കൊച്ചി: കൊച്ചിയിലെ പൊള്ളുന്ന വെയില് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല. അപ്പോള്‍ നിര്‍മാണ തൊഴിലാളികളുടെ കാര്യം പറയാനുണ്ടോ . കനത്ത ചൂട് വക വെയ്ക്കാതെ ഉച്ചയ്ക്കും നഗരത്തില്‍ തിരക്കിന് ഒരു കുറവും ഇല്ല. എന്നാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തില്‍ ഇത് ബാധകമല്ല എന്നതിന് തെളിവാണ് സ്റ്റേഡിയം ലിങ്ക് റോഡില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
നിര്‍മ്മാണ മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടന്നത് അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ചെറുതും വലുതും ആയി 7 ഓളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വിശ്രമസമയം അനുവദിക്കാതെ പ്രവര്‍ത്തിക്കുന്നത്. വന്‍കിട നിര്‍മ്മാണ കമ്പനികള്‍ അടക്കമുള്ളവയാണ് തൊഴിലാളികളെ വെയിലത്ത് പൊരിക്കുന്നത്.
രാവിലെ 8 മണിക്ക് ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ രാവിലെ 9.30നും ഭക്ഷണത്തിന് ഉച്ചയ്ക്ക് 1 മണി ക്ക് ശേഷം ഊണ് കഴിക്കുന്നതിനും ചെറിയ ഒരു മയക്കത്തിന്നും ശേഷം 2 മണിക്ക് തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കുന്നു. വൈകിട്ട് 6.30 വരെ ഇവര്‍ ജോലി യില്‍ തുടരുന്നു. ഇടയ്ക്ക് 3.30ന് ചായ കുടിക്കാന്‍ തൊഴിലാളികള്‍ ഇറങ്ങാറുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇതില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇവരാണ് നിര്‍മാണ സാമഗ്രികള്‍ മുകളിലേക്ക് കൊണ്ടുപോകുന്നത് .
ഇത് ശ്രദ്ധിക്കാന്‍ തൊഴില്‍ വകുപ്പോ ആരോഗ്യ വകുപ്പോ ഒരു നടപടികയും സ്വീകരിച്ചിട്ടില്ല. വഴിയോരങ്ങളിലെ കാനകള്‍ വൃത്തിയാക്കുന്ന തമിഴ് തൊഴിലാളികളുടെ അവസ്ഥയും ഇത് തന്നെ. നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന കമ്പനികളിലെ തൊഴിലാളികളെ നിയമിക്കുന്നത് സ്വകാര്യ കമ്പനികള്‍ ആണെങ്കില്‍ കാന വൃത്തി ആക്കുന്ന തൊഴിലാളികളെ നിയമിക്കുന്നത് കോര്പ്പറേഷന് കരാറുകാരായിരിക്കും. എറണാകുളം നഗരത്തില്‍ കഴിഞ്ഞ ആഴ്ച ഒരു ഓട്ടോ തൊഴിലാളി മരിക്കാനിടയായത് ചൂടിന്റെ ആധിക്യം കാരണം ആണെന്നത് അധികൃതര്‍ ഓര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: