കൊച്ചി: മെട്രോ റെയില്‍ പദ്ധതിയില്‍ വിവിധ സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിര്‍ണയ ചര്‍ച്ച തുടങ്ങി. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി പ്രാഥമികമായി നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ഇടപ്പള്ളി ഹൈസ്ക്കൂള്, കലൂര്‍ ബസ് സ്റ്റാന്റ്, തൈക്കൂടം, പേട്ട സ്റ്റേഷനുകളുടെയും ശീമാട്ടി കോറിഡോറിന്റെയും വില നിര്‍ണയിക്കുന്നതിനുള്ള ചര്‍ച്ചയാണ് ഇന്നലെ നടന്നത്. മെട്രോ ഡപ്യൂട്ടി കളക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതരും സ്ഥലമുടമകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇടപ്പള്ളി ഹൈസ്ക്കൂള് ജംഗ്ഷനില്‍ 8.5 സെന്റും കലൂര്‍ സ്റ്റാന്റില്‍ 2.4 സെന്റും എളംകുളത്ത് 2.64 സെന്റുമാണ് ഏറ്റെടുക്കുന്നത്. തൈക്കൂടത്ത് 1.17 ഏക്കറും പേട്ടയില്‍ 1.37 ഏക്കറും ഏറ്റെടുക്കാനാണ് വിജ്ഞാപനം. ശീമാട്ടി കോറിഡോറിനായി 27 സെന്റും ഏറ്റെടുക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് സ്ഥലം ഡി.എം.ആര്.സിക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. പത്തടിപ്പാലം, ആലുവ ബൈപ്പാസ്, കമ്പനിപ്പടി, അപ്പോളോ ടയേഴ്സ്, ഇടപ്പള്ളി കവല, പുളിഞ്ചോട്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മാധവഫാര്‍മസി, മഹാരാജാസ് കോളേജ് എന്നീ പത്ത് സ്റ്റേഷനുകളുടെ അലൈന്മെന്റ് നിര്‍ണയം പൂര്‍ത്തിയാക്കി സ്ഥലം ഏറ്റെടുക്കലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ബാനര്‍ജി റോഡ്, എം.ജി റോഡ്, സൗത്ത് റെയില്‍വെ സ്റ്റേഷന് റോഡ് എന്നിവയുടെ വീതി വര്‍ധിപ്പിക്കുന്നതിനും നോര്‍ത്ത്, സലിം രാജന് റോഡ് റെയില്‍വെ മേല്‍പ്പാലങ്ങള്‍, ഫുട് ഓവര്‍ബ്രിഡ്ജ്, മുട്ടം മെട്രോ യാര്‍ഡ് എന്നിവയ്ക്കുമുള്ള സ്ഥലം ഏറ്റെടുത്ത് കെ.എം.ആര്.എല്‍ മുഖേന ഡി.എം.ആര്.സിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികളുടെ അന്തിമഘട്ടത്തിലേക്ക് ജില്ല ഭരണകൂടം കടന്നിരിക്കുന്നത്.
സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില സംബന്ധിച്ച് ഉടമകളുമായി ധാരണയിലെത്തിയാല്‍ 80 ശതമാനം തുക നല്കി ഉടന്‍ ഏറ്റെടുക്കും. ബാക്കി തുക സംസ്ഥാന ഉന്നതതല സമിതിയുടെ തീരുമാനത്തിന് വിധേയമായി കൈമാറും. പൊളിക്കേണ്ടി വരുന്ന കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഉടമകളുമായി ചര്‍ച്ചയില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരമുള്ള നടപടികളിലൂടെയാകും സ്ഥലം ഏറ്റെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: