ണുകളടച്ചു.
കാരൂര്‍ സോമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: