ആലുവ: അനധികൃതമായി ആസ്ട്രേലിയയിലേക്ക് കടക്കാനെത്തിയ പത്ത് ശ്രീലങ്കന്‍ വംശജര്‍ പിടിയിലായി. ആലുവ അമ്പിളിലോഡ് ജില് നിന്നാണ് വ്യാഴാഴ്ച രാത്രി എസ്ഐ പി.ഐ. ഫൈസലിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ഇവരില്‍ 17 വയസുള്ള ഒരാളും ഉള്‍പ്പെടുന്നു. ഇവരെ ഇന്നലെ വൈകിട്ട് ആലുവ കോടതിയില്‍ ഹാജരാക്കി.
സേലം, ഈറോഡ്, മധുര, വില്‍പുരം തുടങ്ങിയിടങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ചിരുന്നവരാണ് ഇവരെല്ലാം. പ്രകാശന് (19), കപില്സണ് (19), പ്രേമാനന്ദ് (21), വിജയ് (17), മദന്‍ (32), തിരുശെല്‍വം (43), കതിര്വാനനാഥന് (42), ചന്ദ്രകരന് (33), പ്രദീപ് (18), തമിഴ്ശെല്‍വം (34) എന്നിവരാണ് പിടിയിലായത്.
തമിഴ് സംസാരിക്കുന്ന രമേശ് എന്നൊരാളാണ് ഇവരെ ആസ്ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ ആലുവയില്‍ എത്തിച്ചതെന്നറിയുന്നു. ആസ്ട്രേലിയയില്‍ എത്തിപ്പെട്ടാല്‍ ക്രമേണ അവിടത്തെ പൗരത്വം സ്വീകരിച്ച് സുഖമായി ജീവിക്കാമെന്നാണ് രമേശന് ഉറപ്പുനല്കയിരുന്നതത്രെ. പെയിന്റിംഗ് ഉള്‍പ്പെടെ ചില ജോലികള്‍ മാത്രമാണ് ഇവരില്‍ പലര്‍ക്കും അറിയാവുന്നത്. ഇവരില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപയും അഞ്ച് മൊബെയില്‍ ഫോണുകളും പിടിച്ചെടുത്തു. രമേശിന്റെ മൊബെയില്‍ ഫോണ്‍ നമ്പര്‍ ലഭിച്ചുവെങ്കിലും ഇവര്‍ പിടിയിലായത് മനസിലാക്കി ഇയാള്‍ മൊബെയില്‍ ഫോണ്‍ ഓഫാക്കി. പിടിച്ചെടുത്ത മൊബെയില്‍ ഫോണുകളെല്ലാം സൈബര്‍ സെല്ലിന് കൈമാറി.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇവരെ ആലുവയില്‍നിന്നും കൊണ്ടുപോകാന്‍ ഏജന്റായ രമേശ് എത്തുമെന്ന് അറിയിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍നിന്നും ഇവരെ പിടികൂടിയത്. ചോദ്യംചെയ്യാന്‍ തമിഴ്നാട്ടില്‍നിന്നും ക്രൈംബ്രാഞ്ച് പോലീസും എത്തും. എല്ലാവരും തമിഴ്നാട്ടിലെ അഭയാര്‍ഥിക്യാമ്പില്‍ നിന്നും ചാടിപ്പോന്നവരാണ്.
മറ്റാരെയെങ്കിലും ആസ്ട്രേലിയയിലേക്ക് കടത്താന്‍ എത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍നിന്നും ബോട്ടുമാര്‍ഗം ഇവരെ കൊണ്ടുപോകുമെന്നാണ് ഏജന്റ് അറിയിച്ചിരുന്നത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കൂടുതല്‍ നിരീക്ഷണം നടത്തുന്നതിന് തീരസംരക്ഷണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയം തോന്നുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: